Connect with us

Kerala

പ്രധാനമന്ത്രിക്ക് എതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയെന്നും ഗാന്ധി നഗറിലെ മോദിയുടെ ഭൂമിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. 2014ലെ തിരഞ്ഞെടുപ്പില്‍ സത്യവാങ്മൂലത്തില്‍ നരേന്ദ്രമോദി വെളിപ്പെടുത്തിയ ഭൂമിയെ ചൊല്ലിയാണ് വിവാദം.

ഗാന്ധിനഗര്‍ സെക്ടര്‍ ഒന്നില്‍ പ്ലോട്ട് നമ്പര്‍ 401 എയുടെ നാല് ഉടമകളില്‍ ഒരാള്‍ താനെന്നായിരുന്നു മോദി രേഖപ്പെടുത്തിയത്. മറ്റൊരു ഉടമ അരുണ്‍ ജയ്റ്റ്‌ലിയാണ്. 2006ല്‍ രാജ്യസഭയിലേക്ക് മത്സരിക്കവേ അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത് വെളിപ്പെടുത്തിയിരുന്നു. എന്നാലിത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2000ത്തിനുശേഷം ആര്‍ക്കും ഗാന്ധിനഗറില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് 2012ല്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമി മോദിയുടെ പേരിലായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസും വിഷയം ഏറ്റെടുത്തിരിക്കുന്നത്.

2007 ലെ തെരഞ്ഞെടുപ്പില്‍ മോദി നല്‍കിയ സത്യവാങ്മൂലത്തില്‍ മറ്റൊരു ഭൂമിയുടെ കാര്യവും രേഖപ്പെടുത്തിയിരുന്നു. ഗാന്ധിനഗറിലെ സെക്ടര്‍ ഒന്നില്‍ 411 നമ്പര്‍ ഭൂമിയുടെ ഉടമസ്ഥതയാണ് മോദി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ 2012 ലും 2014 ലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ ഭൂമിയുടെ വിവരമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാരാണസിയില്‍ ഈ മാസം 26ന് മോദി പത്രിക നല്‍കാനിരിക്കെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.