Connect with us

Kozhikode

ദേശാഭിമാനത്തിന്റെ വീരഗാഥ

Published

|

Last Updated

വൈദേശികാധിപത്യത്തിൽ നിന്ന് കേരളക്കരയെ ഒരു നൂറ്റാണ്ട് കാലം പ്രതിരോധിച്ച ധീര ദേശാഭിമാനികളാണ് കുഞ്ഞാലി മരക്കാർമാർ. സാമൂതിരി രാജാക്കന്മാരോട് ചേർന്ന് സാമുദായിക സൗഹാർദത്തിന്റെ കൈത്തിരി ഉയർത്തിയവർ, മലയാള ഭൂമികയുടെ പൈതൃകം കാത്തവർ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള ഈ ധീര യോദ്ധാക്കളെ ചരിത്രം വിസ്മരിക്കുകയാണോ? വടകരയിൽ നിന്ന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് വഴി എട്ട് കിലോമീറ്ററിനുള്ളിലാണ് കോട്ടക്കൽ കുഞ്ഞാലി മരക്കാറുടെ ഭവനം. പിറന്ന മണ്ണിന്റെ അഭിമാന സംരക്ഷണത്തിനായി പോർച്ചുഗീസ് അധിനിവേശ ശക്തികൾക്കെതിരെ കടൽ യുദ്ധം നയിച്ച ധീരനായ പോരാളികളാണ് കുഞ്ഞാലി മരക്കാർമാർ.

കൊച്ചിയിലെ പ്രമുഖ സമുദ്ര വ്യാപാരിയായിരുന്നു മമ്മാലി. ഇദ്ദേഹത്തിന്റെ താവഴിയിലെ മുഹമ്മദാണ് ആദ്യത്തെ കുഞ്ഞാലി മരക്കാർ. മമ്മാലിയുടെ കച്ചവടശാലകളും കപ്പലുകളും മറ്റും പറങ്കികൾ കൊള്ളയടിച്ച് മുച്ചൂടും തകർത്തപ്പോൾ കുടുംബസമേതം പൊന്നാനിയിലേക്ക് അഭയം തേടുകയായിരുന്നു. കൊടുങ്ങല്ലൂരിൽ വെച്ചുണ്ടായ പോർച്ചുഗീസ് ആക്രമണത്തിൽ മമ്മാലി കൊല്ലപ്പെട്ടു. തുടർന്ന്, മുഹമ്മദ് കുഞ്ഞാലി ഒന്നാമൻ പറങ്കികൾക്കെതിരെ പോരാടണമെന്ന അടങ്ങാത്ത മോഹവുമായി പൊന്നാനിയിലെ മുസ്‌ലിം ചെറുപ്പക്കാരെയും മറ്റും സംഘടിപ്പിച്ച് അഭ്യാസമുറകളും ഒളിപ്പോർ പരിശീലനവും ഗറില്ലാ യുദ്ധതന്ത്രങ്ങളും പരിശീലിപ്പിച്ച് സുശക്തമായ പോരാട്ടത്തിന് തയ്യാറെടുത്തു വരുന്ന കാലത്താണ് കൊച്ചി രാജവംശത്തിൽ ആഭ്യന്തര കുഴപ്പങ്ങൾ തുടങ്ങുന്നത്. കൊച്ചിയിലെ ഇളയ താവഴിയിലെ രാജാവിനെതിരെ മൂത്ത താവഴി രാജാവ് നടത്തിയ കൊട്ടാര വിപ്ലവമായിരുന്നു തുടക്കം. മുത്ത താവഴി കോഴിക്കോട് സാമൂതിരിയോട് സഹായമഭ്യർഥിച്ചു. ഈ സന്ദർഭത്തിലാണ് മരക്കാർ സാമൂതിരിയെ മുഖം കാണിച്ച് കൊച്ചിയിലെ പറങ്കികൾക്കെതിരെ പോരാട്ടത്തിന് സന്നദ്ധതയറിയിച്ചത്.
പോർച്ചുഗീസുകാരെ ഭാരതത്തിന്റെ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത മുഹമ്മദിന്റെയും സംഘത്തിന്റെയും പോരാട്ടവീര്യം മനസ്സിലാക്കിയ സാമൂതിരി അദ്ദേഹത്തെ നാവിക സേനയുടെ തലവനായി നിയമിച്ചു. “കുഞ്ഞാലി മരക്കാർ” എന്ന സ്ഥാനപ്പേരും നൽകി. ഔദ്യോഗിക ചിഹ്നമായ പട്ടുതൂവാല കെട്ടാനുള്ള അവകാശവും നൽകി. “കുഞ്ഞാലി” എന്നാൽ പ്രിയപ്പെട്ട അലി. സംഘ കൃതികളിൽ കപ്പലിന് “മരക്കലം” എന്നും മരക്കാർ എന്നാൽ മരക്കലത്തിന്റെ സാരഥി അഥവാ കപ്പിത്താൻ എന്നുമാണ്. മരക്കാർമാരുടെ ജന്മദേശത്തെ പറ്റി ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇവർ അരയന്മാരാണെന്നും കൊയിലാണ്ടി കൊല്ലം പന്തലായനിക്കാരാണെന്നും കൊച്ചിയിലെ കൊച്ചങ്ങാടിയിലാണെന്നും പറയപ്പെടുന്നുണ്ട്. ഇവരുടെ കാലഘട്ടങ്ങളെയും കൃത്യമായി നിർണയിച്ച് കാണുന്നില്ല. മരക്കാർ ഒന്നാമന് ശേഷം രണ്ടാമനും മൂന്നാമനുമെല്ലാം സാമൂതിരിയുടെ നാവിക സേനാ തലവന്മാരും പറങ്കികളെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിലുമായിരുന്നു. മൂന്നാമന്റെ മരണശേഷം നാലാമനായി സഹോദരീ പുത്രൻ മുഹമ്മദലി മരക്കാർ നാവിക സേനയുടെ സൈന്യാധിപനായി.

പോർച്ചുഗീസുകാരുടെ ചാലിയം കോട്ട തകർത്തതിന് പ്രത്യുപകാരമായി കുഞ്ഞാലി മൂന്നാമന്, സാമൂതിരി രാജാവ് നിർമാണാനുമതി നൽകിയ ഇരിങ്ങലിലെ കോട്ട മുഹമ്മദാലി കുഞ്ഞാലിയാണ് വികസിപ്പിച്ച് പൂർത്തിയാക്കിയത്. തുർക്കി, ഈജിപ്ത് തുടങ്ങിയ വിദൂര രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ കോട്ട നിർമാണത്തിൽ പങ്കുകൊണ്ടു. മുഗൾ കൊട്ടാരത്തിൽ നിന്നു പോലും ശിൽപ്പികൾ വന്നു. കോട്ടക്ക് സമീപം “പുതുപട്ടണം” എന്ന പേരിൽ പട്ടണവും രൂപപ്പെട്ടു. 1584ൽ പുതിയ വ്യാപാര വാഗ്ദാനങ്ങളുമായി പോർച്ചുഗീസുകാർ വീണ്ടും സാമൂതിരിയെ സമീപിച്ചു. പൊന്നാനിയിൽ വീണ്ടും വ്യാപാരശാല കെട്ടാനുള്ള അനുമതിയും നേടിയെടുത്തു. ഇത് കുഞ്ഞാലിക്ക് വളരെയേറെ വേദനയും നിരാശയുമുണ്ടാക്കി. മറ്റെല്ലാം മറന്ന് വ്യാപാര താത്പര്യവും ലാഭവും മാത്രം ലക്ഷ്യം വെച്ചുള്ള സാമൂതിരിയുടെ നിലപാട് കുഞ്ഞാലി നാലാമന്റെ എതിർപ്പിനിടയാക്കി. കുഞ്ഞാലിയുടെ പ്രമാണിത്തം വർധിച്ചുവരുന്നതിൽ സാമൂതിരിക്കും ഇഷ്ടക്കേടുണ്ടായിരുന്നു. ഈ തക്കം മുതലെടുത്ത് ഭിന്നിപ്പിച്ച് നേടുക എന്ന കുതന്ത്രവുമായി കുഞ്ഞാലിയെ കെണിയിൽ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ പോർച്ചുഗീസ് ഉദ്യോഗസ്ഥരും ഗോവയിലെ അന്നത്തെ വൈസ്രോയിയും ഗൂഢാലോചന നടത്തി. കുഞ്ഞാലിയുടെ കോട്ട ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനു വേണ്ടി സാമൂതിരിയുടെ നായർ പ്രമാണിമാരിൽ ചിലരെ സ്വാധീനിക്കാനും കുഞ്ഞാലിക്കെതിരെ തിരിച്ചുവിടാനും ഇവർക്ക് കഴിഞ്ഞു. കാർത്ത എന്ന വരക്കൽ അടിയോടിയും മറ്റും ഈ ഗൂഢാലോചനയിൽ പങ്കുകൊണ്ടു.

കുഞ്ഞാലിയും സൈന്യവും സ്വന്തമായി ഒരു നാടുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇവർ സാമൂതിരിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനിടയിൽ സാമൂതിരിയുടെ ഒരു ആനയുടെ വാല് കുഞ്ഞാലിയുടെ ആൾക്കാർ മുറിച്ചു കളഞ്ഞത് അവഹേളനമായാണ് രാജാവ് കണ്ടത്. ഒടുവിൽ പോർച്ചുഗീസുകാരും സാമൂതിരിയും ചേർന്ന് കുഞ്ഞാലിയെ ആക്രമിക്കാനും കോട്ട വളയാനും തീരുമാനിച്ചു. രാജാവിനെതിരെ താൻ നീങ്ങുന്നുവെന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഭിന്നിപ്പിക്കാനുള്ള കുതന്ത്രമാണെന്നും ഈ കെണിയിൽ വീഴരുതെന്നും കുഞ്ഞാലി ദൂതൻ മുഖേനെ രാജാവിനെ അറിയിച്ചെങ്കിലും, പോർച്ചുഗീസുകാരുടെയും കൊട്ടാര ഉപജാപകവൃന്ദത്തിന്റെയും പാർശ്വവർത്തികളുടെയും വലയിൽ സാമൂതിരി അകപ്പെടുകയായിരുന്നു.
കുഞ്ഞാലിക്കെതിരെയുള്ള സാമൂതിരിയുടെ ഈ നീക്കത്തെ അംഗീകരിക്കാത്ത അനേകം നായർ മുഖ്യന്മാരും കൊട്ടാര ഉദ്യോഗസ്ഥരും അന്നുണ്ടായിരുന്നു. സാമൂതിരിയുടെ പ്രധാനമന്ത്രിയായ “മങ്ങാട്ടച്ചൻ” അവരിൽ പ്രമുഖനായിരുന്നെന്നും പറയപ്പെടുന്നുണ്ട്. ഇതേ തുടർന്ന് യുദ്ധം ആരംഭിച്ചപ്പോൾ പോർച്ചുഗീസുകാരും സാമൂതിരി രാജാവും പരാജയപ്പെട്ടു. തുടർന്ന് പോർച്ചുഗീസ് നാവികനായ പുർത്തഡോ പോർച്ചുഗലിൽ നിന്നും ധാരാളം യുദ്ധ വിദഗ്ധരെ കൊണ്ടുവരികയും രണ്ടായിരത്തിലേറെ നായർ പടയാളികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. രണ്ടാം ഘട്ട യുദ്ധം ആരംഭിച്ചപ്പോൾ കോട്ടയിലേക്കുള്ള ശുദ്ധജലം, ഭക്ഷണം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളെല്ലാം പോർച്ചുഗീസുകാർ തടസ്സപ്പെടുത്തി. കുഞ്ഞാലിയും കൂട്ടരും കോട്ടക്കകത്ത് പൂർണമായും ഒറ്റപ്പെട്ട സമയത്താണ് സാമൂതിരിയുടെ ദൂതന്മാർ കുഞ്ഞാലിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടത്. ആദ്യമൊന്നും വഴങ്ങാൻ തയ്യാറാകാതിരുന്ന കുഞ്ഞാലി തന്റെ യജമാനനായ സാമൂതിരിയുടെ മുന്നിൽ മാത്രമേ കീഴടങ്ങുകയുള്ളൂവെന്ന് അറിയിച്ചു. ജീവൻ രക്ഷിക്കാമെന്ന സാമൂതിരിയുടെ ഉറപ്പിന്മേൽ മരക്കാർ കീഴടങ്ങുകയായിരുന്നു. കീഴടങ്ങുന്ന സമയം കോട്ടയുടെ പടിഞ്ഞാറ് വശത്ത് സാമൂതിരിയുടെ നൂറുകണക്കിന് സൈന്യവും എതിർഭാഗത്ത് പുർത്തഡോയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസുകാരും അണിനിരന്നു. കോട്ടയുടെ കവാടം തുറന്നപ്പോൾ നൂറുകണക്കിന് ആൾക്കാരും ഭക്ഷണവും വെള്ളവും ലഭിക്കാതെ രോഗികൾ ആയവരും പുറത്തേക്ക് വരുന്ന കാഴ്ചയാണുണ്ടായത്. ദയനീയ കാഴ്ച കണ്ട് സാമൂതിരി രാജാവിന് മനഃപ്രയാസമുണ്ടായി. ഇവരോട് എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ സാമൂതിരി ആവശ്യപ്പെട്ട പ്രകാരം അവർ പല വഴികളിലേക്കും പലായനം ചെയ്തു. പിന്നീട് കുഞ്ഞാലി മരക്കാർ തന്റെ ഉടവാൾ ഉയർത്തിപ്പിടിച്ച് സാമൂതിരിയുടെ കാൽക്കൽ സമർപ്പിച്ചു. സാമൂതിരിയുടെ ഉദ്യോഗസ്ഥർ കുഞ്ഞാലി കീഴടങ്ങിയതായി വിളിച്ചു പറഞ്ഞു. നിരായുധനായ കുഞ്ഞാലിയെ ആ സമയം പുർത്തഡോ കടന്നു പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോർച്ചുഗീസ് സൈന്യം പിടിച്ചു കെട്ടി കപ്പലിലേക്ക് കയറ്റുകയായിരുന്നു. കോട്ട പീരങ്കി കൊണ്ടും തീവെച്ചും പൂർണമായും നശിപ്പിച്ച ശേഷം കുഞ്ഞാലിയെയും നാൽപ്പതോളം പേരെയും പോർച്ചുഗീസുകാർ ഗോവയിൽ കൊണ്ടുപോയി വധിച്ചു. ആ ധീരനായ പോരാളിയുടെ ഭൗതികശരീരത്തോട് പോലും അവർ ക്രൂരത കാട്ടി. ചലനമറ്റ ശരീരം കൊത്തിനുറുക്കി ഗോവയിലെ കടപ്പുറത്ത് പ്രദർശിപ്പിച്ചു. കുഞ്ഞാലിയുടെ തല ഉപ്പിലിട്ട് കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ പ്രദർശിപ്പിച്ചു. ഒരു നൂറ്റാണ്ടിലേറെ കാലം പോർച്ചുഗീസുകാരുടെ നിഷ്ഠൂരതക്കെതിരായി സാമൂതിരി നടത്തിയ യുദ്ധങ്ങളിൽ സമസ്ത ശക്തിപ്രവാഹങ്ങൾക്കും മുഖ്യാവലംബമായിരുന്ന കുഞ്ഞാലി മരക്കാർമാരിലെ അവസാന കണ്ണിയെ, ആജന്മ ശത്രുക്കളായിരുന്ന പോർച്ചുഗീസുകാരുമായുള്ള അവിശുദ്ധവും അവസരവാദപരവുമായ സഖ്യം കൊണ്ട് നിശേഷം തകർത്ത് കളഞ്ഞത് ചരിത്രത്തിലെ ക്രൂരമായ വിരോധാഭാസമാണ്.

ഇരിങ്ങലിനടുത്ത് കോട്ട കെട്ടിയ സ്ഥലം ഇന്ന് “കോട്ടക്കൽ” എന്ന പേരിലാണ് അറിയപ്പെടുന്നത്. കടലിലെ ശത്രുനിരീക്ഷണത്തിനായി കുഞ്ഞാലി ഉപയോഗിച്ച ഇരിങ്ങൽ പാറ ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുന്നു. കരയിൽ നിന്ന് നോക്കിയാൽ ഏതാണ്ട് 14 കിലോമീറ്റർ ദൂരത്തായി കടലിൽ കാണുന്ന ഒന്നരയേക്കറോളം വൃസ്തൃതിയുള്ള “വെള്ളിയാങ്കല്ല്” കുഞ്ഞാലിയുടെ പല പോരാട്ടങ്ങൾക്കും താൽക്കാലിക ഇടത്താവളമായിരുന്നു. ഒട്ടനവധി പോരാട്ടങ്ങൾക്കും ഒരുപാട് മനുഷ്യക്കുരുതികൾക്കും മൂകസാക്ഷിയായി അതിന്നും നിലകൊള്ളുന്നു. കുഞ്ഞാലിയുടെ ഗറില്ലാ യുദ്ധ രീതി ഇന്ത്യൻ നാവിക സേനയുടെ സിലബസിൽ “കുഞ്ഞാലി തന്ത്രം” എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. നാവിക സേനയുടെ പരിശീലന കപ്പലിന് “ഐ എൻ എസ് കുഞ്ഞാലി മരക്കാർ” എന്നാണ് പേരിട്ടിരിക്കുന്നത്. ഇരിങ്ങൽ കോട്ടക്കകത്തുണ്ടായിരുന്ന കുഞ്ഞാലി മരക്കാരുടെ വീട് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച് സ്മാരകമായി സംരക്ഷിച്ച് പോരുന്നു. ഈ വീടിനോട് ചേർന്ന് പിറകുവശത്താണ് മ്യൂസിയം നിലകൊള്ളുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്‌തെടുത്ത വാളുകൾ, പീരങ്കിയുണ്ടകൾ, സാമൂതിരിയുടെ കാലത്തെ നാണയങ്ങൾ, മൺപാത്രങ്ങൾ, ഇരിങ്ങൽ കോട്ടയുടെ മാതൃക തുടങ്ങിയവ ഈ മ്യൂസിയത്തിലുണ്ട്. രാജ്യത്തെ നാവിക ചരിത്രത്തിൽ സമാനതകളില്ലാത്ത ഈ പോരാട്ട വീര്യത്തിന്റെ ഓർമക്കായി ഇന്ത്യൻ നേവി കുഞ്ഞാലി മരക്കാറുടെ ഭവനത്തിന് മുമ്പിൽ സ്മാരക സ്തൂപം നിർമിച്ചിട്ടുണ്ട്. ഇവിടെ നിന്ന് അൽപ്പം അകലെയാണ് കോട്ടക്കൽ ജുമുഅത്ത് പള്ളി നിലകൊള്ളുന്നത്. കുഞ്ഞാലി മരക്കാർ പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത സിംഹാസനം, വാൾ, തൂക്കുവിളക്ക് എന്നിവ ഇന്നും ഈ പള്ളിയിൽ സൂക്ഷിച്ച് പോരുന്നു. പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി മരിച്ച യോദ്ധാക്കളുടെ ഖബറുകളും പള്ളിക്ക് സമീപമുണ്ട്.

കണ്ണീരിന്റെയും ചോരയുടെയും കഥയുറഞ്ഞു കിടക്കുന്ന ഈ പരിസര പ്രദേശം ദേശാഭിമാനത്തിന്റെയും രാജ്യം അടിമത്തത്തിലേക്ക് വീഴാതിരിക്കാനുള്ള പ്രതിരോധത്തിന്റെയും വീരഗാഥകൾ അയവിറക്കുകയാണ്. പിറന്ന ഭൂമിയുടെ മാനം കാക്കാൻ ശിരസ്സറ്റ് വീഴും വരെയും അധിനിവേശ ശക്തികളോട് അടരാടിയ രണധീരരുടെ മണ്ണാണിത്. രാജ്യത്താദ്യമായി കരുത്തുറ്റ നാവിക സേനയെ വാർത്തെടുത്ത ഇന്ത്യൻ നാവികസേനയുടെ പൂർവ പിതാക്കളായ കുഞ്ഞാലി മരക്കാറുടെ പാദസ്പർശം കൊണ്ട് പുളകിതമായ മണ്ണ്.

രാജീവൻ പറന്പത്ത്
rajeevanic2014@gmail.com