Connect with us

Ongoing News

കൊടും ചൂട് വകവെക്കാതെ ദേശാടന പക്ഷികളെത്തി

Published

|

Last Updated

മാവൂർ പാടത്ത് വിരുന്നെത്തിയ ദേശാടന പക്ഷികൾ

മാവൂർ: കൊടും ചൂടിനിടയിലും ദേശാടന പക്ഷികൾ വിരുന്നിനെത്തി. പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും മധ്യ യൂറോപ്പിൽ നിന്നുമുള്ള ദേശാടന പക്ഷികളായ വൈറ്റ് നെക്ക്ഡ് സ്റ്റോർക്കും ബ്ലാക്ക് സ്‌റ്റോർക്കുമാണ് മാവൂരിലെ നീർത്തടത്തിൽ വിരുന്നെത്തിയത്.

ഒരു ഡസനിലേറെ വൈറ്റ് നെക്ക്ഡ് സ്റ്റോർക്കും ബ്ലാക്ക് സ്റ്റോർക്കുമാണ് മാവൂരിലെത്തിയത്. ഇവിടെ ആദ്യമായാണ് ഇത്രയധികം ദേശാടന പക്ഷികൾ ഒന്നിച്ച് വിരുന്നിനെത്തിയത്. അടിവയറും വാലും കഴുത്തും വെള്ള നിറത്തിലും ശരീരം തിളങ്ങുന്ന കറുപ്പ് നിറത്തിലുമാണ്. നാലടിയിൽ കുറയാത്ത ഉയരമാണ് ഈ പക്ഷികൾക്ക്. നീലിച്ച കവിൾ തടങ്ങളും കൊക്കും തുടുത്ത കാലുകളുമുള്ള വെറ്റ് നെക്ക്ഡ് സ്റ്റോർക്ക് കുരുവാരകുരുവെന്നും വെള്ള കഴുത്തൻ ബകം എന്ന പേരിലും അറിയപ്പെടുന്നു. വിദേശങ്ങളിൽ നിന്ന് കേരളത്തിൽ വിരുന്നു വരുന്ന ഏക ബകവും കുരുവാരക്കുരു എന്ന ദേശാടന പക്ഷിയാണ്. ബ്ലാക്ക് സ്റ്റാർക്ക് എന്ന അറിയപ്പെടുന്ന ദേശാടന പക്ഷികൾക്ക് ശബ്ദിക്കാനുള്ള ശേഷിയില്ല. ഇവ സാന്നിധ്യമറിയിക്കുന്നത് കൊക്കുകൾ തമ്മിൽ തട്ടിച്ച് ടോക്ക് ടോക് എന്ന ശബ്ദമുണ്ടാക്കിയാണ്. നീർത്തടങ്ങളിലെ മത്സ്യം, തവള, ഞണ്ട് ചെറിയ ഇഴജന്തുക്കൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. ഇവക്ക് പുറമെ കഷണ്ടി കൊക്ക്, ഓപ്പൺ ബിൽ സ്റ്റോർക്ക് എന്നി ദേശാടന പക്ഷികളും മാവൂർ നീർത്തടത്തിൽ വിരുന്നെത്തിയിട്ടുണ്ട്.