Connect with us

National

പിന്നിടുന്നത് 30 വര്‍ഷം; മുസ്‌ലിം എം പിയില്ലാതെ ഗുജറാത്ത്

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് ഒരു മുസ്‌ലിം ലോക്‌സഭയിലെത്തിയിട്ട് 30 വര്‍ഷം പിന്നിടുന്നു. 1984ല്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലാണ് സംസ്ഥാനത്ത് നിന്ന് അവസാനമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം വ്യക്തിത്വം. 1989ല്‍ ബറൂച്ച് മണ്ഡലത്തില്‍ നിന്ന് പട്ടേല്‍ വീണ്ടും ജനവിധി തേടിയെങ്കിലും ബി ജെ പിയുടെ ചാണ്ഡു ദേശ്മുഖിനോട് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സംസ്ഥാന ജനസംഖ്യയില്‍ 9.5 ശതമാനം പ്രാതിനിധ്യമുണ്ടായിട്ടും പിന്നീടൊരു മുസ്‌ലിമും ലോക്‌സഭയില്‍ എത്തിയില്ല.

1962ല്‍ നടന്ന സംസ്ഥാനത്തെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ബനാസ്‌കാന്ത മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജൊഹാറ ചാവ്ദയാണ് എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ടു മുസ്‌ലിങ്ങള്‍ ലോക്‌സഭയിലെത്തി. ബറൂച്ചില്‍ നിന്ന് അഹമ്മദ് പട്ടേലും അഹമ്മദാബാദില്‍ നിന്ന് ഇഹ്‌സാന്‍ ജഫ്രിയും. ഇതായിരുന്നു ഗുജറാത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മുസ്‌ലിം പ്രാതിനിധ്യം.