Connect with us

Kerala

ലീഗിന്റെ പച്ചക്കൊടിക്ക് വയനാട്ടില്‍ നിയന്ത്രണം: ലീഗ് നേതാവിന്റെ പേരിലുള്ള വോയ്‌സ്‌ സന്ദേശം ചര്‍ച്ചയാകുന്നു

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ യു ഡി എഫിന്റെ പ്രചാരണ പരിപാടികളില്‍ മുസ്ലിംലീഗിന്റെ പച്ചക്കൊടിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ലീഗിന്റെ കൊടി പാക്കിസ്ഥാന്റെ പതാകയെന്ന തരത്തില്‍ ഉത്തരേന്ത്യയില്‍ പ്രചാരണം നടക്കാനുള്ള സാധ്യത മുന്നില്‍കണ്ട് മണ്ഡലത്തിലെ കീഴ്കമ്മിറ്റികള്‍ക്ക് നേതൃത്വം രഹസ്യ നിര്‍ദേശം നല്‍കിയതയാണ് ആരോപണം. ഇത് സംബന്ധിച്ച് വയനാട് ജില്ലാ ലീഗ് നേതാവ് യഹ്‌യഖാന്റെ പേരിലുള്ള വോയ്‌സ്‌ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

രാഹുലിന്റെ നാളെ നടക്കുന്ന പ്രകടനപത്രിക സമർപണ ചടങ്ങിലും റോഡ് ഷോകളിലുമടക്കം കൊടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് വോയ്‌സ്‌ സന്ദേശത്തില്‍ പറയുന്നത്. “”ദേശീയ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുണ്ട്. ഉത്തരേന്ത്യയില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ബോധപൂര്‍വ്വ ശ്രമങ്ങളാണ് നടക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ക്ക് പച്ച ഫ്‌ളാഗ് വലിയ ആവേശമായിരിക്കാം. എന്നാല്‍ ലീഗിന്റെ ഹരിത പതാകയും പാക്കിസ്ഥാന്‍ മുസ്ലിംലീഗിന്റെ പതാകയും എം എസ് എഫിന്റെ പതാകയുമെല്ലം തമ്മില്‍ ഏറെ സാമ്യമുണ്ട്. അക്ഷരഭ്യാസം ഇല്ലാത്ത അനേകം കോടി വോട്ടര്‍മാരുള്ള രാജ്യമാണ് ഇന്ത്യ. മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രി രാഹുലിന്റെ പ്രകടനത്തില്‍ പാക്കിസ്ഥാന്റെ കൊടി എന്ന രീതിയില്‍ ട്വിറ്ററില്‍ ടാഗ് ചെയ്യുന്ന അവസ്ഥയാണ്. അനേകായിരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതിലൂടെ കഴിയും.””

“”ലീഗിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം അഭിമാനകരമാണ്. ലീഗിന്റെ സംഘടാന ബലത്തിലാണ് രാഹുല്‍ മത്സരിക്കാനെത്തുന്നത്. ഇത് രാഹുല്‍ ഗാന്ധിക്കും അറിയാം. തിരഞ്ഞെടുപ്പിന് ശേഷം അതിന്റെ ഗുണഫലം ലീഗിന് ലഭിക്കും. ഈ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കണം. നമ്മുടെ ആവേശകരമായ ഇടപെടല്‍ ചില സമയങ്ങളില്‍ ജനാധിപത്യ ചേരിക്ക് ക്ഷീണമുണ്ടാക്കും. പതാകയോട്‌ ഇഷ്ടമുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളില്‍ ഇത് ജനാധിപത്യ ചേരിക്ക് അപകടമുണ്ടാക്കും. ഇനിയുള്ള പത്രിക സമര്‍പ്പണത്തില്‍, കലാശക്കൊട്ടില്‍ നമ്മുടെ പതാകക്ക് നിയന്ത്രണം പാലിക്കണം. പൊതൊപ്പ് പോലെ, സാരി പോലെയുള്ള വലിയ പതാക ഒഴിവാക്കുക. കൂടുതല്‍ കൊടികള്‍ ഉപയോഗിക്കേണ്ടതില്ല.””

Read more: രാഹുലിന്റെ പരിപാടിയില്‍ മുസ്ലിം ലീഗ് പതാക ഉപയോഗിക്കുന്നതിന് വിലക്കില്ല: കെപിഎ മജീദ്

“”വിവേകത്തോട്കൂടി കുറച്ച സമയം ചിന്തിച്ചാല്‍ അപകടം നിങ്ങള്‍ക്ക് ബോധ്യമാകും. രാഹുല്‍ഗാന്ധി മത്സരിക്കുന്നത് പാക്കിസ്ഥാന്റെ പിന്തുണയോടെയാണെന്ന് പറഞ്ഞാല്‍ അത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കും. അതിനുള്ള അവസരം നമ്മള്‍ ഉണ്ടാക്കികൊടുക്കരുത്. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞാല്‍ ആഹ്ലാദ പ്രകടനത്തില്‍ ലീഗിന്റെ പാതക നിറച്ച് ഉപയോഗിക്കണം. മറ്റ് പതാകകളൊന്നും കാണാന്‍ പോലും കഴിയാത്ത വിധത്തില്‍ അന്ന് നമ്മള്‍ക്ക് ഉപയോഗിക്കാം””. തന്റെ വാക്കില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാകരുതെന്നും വോയ്‌സിലുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള വോയ്‌സിലുണ്ട് സന്ദേശം വയനാട് ജില്ലാ ലീഗ് കേന്ദ്രങ്ങള്‍ നിഷേധിക്കുകയാണ്. എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

Latest