Connect with us

Eranakulam

ശബരിമലയും തൊടാനാകില്ല; ബി ജെ പിക്കെതിരെ ട്രോൾ മഴ

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണായുധമായി കരുതി വെച്ച ശബരിമല സ്ത്രീ പ്രവേശന വിഷയവും കൈവിട്ടുപോയതോടെ ബി ജെ പിക്കെതിരെ നവ മാധ്യമങ്ങളിൽ ട്രോൾ മഴ. പ്രചാരണ വിഷയങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടതോടെ ബി ജെ പിയുടെ ആശയദാരിദ്ര്യം വ്യക്തമാക്കിയാണ് ട്രോളന്മാർ നവ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാൽ പെരുമാറ്റച്ചട്ട ലംഘനമാകുമെന്നും നടപടിയെടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങൾ പറഞ്ഞ് വോട്ട് പിടിക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി.
പാക് സൈനികരുടെ പിടിയിലാവുകയും പിന്നീട് തിരിച്ചയക്കുകയും ചെയ്ത ഇന്ത്യൻ സൈനികൻ അഭിനന്ദൻ വർധമാന്റെ ചിത്രം ബി ജെ പി നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് വിവാദമായിരുന്നു.

സൈനികരുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചാൽ നടപടി നേരിടേണ്ടിവരുമെന്ന് ബി ജെ പിയുടെ പ്രചാരണം ശ്രദ്ധയിൽപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ രാജ്യത്തെ സൈനികരുടെ സേവനങ്ങൾ ബി ജെ പി അക്കൗണ്ടിലേക്ക് മറിക്കുന്നത് ഇല്ലാതായി. ബാബരി മസ്ജിദ് വിഷയത്തിൽ മാധ്യസ്ഥ്യ ചർച്ച നടക്കുന്നതിനാൽ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചും ബി ജെ പിക്ക് പ്രചാരണം നടത്താനാകില്ല. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തിനും പൂട്ട് വീണത്.

തിരുവന്തപുരത്തും പത്തനംതിട്ടയിലും ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതുവഴി സംഘ്പരിവാർ സംഘടനകളെ ഒരു കുടക്കീഴിൽ പ്രചാരണത്തിനുപയോഗിക്കാനാകുമെന്നും ബി ജെ പി കണക്കുകൂട്ടിയിരുന്നു.

ശബരിമലയിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാടുകൾ ചർച്ച ചെയ്ത് ഹെന്ദവ സമുദായ സംഘടനകളുടെ വോട്ടുകൾ നേടിയെടുക്കാനായിരുന്നു ബി ജെ പി പ്രതീക്ഷിച്ചിരുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമായതിനാൽ പത്തനംതിട്ടയിൽ ഈ വിഷയം കൂടുതലായി ചർച്ച ചെയ്യാനായിരുന്നു നീക്കം.

അതിനിടെ, ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് നിർദേശിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബി ജെ പി രംഗത്തെത്തി. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അധികാരമില്ലെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ വാദം. ശബരിമല തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest