Connect with us

National

എത്യോപ്യയിലെ വിമാന ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ യു എന്‍ ഉദ്യോഗസ്ഥയും

Published

|

Last Updated

ന്യൂഡല്‍ഹി: എത്യോപ്യയില്‍ വിമാനം തകര്‍ന്നുവീണ് മരിച്ച നാല് ഇന്ത്യക്കാരില്‍ യു എന്‍ ഉദ്യോഗസ്ഥയും ഉള്‍പ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് യു എന്നില്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്.

യു എന്നിന്റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് ശിഖ അപകടത്തില്‍ പെട്ടത്. വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘോഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

32 രാജ്യങ്ങളില്‍ നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്ന അത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇ ടി 302 വിമാനമാണ് അപടകടത്തില്‍ പെട്ടത്. ഞായറാഴ്ച രാവിലെ ആഡിസ് അബാബയില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്കു പോകുന്നതിനിടെ ബിഷോഫ്തു നഗരത്തിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.