Connect with us

Kerala

ബി ഡി ജെ എസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

Published

|

Last Updated

തിരുവനന്തപുരം: എന്‍ ഡി എ ഘടകകക്ഷിയായ ബി ഡി ജെ എസ് പിളര്‍പ്പിലേക്കെന്ന് സൂചന. സംസ്ഥാനതലത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂനിയന്‍ ഹാളില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. എട്ട് ജില്ലകളില്‍ നിന്നുള്ള നിലവിലെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബി ഡി ജെ എസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ കുറച്ച് നാളായി തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ബി ഡി ജെ എസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് പുതിയ പാര്‍ട്ടി രൂപവത്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൊണ്ടു ചെന്നെത്തിച്ചത്.

പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ഏകാധിപത്യപരമായ നടപടികളാണ് പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് പാര്‍ട്ടി വിടുന്നവര്‍ ആരോപിക്കുന്നത്. ബി ഡി ജെ എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മ്മലനെ ഏകപക്ഷീയമായി സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് ബി ഡി ജെ എസ് ജില്ലാകമ്മിറ്റിയിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപവത്കരണം വരെ കാര്യങ്ങള്‍ എത്തിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി ജെ പി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ബി ഡി ജെ എസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി ജെ പി ഉള്‍പ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

അതിനെ തുടര്‍ന്നാണ് ബി ഡി ജെ എസ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ ചേര്‍ന്ന് സംസ്ഥാനതലത്തില്‍ തന്നെ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. പുതിയ പാര്‍ട്ടി രൂപവത്കരണ സമ്മേളനം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചൂഴാല്‍ നിര്‍മ്മലന്‍ അധ്യക്ഷത വഹിക്കും.