Connect with us

Ongoing News

വിജയത്തിലേക്ക് മടങ്ങിയെത്തി കേരളം; ജമ്മു കശ്മീരിനെ തോല്‍പ്പിച്ചത് 94 റണ്‍സിന്

Published

|

Last Updated

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി ട്വന്റി ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ തിളക്കമാര്‍ന്ന വിജയവുമായി കേരളം. 94 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് മൂന്നു ജയമായി. ആദ്യ മത്സരങ്ങളില്‍ മണിപ്പൂര്‍, ആന്ധ്രപ്രദേശ് ടീമുകളെ തോല്‍പ്പിച്ചപ്പോള്‍ ഡല്‍ഹിയോടു തോറ്റു.

ടോസ് നേടിയ ജമ്മു കശ്മീര്‍ കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഏഴു വിക്കറ്റുകളുടെ നഷ്ടത്തില്‍ 159 റണ്‍സാണ് കേരളം കുറിച്ചത്. മറുപടി ബാറ്റിംഗില്‍ മുഴുവന്‍ വിക്കറ്റുകളും ബലികഴിച്ച് 65 റണ്‍സെടുക്കാനേ ജമ്മു കശ്മീരിനു കഴിഞ്ഞുള്ളൂ.

42 പന്തില്‍ 52 റണ്‍സ് നേടിയ വിനൂപ് മനോഹരനാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും വിനൂപിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (32), വിഷ്ണു വിനോദ് (23), സല്‍മാന്‍ നിസാര്‍ (പുറത്താകാതെ 23) എന്നിവരുടെ പ്രകടനവും മുതല്‍ക്കൂട്ടായി. ഓപ്പണര്‍മാരായ അരുണ്‍ കാര്‍ത്തിക്കും (ഒന്ന്), രേഹന്‍ പ്രേമും (നാല്) വീണ്ടും നിരാശപ്പെടുത്തി.

നായകന്‍ പര്‍വേസ് റസൂലും ഇര്‍ഫാന്‍ പത്താനുമാണ് ജമ്മു കശ്മീരിനായി താരതമ്യേന ഭേദപ്പെട്ട ബൗളിംഗ് നടത്തിയത്. റസൂല്‍ നാലോവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും പത്താന്‍ നാലോവറില്‍ 32 വഴങ്ങി രണ്ടും വിക്കറ്റെടുത്തു.

3.2 ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത എസ് മിഥുന്റെ പ്രകടനമാണ് കേരള ബൗളിംഗില്‍ ശ്രദ്ധേയമായത്. വിനൂപ് മനോഹരന്‍, എം ഡി നിതീഷ് എന്നിവര്‍ രണ്ടു വീതവും സന്ദീപ് വാര്യരും ബേസില്‍ തമ്പിയും ഓരോ വിക്കറ്റു വീതവും വീഴ്ത്തി. 28 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 24 എടുത്ത ജാട്ടിന്‍ വദ്വാനാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍.

Latest