Connect with us

Editorial

വൈസ് ചാന്‍സലറുടെ കൊലവിളി

Published

|

Last Updated

യുവാക്കളിലും വിദ്യാര്‍ഥി ലോകത്തും അക്രമവും അരാജകത്വവും വളര്‍ന്നു വരികയാണ് പൊതുവെ. സമാധാനത്തിന്റെ സന്ദേശ വാഹകരായി മാറേണ്ട വിദ്യാര്‍ഥി സമൂഹത്തില്‍ അക്രമ ചിന്ത വളര്‍ന്നുവരികയാണ്. കൗമാര, യുവ പ്രായക്കാരില്‍ കുറ്റവാസന, വിദ്യാര്‍ഥികള്‍ കാരണമില്ലാതെ വീട്ടില്‍ വൈകി വരുന്നത്, മോശമായ കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കുറ്റാന്വേഷണ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത് അടുത്തിടെയാണ്. വന്‍ മോഷണമടക്കമുളള ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ സമീപ കാലത്തായി വിദ്യാര്‍ഥികളെ പിടിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയുടെ തലപ്പത്തുള്ളവര്‍ വിദ്യാര്‍ഥികളെ അക്രമത്തിനും കുറ്റകൃത്യങ്ങള്‍ക്കും പ്രേരിപ്പിച്ചാലോ?

ഉത്തര്‍പ്രദേശിലെ ഒരു സെമിനാറില്‍ പൂര്‍വാഞ്ചല്‍ വൈസ് ചാന്‍സലര്‍ രാജാറാം യാദവ് നടത്തിയ പ്രസംഗം അധ്യാപക ലോകത്തിന് നാണക്കേടാണ്. “ആരെങ്കിലുമായി വഴക്കോ അടിപിടിയോ ഉണ്ടായാല്‍ നിങ്ങള്‍ തോറ്റുകൊടുക്കരുത്. കരഞ്ഞുകൊണ്ട് എന്റെയടുത്ത് വന്ന് ആവലാതി പറയുകയും അരുത്. നിങ്ങള്‍ ശക്തമായി തിരിച്ചടിക്കുക. കഴിയുമെങ്കില്‍ എതിരാളിയെ കൊന്നിട്ടു വരൂ. ബാക്കി ഞങ്ങള്‍ നോക്കിക്കോളാം. ഇതായിരുന്നു വൈസ് ചാന്‍സലറുടെ ഉപദേശം. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണ് വിദ്യാര്‍ഥികളെ ഗുണ്ടായിസത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം പുറത്തുവിട്ടത്. അടുത്ത ദിവസം ആള്‍ക്കൂട്ടം ഒരു പോലീസുകാരനെ കല്ലെറിഞ്ഞു കൊന്ന ഗാസിപൂരിലെ കോളജില്‍ നടന്ന ചടങ്ങിലായിരുന്നു രാജറാം യാദവിന്റെ ഈ പ്രസംഗം. അലഹാബാദ് സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തില്‍ പ്രൊഫസറായിരുന്ന രാജാറാമിനെ കഴിഞ്ഞ വര്‍ഷമാണ് വൈസ് ചാന്‍സലറായി നിയമിച്ചത്.

കാട്ടാളനെ മനുഷ്യനാക്കി പരിവര്‍ത്തിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മം. മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. എന്നാല്‍, ഉന്നത വിദ്യാഭ്യാസം നേടി പുറത്തുവരുന്ന പുതുതലമുറ മാനുഷിക ബോധമില്ലാത്തവരും അക്രമ വാസനക്കാരുമായാണ് ഇന്ന് കാണപ്പെടുന്നത്. കൃത്യമായ ദിശാബോധമില്ലാതെ, ചെന്നെത്തേണ്ട ദൂരത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ ധാരണകളില്ലാതെയാണ് വിദ്യാര്‍ഥി ലോകം മുന്നോട്ട് നീങ്ങുന്നത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇടങ്ങളാകേണ്ട ക്യാമ്പസുകള്‍ പകയുടെയും പ്രതികാരത്തിന്റെയും വേദികളായി മാറിക്കൊണ്ടിരിക്കുകയാണ്.

വിദ്യാര്‍ഥികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതിലും വ്യക്തിത്വ വികസനത്തിലും വിദ്യാഭ്യാസത്തിനും കുടുംബത്തിനും മികച്ച പങ്കുണ്ട്. നല്ല സ്വഭാവക്കാരായി വളരുന്നതിന് ഉതകുന്നതായിരിക്കണം ക്ലാസ് മുറികളില്‍ നിന്നും മറ്റു വേദികളില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന പാഠങ്ങള്‍. മൂല്യബോധവും ധാര്‍മികതയും ദയയും കാരുണ്യവും എല്ലാം ഒത്തിണങ്ങുന്ന ഒരു സംസ്‌കാരമാണ് അധ്യാപകരും വിദ്യാഭ്യാസ അധികൃതരും വിദ്യാര്‍ഥി ലോകത്തെ പഠിപ്പിക്കേണ്ടത്. സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭയരഹിതമായ ജീവിതം ഉറപ്പു വരുത്താവുന്ന പെരുമാറ്റരീതി ശിഷ്യന്മാരില്‍ സൃഷ്ടിച്ചെടുക്കുന്നതിനാണ് അവര്‍ ശ്രമിക്കേണ്ടത്. ധാര്‍മിക സദാചാര ബോധവത്കരണത്തിനുതകുന്നതും മൂല്യാധിഷ്ഠിതവുമായിരിക്കണം വിദ്യാഭ്യാസ പ്രക്രിയയെന്ന,് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ചറിഞ്ഞ കമീഷനുകളെല്ലാം ഊന്നിപ്പറഞ്ഞതും ഈ ലക്ഷ്യത്തിലാണ്. സ്വഭാവ രൂപവത്കരണം, സഹിഷ്ണുത, ബഹുസ്വരത തുടങ്ങിയ ഗുണങ്ങള്‍ പുലര്‍ത്തുന്നതാകണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉണര്‍ത്തിയതും ശ്രദ്ധേയമാണ്. തക്ഷശിലയുടെ കാലം മുതല്‍ അതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതിനെല്ലാം കടക വിരുദ്ധവും വിദ്യാര്‍ഥികളെ കൊടുംകുറ്റവാളികളാക്കി മാറ്റുന്നതുമാണ് വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്റെ ഉപദേശം.

രാജ്യത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് പഠനങ്ങളും ഔദ്യോഗിക കണക്കുകളും കാണിക്കുന്നത്. പീഡനക്കേസുകളില്‍ 2015നെ അപേക്ഷിച്ച് 2016ല്‍ 12 ശതമാനത്തിലധികം വര്‍ധനയുണ്ടായി. 34,561 കേസുകളാണ് 2015 ല്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ ഇത് 38,947 ആയി ഉയര്‍ന്നു. കൊലപാതകങ്ങള്‍, കലാപങ്ങള്‍, മോഷണങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചു. ദുരഭിമാനക്കൊലയും പശുക്കടത്തിന്റെ പേരുപറഞ്ഞുള്ള കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട അക്രമങ്ങളും കൂടിവരികയാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരോ രണ്ട് മിനുട്ടിലും ഒരു സ്ത്രീയെങ്കിലും അതിക്രമത്തിനിരയാകുന്നു. സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും വരുന്ന കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിക്കുന്ന പ്രദര്‍ശനങ്ങള്‍ ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു.

ഇതുപോലുള്ള കുറ്റകൃത്യങ്ങളില്‍ അകപ്പെടാതെ പുതിയ തലമുറയെ സമാധാര ചിത്തരാക്കി മാറ്റാന്‍ ബാധ്യതപ്പെട്ടയാളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന വൈസ് ചാന്‍സലര്‍. അത്തരമൊരു വ്യക്തി വിദ്യാര്‍ഥികളെ ആയുധമെടുക്കാനും ആളെക്കൊല്ലാനും ആഹ്വാനം ചെയ്യുമ്പോള്‍ പിന്നെയും ഉന്നതമായൊരു വിദ്യാഭ്യാസ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ല. അധോലോക സംഘങ്ങളുടെ തലപ്പത്താണ് ഇത്തരക്കാര്‍ വാഴേണ്ടത്. ഒട്ടും താമസിയാതെ യു പി ഭരണകൂടം രാജാറാമിനെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതാണ്. കുറ്റവാസനയുള്ള ഒരു വ്യക്തിയില്‍ നിന്ന് അക്കാദമിക വൈഭവമോ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങളോ പ്രതീക്ഷിക്കാവതല്ല.

---- facebook comment plugin here -----

Latest