Connect with us

Kozhikode

മോദി ഭരണത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു: ഖാദര്‍ മൊയ്തീന്‍

Published

|

Last Updated

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര ബീച്ചില്‍ എത്തിയപ്പോള്‍ മുനവ്വറലി ശിഹാബ് തങ്ങളും സംഘവും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോഴിക്കോട്: നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതായി മുസ്‌ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷന്‍ പ്രൊഫ. കെ എ ഖാദര്‍ മൊയ്തീന്‍. കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ജില്ലാതല സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക നീതിയും സമത്വവും ഫെഡറലിസവും പരിരക്ഷിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിനെ നാം തിരിച്ച് പിടിക്കേണ്ടതുണ്ട്. മോദി ഭരണത്തില്‍ രാജ്യത്തിന്റെ അവസ്ഥ നാള്‍ക്കുനാള്‍ മോശമാവുകയാണ്. സര്‍വമേഖലയിലും തകര്‍ച്ചയാണ്. എല്ലാ വാതിലുകളുമടയുമ്പോള്‍ ജനം അഭയം കണ്ടെത്തിയിരുന്ന ജൂഡീഷ്യറിയും കുറ്റമറ്റ അന്വേഷണ ഏജന്‍സിയായിരുന്ന സി ബി ഐയുമെല്ലാം ഇന്ന് വിശ്വാസ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാറില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഇന്ത്യന്‍ യുവത അണിനിരക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് നിലകൊള്ളുന്നത് ഇന്ത്യത്വത്തിന് വേണ്ടിയാണ്. വിദ്വേഷത്തിലൂന്നിയ സംഘ്പരിവാറിന്റെ ഹിന്ദുത്വത്തിനെതിരായി നാനാത്വത്തില്‍ ഏകത്വത്തിന്റെ മഹത്വം നിറഞ്ഞ ഇന്ത്യത്വമാണ് ലീഗ് മുറുകെ പിടിക്കുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രഭരണം തൂത്തെറിയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശക്തിപകര്‍ന്ന് മുസ്‌ലിം ലീഗ് സജീവമായി രംഗത്തുണ്ടാകുമെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.

ഭരണകൂടത്തിന്റെ അനീതിക്ക് എതിരെ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് ദേശീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാറുകളില്‍ യാതൊരു പ്രതീക്ഷയുമില്ല. ജനദ്രോഹ നയങ്ങള്‍ പിന്തുടരുന്ന അവരെ താഴെയിറക്കാതെ മുസ്‌ലിം യൂത്ത്‌ലീഗിന് വിശ്രമമില്ലെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ഡി എം കെ നേതാവ് തൃച്ചിശിവ എം പി മുഖ്യാതിഥിയായി.

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി, സെക്രട്ടറി എം പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം സി മായിന്‍ ഹാജി, സി പി എം സാഹിര്‍, സി മോയിന്‍കുട്ടി സംസാരിച്ചു.

Latest