Connect with us

Sports

ഇനി ടി20 വെടിക്കെട്ട്; ഇന്ത്യ- വിന്‍ഡീസ് പോരാട്ടം അല്‍പ്പസമയത്തിനകം

Published

|

Last Updated

കൊല്‍ക്കത്ത: ടി20 ഐ സി സി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ക്രിക്കറ്റിന്റെ ഈ കുഞ്ഞന്‍ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ പൂര്‍വകാലം അത്ര സുഖമുള്ളതല്ല. മൂന്ന് കളികളുള്ള പരമ്പരയില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് വെല്ലുവിളിയാകുന്നതും ആ ചരിത്രം തന്നെയാണ്. നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യനെ പരാജയപ്പെടുത്തുക എന്ന വലിയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതിഥികള്‍ക്കെതിരെ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നേടിയ ആധികാരിക ജയങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യക്ക് എത്രത്തോളം ആത്മവിശ്വാസം പകരും എന്നു മാത്രമാണ് കണ്ടറിയാനുള്ളത്.
ഇതുവരെ വിന്‍ഡീസിനെതിരെ എട്ട് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. അഞ്ചെണ്ണത്തിലും വിജയം കൊയ്ത വിന്‍ഡീസിന് തന്നെയാണ് കണക്കില്‍ മേല്‍ക്കൈ. രണ്ട് കളികള്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്. ഒരു കളി ഉപേക്ഷിക്കുകയും ചെയ്തു. ലോക ടി20യുടെ സെമിയില്‍ വിന്‍ഡീസിനോട് തോറ്റ് പുറത്താകുകയായിരുന്നു ഇന്ത്യ. ഇന്ത്യ ആകെ 12 ടി20 പരമ്പരകള്‍ കളിച്ചിട്ടുണ്ട്. അതില്‍ ഏഴ് പരമ്പരകള്‍ നീലക്കുപ്പായക്കാര്‍ക്ക് ജയിക്കാനും കഴിഞ്ഞു. തോറ്റതില്‍ രണ്ട് പരമ്പരകളും വിന്‍ഡീസിനെതിരെയാണ്. ഒരു പരമ്പര ആസ്‌ത്രേലിയക്കെതിരെയും.
എന്നാല്‍, 2017ന് ശേഷം ഇന്ത്യയുടെ വിജയ നിരക്ക് ഏറ്റവും മികച്ച നിലയിലാണ്. കളിച്ച 26 മത്സരങ്ങളില്‍ നിന്ന് 19 ജയമുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പിറകിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ വിജയ ശതമാനം (73.08). സ്വന്തം നാട്ടില്‍ നടന്ന ടി20 മത്സരങ്ങളുടെ കണക്കെടുത്താലും ഇന്ത്യ മികച്ച നിലയില്‍ തന്നെ. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോക ടി20 മുതല്‍ സ്വന്തം മണ്ണില്‍ എട്ട് മത്സരങ്ങള്‍ ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞു. 11 കളികളില്‍ നിന്നുള്ള ഈ വിജയത്തിന്റെ ശതമാനക്കണക്ക് 72.73 വരും.

ഋഷഭ് പന്തിന് കഴിവ് തെളിയിക്കാന്‍ അവസരം
എം എസ് ധോണിയുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വിന്‍ഡീസിന് എതിരായ ടി20 പരമ്പര മുന്നോട്ടുവെക്കുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ടീം ലോകകപ്പിന് തയ്യാറെടുക്കുമ്പോള്‍ സ്വയം കഴിവ് തെളിയിച്ച് മുന്നോട്ടുവരാനുള്ള സുവര്‍ണാവസരമാണ് പന്തിന് കൈവന്നിട്ടുള്ളതെന്ന് രോഹിത് ശര്‍മ പറഞ്ഞു. മധ്യനിരയില്‍ ധോണിയുടെ സാന്നിധ്യം ഇല്ലാതാകുമ്പോള്‍ പകരം പന്തിനും ദിനേഷ് കാര്‍ത്തിക്കിനും മികച്ച അവസരമാണ് ലഭിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പായി വേണം ഈ പരമ്പരയെ കാണാനെന്നും രോഹിത് ശര്‍മ പറയുന്നു.
പരിമിതമായ താരങ്ങളുമായി ലോകകപ്പിന് ഒരുങ്ങാന്‍ സാധിക്കില്ല. മറ്റ് ഓപ്ഷനുകള്‍ തേടേണ്ടതുണ്ട്. കഴിവുള്ള കളിക്കാര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ക്ക് കൂടി വാതി ല്‍ തുറന്നുകൊടുത്ത് ടീമിന്റെ ബെ ഞ്ച് ബലം കൂട്ടേണ്ടതുണ്ടെന്നും രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു.

ക്രുണാല്‍ പാണ്ഡ്യ വീണ്ടും 12ല്‍
പന്ത്രണ്ടംഗ ടീമില്‍ ഇടംപിടിച്ച ക്രുണാല്‍ പാണ്ഡ്യക്ക് ഇന്ന് ചിലപ്പോള്‍ അന്താരാഷ്ട്ര ടി20 മത്സരത്തില്‍ അരങ്ങേറ്റം. മൂന്ന് പേസ് ബൗളര്‍മാരുമായി കളിക്കാനിറങ്ങാനായിരിക്കും ഇന്ത്യയുടെ തീരുമാനം. ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറക്കും ഒപ്പം ഖലീല്‍ അഹ്മദും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രുണാല്‍ ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങിയ ടി20 ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കളിക്കാന്‍ അവസനം ലഭിച്ചിരുന്നില്ല.

ടീം ഇന്ത്യ: രോഹിത് ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹ്മദ്, യുസ്‌വേന്ദ്ര ചാഹല്‍.
വിന്‍ഡീസ് ടീം: കാര്‍ളോസ് ബ്രത്‌വെയ്റ്റ് (നായകന്‍), ഫാബിന്‍ അലന്‍, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്‌മൈര്‍, കീമോ പോള്‍, കീരണ്‍ പൊള്ളാര്‍ഡ്, ദനേഷ് രാംദിന്‍, ആന്‍ഡ്രെ റസ്സല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ഓഷേന്‍ തോമസ്, ഖാരി പിയെറെ, ഒബെഡ് എംക്കോയ്, റോവ്മാന്‍ പവല്‍, നിക്കോളാസ് പൂറം.

Latest