Connect with us

Gulf

ഇന്ത്യ-ഖത്തര്‍ സഹകരണത്തിന് സംയുക്ത കമ്മീഷന്‍: സുഷമ സ്വരാജ്

Published

|

Last Updated

ദോഹ: ഇന്ത്യ – ഖത്തര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സംയുക്ത കമ്മീഷനെ വെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കുവൈത്തിലേക്ക് മടങ്ങും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വിദേശകാര്യ മന്ത്രിതലത്തില്‍ രൂപീകരിക്കുന്ന സമിതി വിവിധ വിഭാഗങ്ങളിലെ സഹകരണങ്ങള്‍ കൃത്യമായ ഇടവേളയില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോകെമികക്കല്‍, അടിസ്ഥാന സൗകര്യ വിവകസനം, കൃഷി, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ഖത്തറിന്റെ നിക്ഷേപം ക്ഷണിച്ചതായി സുഷമ സ്വരാജ് അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ 9.9 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. ഖത്തറിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 87 ശതമാനം അധികം രേഖപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്തു. ഖത്തറിന്റെ പുരോഗതിക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളില്‍ ഭരണാധികാരികള്‍ സംതൃപ്തി രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

ഞായറാഴ്ചയാണ് മന്ത്രി ഖത്തറില്‍ എത്തിയത്. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ അഹമ്മദ് അല്‍താനി, ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമ്മാന്‍ അല്‍താനി തുടങ്ങിയവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

Latest