Connect with us

Articles

ഡോളറിനെ പിടിച്ചുകെട്ടാനാകുമോ?

Published

|

Last Updated

അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാഴുന്ന ഇടമാണ് കമ്പോളം. സ്ഥൂല സാമ്പത്തിക സൂചകങ്ങള്‍ എന്നൊക്കെ കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങള്‍ വഴി സാമ്പത്തിക ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തുന്ന മിക്ക സംഗതികളും ചില വിശ്വാസങ്ങളാണ്. ഓഹരിക്കമ്പോളം, പണ കമ്പോളം, മൂലധന കമ്പോളം എല്ലാം ചെറു പ്രതിസന്ധിക്ക് മുന്നില്‍ തളര്‍ന്ന് പോകുന്നവയാണ്. ഒരു സെലിബ്രിറ്റിയുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായാല്‍ മതിയാകും ഓഹരി കമ്പോളം കൂപ്പുകുത്താന്‍. അങ്ങേരുടെ കമ്പനിയുടെ ഓഹരി വില ആദ്യം ഇടിയും. അതിന് പിറകേ എല്ലാ കാളകളും കൊമ്പു താഴ്ത്തും. മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കുന്നു എന്ന് പറയുന്ന ഏര്‍പ്പാടാണിത്. സത്യത്തില്‍ ഇത്തരം അനക്കങ്ങള്‍ സാമ്പത്തിക രംഗത്ത് യഥാര്‍ഥ പ്രഭാവങ്ങളൊന്നും കൊണ്ടുവരുന്നില്ല. ഓഹരിയില്‍ ഇടപെടുന്നവരുടെ മനസ്സിലാണ് ചലനമുണ്ടാകുന്നത്. അതിന് വ്യാപാര പ്രതീക്ഷ എന്നൊക്കെ സാങ്കേതികമായി പറയും.
ഡോളറിന് ഇപ്പോള്‍ ഉണ്ടെന്ന് പറയുന്ന ശക്തിയും ഇത്തരമൊരു വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഡോളറിന് സ്വര്‍ണത്തിന് സമാനമായ വിനിമയ ക്ഷമത നല്‍കിയിരിക്കുന്നത് ലോകത്താകെയുള്ള മനുഷ്യരാണ്. ഓരോ രാജ്യവും അവരുടെ നീക്കിയിരിപ്പുകള്‍ ഡോളറിലേക്ക് മാറ്റുന്നു. ഡോളര്‍ കിട്ടാനായി ആഭ്യന്തര വിപണി തുറന്ന് വെക്കുന്നു. പുറം രാജ്യങ്ങള്‍ അടക്കേണ്ട എല്ലാ ബാധ്യതകളും ഡോളറില്‍ തന്നെ തീര്‍പ്പാക്കണമെന്ന് ശഠിക്കുന്നു. ഡോളറേ ശരണമെന്ന് എല്ലാ രാജ്യങ്ങളും ആര്‍ത്തു വിളിക്കുന്നു. അങ്ങനെ ഡോളറധിഷ്ഠിത ആഗോള സാമ്പത്തിക ക്രമമുണ്ടാകുന്നു. രണ്ട് ലോക മഹായുദ്ധങ്ങളും ഐ എം എഫിന്റെയും ലോക ബേങ്കിന്റെയും പിറവിയും ഇതിന് ആക്കം കൂട്ടി. അങ്ങനെ, അമേരിക്കയില്‍ കാലാകാലങ്ങളില്‍ വരുന്ന ഭരണാധികാരികള്‍ നടപ്പാക്കുന്ന നയങ്ങള്‍ ലോകത്തെയാകെ ബാധിക്കുന്ന സ്ഥിതി വന്നു.

അമേരിക്ക ഫസ്റ്റ് എന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെ നയം. അതിനായി അദ്ദേഹം ചെയ്യുന്നത് അമേരിക്കന്‍ ഉത്പാദനവും തൊഴിലും ഉയര്‍ത്തുകയല്ല; മറിച്ച് മറ്റ് രാജ്യങ്ങളുടെ, പ്രത്യേകിച്ച് ചൈനയുടെ, സാമ്പത്തിക സ്ഥിരത തകര്‍ക്കുകയാണ്. ചൈനയെ രണ്ടാമതായി നിര്‍ത്താന്‍ ട്രംപ് എല്ലാ വഴിയും നോക്കുമെന്നര്‍ഥം. ചൈനയെ മാത്രമല്ല യൂറോപ്യന്‍ സാമ്പത്തിക ശക്തികളെയൊന്നും അമേരിക്കക്ക് മുകളില്‍ വളരാന്‍ അനുവദിക്കില്ല. മത്സരത്തിനുള്ള ആര്‍ജവം കാണിക്കുകയല്ല, മത്സരം ഇല്ലാതാക്കുകയാണ് ട്രംപ്. തീരുവാ യുദ്ധത്തില്‍ അതാണ് കണ്ടത്. ചൈനയെ ഉദാഹരണമായെടുത്ത് ഇത് വിശദീകരിക്കാം.

1949ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ച ശേഷം ചൈന തികച്ചും തന്ത്രപരമായ നീക്കങ്ങളിലൂടെ ലോകത്തെ വന്‍ സാമ്പത്തിക ശക്തികളുടെ കൂട്ടത്തിലേക്ക് ഇടിച്ചു കയറിയെന്നത് വസ്തുതയാണ്. കയറ്റുമതിക്കായുള്ള ഉത്പാദനത്തില്‍ ഊന്നുകയായിരുന്നു ചൈന. ലോകത്തെ ഏറ്റവും ജനനിബിഡമായ രാജ്യമെന്ന നിലയില്‍ മനുഷ്യവിഭവ ശേഷിയെ അവര്‍ നന്നായി വിനിയോഗിച്ചു. ഒരു വശത്ത് സോഷ്യലിസ്റ്റ് പാതയിലൂടെ നീങ്ങിയ ചൈന മറുവശത്ത് സ്വകാര്യ സ്വത്തിന്റെയും വിപണിയുടെയും സാധ്യതകള്‍ പരീക്ഷിക്കുകയും ചെയ്തു. കൃഷിക്കാര്‍ക്ക് ഭൂമി നല്‍കിയ സര്‍ക്കാര്‍ ഉത്പാദനത്തിന്റെ ഒരു വിഹിതം സര്‍ക്കാറിന് നല്‍കണമെന്ന് വ്യവസ്ഥ വെച്ചു. എന്നുവെച്ചാല്‍ ബാക്കിവരുന്നത് വിപണിയില്‍ വില്‍ക്കാം. കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള പ്രചോദനമാണ് ഈ നയം നല്‍കിയത്. വ്യാവസായിക മേഖലയിലും ഇത്തരം സംയുക്ത സംവിധാനങ്ങള്‍ അവര്‍ നടപ്പിലാക്കി. കാലം പോകെ ചൈന ഒരു മിശ്ര സമ്പദ്‌വ്യവസ്ഥയാകുകയായിരുന്നു. മുതലാളിത്തത്തിന്റെ നിരവധി പ്രവണതകള്‍ അവിടെ ദൃശ്യമായി. അതിനെ ചൈനീസ് പ്രത്യേകതയുള്ള സോഷ്യലിസമെന്ന് വിളിച്ച് ന്യായീകരിക്കുകയാണ് ചൈന ചെയ്തത്.

അമേരിക്കയുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. ചൈനീസ് ഉത്പന്നങ്ങളുടെ പ്രധാന വിപണിയായി അമേരിക്ക മാറി. ആദ്യകാലത്തെ യു എസ് ഭരണാധികാരികള്‍ ഇത് അനുവദിച്ചു കൊടുത്തു. ഡോളറിന്റെ ജൈത്രയാത്രയില്‍ ചൈനീസ് പങ്കാളിത്തം കൂടി വരികയാണല്ലോയെന്നാണ് അവര്‍ കണക്കുകൂട്ടിയത്. തുച്ഛ വിലക്ക് മനുഷ്യവിഭവ ശേഷി കിട്ടുന്നതിനാല്‍ അമേരിക്കന്‍ വ്യവസായികള്‍ ചൈനീസ് മണ്ണില്‍ മുതല്‍ മുടക്കാന്‍ പഴുതു നോക്കി നടന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. ചൈനീസ് അധികാരികള്‍ക്ക് അതില്‍ പരിഭവമുണ്ടായിരുന്നില്ല. അവര്‍ വരട്ടെ, വരച്ച വരക്കകത്ത് പ്രവര്‍ത്തിക്കട്ടെ എന്നതായിരുന്നു ചൈനീസ് നയം. കൃത്യമായി നികുതിയടക്കണം. എല്ലാ നിയന്ത്രണങ്ങളും അംഗീകരിച്ചു കൊള്ളണം. ചുരുക്കത്തില്‍ ചൈന അമേരിക്കയിലേക്കും തിരിച്ചും കടന്നു കയറി.

ട്രംപ് വന്നപ്പോള്‍ എല്ലാമൊന്ന് കൂട്ടിക്കിഴിച്ച് നോക്കി. വ്യാപാര കമ്മിയുടെ വലിപ്പം കണ്ട് അദ്ദേഹം ഞെട്ടി. 2018 സെപ്തംബര്‍ വരെ അത് 222.6 ബില്യണ്‍ ഡോളറാണ്. എന്നുവെച്ചാല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 296 ബില്യണ്‍ ഡോളറിന്റെത്. ചൈനയിലേക്കുള്ള കയറ്റുമതി 74.3 ബില്യണ്‍ ഡോളര്‍. ഈ കണക്ക് യു എസ് സെന്‍സസ് ബ്യൂറോയുടേതാണ്. എന്തും അമേരിക്കയുടേതാകുമ്പോള്‍ തെറ്റുകയില്ലല്ലോ. 2017ല്‍ വ്യാപാര കമ്മി 222.6 ബില്യണായിരുന്നു. 2001ല്‍ അത് 83 ബില്യണായിരുന്നു. പടിപടിയായി അന്തരം കൂടുകയാണ്. ചൈനയില്‍ നിന്നുള്ള മൂന്ന് പ്രധാന ഇറക്കുമതി വസ്തുക്കളുടെ കണക്കെടുത്താല്‍ കമ്മിയുടെ കഥ കുറച്ചു കൂടി വ്യക്തമാകും. കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍, ഫൂട്‌വെയര്‍/അപ്പാരലുകളാണ് അവ. ഡോളര്‍ കണക്കില്‍ 77ബില്യണ്‍, 70 ബില്യണ്‍, 54 ബില്യണ്‍ എന്നിങ്ങനെയാണ് ഇവക്കുള്ള ബില്ല്. ഇനി ചൈനയിലേക്ക് കയറ്റിയയക്കുന്ന മൂന്ന് പ്രധാന വസ്തുക്കളായ വിമാന സാമഗ്രികള്‍, സോയാബീന്‍, വാഹനങ്ങള്‍ എന്നിവയുടെ ബില്ല് നോക്കൂ. 16 ബില്യണ്‍, 12 ബില്യണ്‍, 10 ബില്യണ്‍. അമേരിക്കയെ വിക്ടറി സ്റ്റാന്‍ഡിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ ശപഥമെടുത്ത ട്രംപ് ഇതെങ്ങനെ സഹിക്കും?
പരിഹാരത്തിനായി ട്രംപ് നടത്തിയ ഭ്രാന്തന്‍ ആക്രമണത്തിന്റെ ഫലമാണ് ഇന്ന് രൂപയും തുര്‍ക്കി കറന്‍സിയായ ലിറയും ബ്രസീലിയന്‍ കറന്‍സിയായ റീലുമൊക്കെ അനുവഭിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 10 മുതല്‍ 25 ശതമാനം വരെ ഇറക്കുമതിച്ചുങ്കം ചുമത്തുകയാണ് ട്രംപ് ചെയ്തത്. സ്വാഭാവികമായും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വില കൂടും. അങ്ങനെ വന്നാല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ തന്നെ ആവശ്യക്കാര്‍ വാങ്ങും. അമേരിക്കന്‍ വ്യവസായങ്ങള്‍ പുഷ്ടിപ്പെടും. വിപണി നഷ്ടപ്പെട്ട് ചൈന കഷ്ടപ്പെടും. ഇതായിരുന്നു ട്രംപിന്റെ മനപ്പായസം. സംഭവിച്ചത് മറ്റൊന്നാണ്. ചൈന രൂക്ഷമായി പ്രതികരിച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ചൈന 25 ശതമാനത്തിലധികം ചുങ്കം ചുമത്തി. തങ്ങളുടെ കറന്‍സിയായ യുവാനെ ശക്തമാക്കി നിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ബദല്‍ വ്യാപാര ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും അമേരിക്കന്‍ വിപണികളിലേക്ക് കടന്നു കയറി. ഇതോടെ ഡോളറിന്റെ സ്വീകാര്യതയെന്ന കച്ചിത്തുരുമ്പില്‍ പിടിച്ചു നില്‍ക്കേണ്ട ഗതിവന്നു അമേരിക്കക്ക്.
വ്യാപാര യുദ്ധം കെടുതികള്‍ വിതച്ചത് അമേരിക്കയിലും ചൈനയിലും മാത്രമല്ല. ഒരു വസ്തുവിന്റെ ചുങ്കം കൂട്ടുമ്പോള്‍ ആ വസ്തു ഉത്പാദിപ്പിക്കുന്ന എല്ലാ രാജ്യങ്ങളെയും ബാധിക്കുമല്ലോ. മാത്രമല്ല, ഉത്പാദനം ഇന്ന് ഒരു കൂട്ടായ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. കാറിന്റെ ചേസിസ് ഉണ്ടാക്കുന്നത് ഒരു രാജ്യത്ത്. എന്‍ജിന്‍ ഭാഗങ്ങള്‍ വേറൊരു രാജ്യത്ത്. അലങ്കാരങ്ങള്‍ വേറൊരിടത്ത്. ഇങ്ങനെയാണ് നടക്കുന്നത്. അതുകൊണ്ട് ലോകത്തെയാകെ അമേരിക്കയുടെ ശത്രുപക്ഷത്ത് അണി നിരത്താനാണ് വ്യാപാര യുദ്ധം കാരണമായത്.

ട്രംപ് പുറത്തെടുത്ത മറ്റൊരു ആയുധം ഉപരോധമാണ്. റഷ്യക്കും ഇറാനും ഉ. കൊറിയക്കുമെതിരെ പ്രഖ്യാപിച്ച ഉപരോധം മറ്റ് നിരവധി രാജ്യങ്ങളിലേക്ക് നീങ്ങുകയാണ്. റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചതിന് ഇന്ത്യയെ ശിക്ഷിക്കുമെന്നാണ് ഭീഷണി. ഇറാനുമായി ആര് അടുപ്പം പുലര്‍ത്തിയാലും അവരെ ഉപരോധിച്ചു കളയും.
തീരുവയും ഉപരോധവും ഉപയോഗിച്ച് അമേരിക്ക പ്രഖ്യാപിച്ച നിഴല്‍ യുദ്ധം വലിയ പ്രതിസന്ധിയാണ് ലോകരാജ്യങ്ങള്‍ക്ക് വരുത്തിവെച്ചിരിക്കുന്നത്. രൂപയുടെ മൂല്യം കുത്തനെ താഴോട്ട് പതിക്കുകയാണ്. പുതുതായി വികസിക്കുന്ന രാജ്യങ്ങളില്‍വെച്ച് ഏറ്റവും ദുര്‍ബലമായ കറന്‍സിയാണ് ഇന്ന് ഇന്ത്യന്‍ രൂപ. അതുകൊണ്ട് ഇന്ത്യയുടെ ഇറക്കുമതി ബില്ല് കൂടിക്കൊണ്ടേയിരിക്കുന്നു. എണ്ണവിപണിയിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്. ക്രൂഡ് വിലയിലെ ചാഞ്ചാട്ടം മാത്രമല്ല രൂപയുടെ വിലയിടിവും എണ്ണ വില വര്‍ധനവിന് കാരണമാകുന്നുണ്ട്. അതുവഴി ആഭ്യന്തര വിപണിയില്‍ പൊതു വിലക്കയറ്റമുണ്ടാകുന്നു. എല്ലാം ശരിയായിക്കൊള്ളുമെന്ന നിലപാടിലാണ് റിസര്‍വ് ബേങ്കും സര്‍ക്കാറും. രൂപയുടെ മൂല്യമിടിയുന്നത് കയറ്റുമതി വര്‍ധിപ്പിക്കും, അതുകൊണ്ട് ദീര്‍ഘകാലത്ത് നല്ലതാണെന്നും ചിലര്‍ വാദിക്കുന്നു. പ്രവാസി സുഹൃത്തുക്കള്‍ വലിയ സന്തോഷത്തിലാണ്. ദിനാറും റിയാലും നല്‍കിയാല്‍ കൂടുതല്‍ രൂപ കിട്ടുമല്ലോ. എന്നാല്‍ അത്ര സന്തോഷകരമല്ല കാര്യങ്ങള്‍. രൂപയുടെ മൂല്യമിടിയുമ്പോള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ നിന്ന് മുതല്‍ മുടക്ക് പിന്‍വലിക്കുന്ന പ്രവണത ശക്തമാകും. അത് തുടക്കത്തില്‍ പറഞ്ഞ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാകുന്നുവെന്ന പ്രതീതിയാണ് നിലനില്‍ക്കുന്നത്. ഇത് ഉള്ള വിദേശ കറന്‍സിയും പുറത്തേക്ക് ഒഴുകുന്നതിന് വഴിവെക്കും. കയറ്റുമതിയില്‍ ഉണ്ടാകുമെന്ന് പറയുന്ന നേട്ടങ്ങള്‍ മറ്റ് വഴിക്ക് നഷ്ടപ്പെടുമെന്ന് ചുരുക്കം. തുര്‍ക്കിയും ബ്രസീലുമൊക്കെ ഇതേ പ്രതിസന്ധി അനുഭവിക്കുന്നു.
അതുകൊണ്ട് എല്ലാവരും ചേര്‍ന്ന് ഡോളറിനെ വെല്ലുവിളിക്കുക മാത്രമാണ് പോംവഴി. പുതിയൊരു വ്യാപാര ഭൂപടം വരക്കേണ്ടിയിരിക്കുന്നു. എണ്ണ വ്യാപാരം തന്നെയെടുക്കാം. എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ഇറക്കുമതി രാജ്യമാണ്. ഡോളര്‍ കൊടുത്താലേ എണ്ണ കിട്ടൂ. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായ വെനിസ്വേലയിലേക്ക് ഇന്ത്യ തിരിഞ്ഞാലോ? സ്ഥിതി മാറും. യു എസ് ഉപരോധത്തിന്റെ ഇരയാണ് ആ രാജ്യം. നിക്കോളാസ് മദുറോയുടെ പൊട്ടന്‍ നയങ്ങള്‍ കൂടിയാകുമ്പോള്‍ പ്രതിസന്ധിയുടെ പടുകുഴിയിലാണ് അവര്‍. എണ്ണ ശുദ്ധീകരണത്തിന് വഴിയില്ല. ഉപരോധം മൂലം ആരും അവിടെ നിന്ന് എണ്ണ വാങ്ങുകയുമില്ല. ഈ സാഹചര്യത്തില്‍ വെനിസ്വേല ഇന്ത്യക്ക് മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വെച്ചിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് പകരമായി എണ്ണ തരാമെന്നതാണ് അതില്‍ പ്രധാനം. പഴയ കൈമാറ്റ വ്യവസ്ഥ തന്നെ. മദുറോ സര്‍ക്കാര്‍ പുതുതായി തുടങ്ങിയ പെട്രോയെന്ന ഡിജിറ്റല്‍ കറന്‍സിയിലാകാം ഇടപാടെന്നും വെനിസ്വേല പറയുന്നു. ഒരു കപ്പ് ചായ കിട്ടാന്‍ വണ്ടി വിളിച്ച് കറന്‍സി കൊണ്ടു പോകേണ്ട നിലയിലേക്ക് വെനിസ്വേലന്‍ കറന്‍സിയുടെ മൂല്യമിടിഞ്ഞപ്പോഴാണ് വെര്‍ച്ച്വല്‍ കറന്‍സി തുടങ്ങിയത്. ഒരാളും സഹകരിച്ചു പോകരുതെന്ന് അമേരിക്ക അന്ത്യശാസനം നല്‍കിയതോടെ ആ കച്ചവടവും പൊട്ടിയിരിക്കുകയാണ്. അമേരിക്കയെ പേടിച്ച് വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 20 ശതമാനം കണ്ട് കുറച്ചിരിക്കുകയാണ് ഇന്ത്യ.
ഇറാന്‍ അതിനേക്കാള്‍ വലിയ സാധ്യതയാണ്. രൂപ നല്‍കിയാല്‍ എണ്ണ തരാന്‍ അവര്‍ തയ്യാറാണ്. അമേരിക്കന്‍ ഉപരോധത്തിന്റെ ഇരയായ അവര്‍ക്കും വേണം ശക്തനായ പങ്കാളിയെ. ഇന്ത്യയും ഇറാനും തമ്മില്‍ പരമ്പരാഗതമായി തന്നെ ഊഷ്മളമായ വ്യാപാര ബന്ധമാണുള്ളത്. അത് ശക്തമാക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ഡോളറിനെ ഒഴിവാക്കി ഊര്‍ജ മേഖലയില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഈയിടെ ഡല്‍ഹിയിലെത്തിയപ്പോള്‍ വ്യക്തമാക്കിയതാണ്. ഫാര്‍ ഈസ്റ്റ് എല്‍ എന്‍ ജി, ആര്‍ട്ടിക് എല്‍ എന്‍ ജി 2 പദ്ധതികളില്‍ ഇന്ത്യയെ സഹകരിപ്പിക്കാമെന്നാണ് പുടിന്റെ വാഗ്ദാനം. ഡോളറിന്റെ ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് റഷ്യ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യൂറോ അധിഷ്ഠിത വ്യാപാരത്തിന് നേരത്തേ തുടങ്ങിയ നീക്കങ്ങള്‍ ശക്തമാകുന്നുമുണ്ട്. ചൈനയുമായി യുവാന്‍- രൂപ അധിഷ്ഠിത വ്യാപാരത്തിന്റെ സാധ്യതകള്‍ ആരായേണ്ടിയിരിക്കുന്നു.
അപ്പോള്‍ ഒരു ചോദ്യമുയരും. യു എസ് ഉപരോധം വരില്ലേ? നിവര്‍ന്ന് നിന്ന് ഉപരോധം ലംഘിക്കുന്ന ഒരു രാജ്യത്തിന് നേരെയും അമേരിക്ക ഇക്കാലം വരെ തിരിഞ്ഞിട്ടില്ല. ജപ്പാനും ദ. കൊറിയയും എത്രകാലമായി ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നു. ഒന്നും സംഭവിക്കുന്നില്ലല്ലോ. ഡോളറിന് ബദല്‍ കണ്ടെത്തുന്നതോടെ അവസാനിക്കുന്ന അഹങ്കാരമേ അമേരിക്കക്കുള്ളൂ. ഇത്തരം ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്നതിന്റെ തെളിവാണ് ഇന്ത്യക്ക് കൂടുതല്‍ എണ്ണ ലഭ്യമാക്കാനുള്ള സഊദിയുടെ തീരുമാനം. ആ തീരുമാനം യു എസിന്റേതാണ്. “നിങ്ങളെന്തിന് ഇറാനിലേക്ക് തിരിയണം? വേണ്ടതെല്ലാം ഞങ്ങളുടെ സഖ്യ കക്ഷിയായ സഊദി തരില്ലേയെ”ന്നാണ് ട്രംപിന്റെ ചോദ്യം. ഇറാന്റെ രാഷ്ട്രീയ കൗശലങ്ങളില്‍ കടുത്ത വിയോജിപ്പുകളുണ്ട്. എന്നാല്‍ ഡോളര്‍ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന ഐക്യനിരയില്‍ ഇറാന്‍ പ്രധാനമാണെന്ന് പറയാതെ വയ്യ. ഇറാന്‍, തുര്‍ക്കി, റഷ്യ, ആസ്‌ത്രേലിയ, ചൈന, ഇന്ത്യ, വെനിസ്വേല, ഉത്തര കൊറിയ, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവ കുടുസ്സായ താത്പര്യങ്ങള്‍ മാറ്റിവെച്ച് വ്യാപാര മേഖലയിലും കറന്‍സി കൈമാറ്റത്തിലും സഹകരിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്നുറപ്പാണ്. എന്നാല്‍ ഉടനടി ഡോളറിന്റെ അന്താരാഷ്ട്ര സ്വീകാര്യത അസ്തമിക്കുമെന്നൊന്നും പ്രവചിക്കുക വയ്യ. ഒന്നുറപ്പാണ്. ഈ ശ്രമങ്ങള്‍ ചേരും പടി ചേര്‍ന്നാല്‍ 2008ലേതു പോലെ, അമേരിക്കയില്‍ തുടങ്ങുന്ന മാന്ദ്യം ലോകത്താകെ പടരില്ല. സദ്ദാം എത്ര ശരിയായിരുന്നു. അദ്ദേഹമാണല്ലോ ഡോളറിനെ പെട്രോള്‍ കൊണ്ട് വെല്ലുവിളിച്ചത്.

---- facebook comment plugin here -----

Latest