Kerala
സബ് ജില്ലാ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവം; എഇഒ ഉള്‍പ്പെടെ ഒമ്പത് പേര് അറസ്റ്റില്‍
കണ്ണൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സബ് ജില്ലാതല നീന്തല്‍ മത്സരത്തിനിടെ കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എഇഒയും അധ്യാപകരുമുള്‍പ്പെടെ ഒമ്പത് പേര് അറസ്റ്റില്‍.ന്യൂ മാഹി എംഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഹ്യതിക് രാജ്(14) തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്.
തലശ്ശേരി എഇഒ സനകന്‍, മത്സര കമ്മറ്റി അംഗങ്ങളായ അബ്ദുള്‍ നസീര്‍, മുഹമ്മദ് സക്കറിയ, മനോഹരന്, കരുണന്, വിജെ ജയ്മോള്‍, പി ഷീന, സോഫിന് ജോണ്‍, സുധാകരന് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പ്രതികളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയാണ് കുട്ടി മുങ്ങിമരിച്ചത്. മുന്‍കരുതലെടുക്കാതെയാണ് മത്സരം നടത്തിയതെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.