Connect with us

Editorial

രാസായുധ പ്രയോഗം

Published

|

Last Updated

മനുഷ്യ മസ്തിഷ്‌കം തകര്‍ത്ത് ജീവച്ഛവങ്ങളാക്കുന്ന രാസായുധ പ്രയോഗം സംബന്ധിച്ച് ബ്രിട്ടനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ചിരിച്ച് കെട്ടിപ്പിടിച്ച് നയതന്ത്ര, സാമ്പത്തിക ബന്ധം പ്രഖ്യാപിക്കുന്ന രാജ്യങ്ങള്‍ പലതും ആഴത്തിലുള്ള ശത്രുതയും സംശയവും സൂക്ഷിക്കുന്നവയാണെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത. നിഗൂഢമായ വഴികളിലൂടെ ഈ ശത്രുത അവര്‍ പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നു. അന്യരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്ര വിപുലമായ ചാര സംവിധാനമാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്ന് അതത് രാജ്യങ്ങള്‍ വിശേഷിപ്പിക്കുന്ന സംവിധാനങ്ങള്‍ യഥാര്‍ഥത്തില്‍ ചാരപ്പണിയാണല്ലോ നടത്തുന്നത്. അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യരാകട്ടെ അവര്‍ക്ക് നേരിട്ട് യാതൊരു പങ്കാളിത്തവുമില്ലാത്ത ശത്രുതയുടെ ഇരകളായി മാറുന്നു. റഷ്യയും ബ്രിട്ടനും തമ്മില്‍ രഹസ്യം ചോര്‍ത്തലിന്റെ പേരില്‍ പരോക്ഷ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. നേരത്തേ റഷ്യയുടെ ചാരനായിരിക്കുകയും പിന്നീട് ബ്രിട്ടന് വേണ്ടി പണിയെടുക്കാന്‍ തുടങ്ങുകയും ചെയ്ത സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യുലിയ എന്നിവര്‍ക്ക് നേരെ മാരക രാസായുധ പ്രയോഗം നടന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. അവര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ ചികിത്സയിലാണ്. ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം അവരുടെ മസ്തിഷ്‌ക നില താറുമാറായിരിക്കുന്നു. അവര്‍ ശേഖരിച്ച രഹസ്യങ്ങള്‍ മുഴുവന്‍ വൃഥാവിലായിരിക്കുന്നുവെന്നര്‍ഥം.
ബ്രിട്ടീഷ് പൗരന്‍മാരായ രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം സമാനമായ ആക്രമണത്തിനിരയായി എന്നാണ് റിപ്പോര്‍ട്ട്. പേശികളുടെയും അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തളര്‍ത്തി മനുഷ്യനെ വിചിത്ര സ്വഭാവത്തോടെ പെരുമാറുന്ന തരത്തിലേക്കും പിന്നീട് അബോധാവസ്ഥയിലേക്കും മാറ്റുന്ന രാസായുധ പ്രയോഗമാണ് ബ്രിട്ടനില്‍ വീണ്ടും അരങ്ങേറിയത്. നൊവിഷോക് എന്ന നര്‍വ് ഏജന്റാണ് രണ്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഡോണ്‍ സ്റ്റര്‍ഗെസ്, ഇവരുടെ ആണ്‍ സുഹൃത്ത് ചാള്‍ലി റൗലെ എന്നിവരാണ് രാസായുധ ആക്രമണത്തിനിരയായി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്നത്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്. സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യുലിയ എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായ വടക്കന്‍ സാലിസ്ബറിയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെയുള്ള അമെയ്ബറിയില്‍ വെച്ചാണ് ഇരുവര്‍ക്കും നേരെ വിഷപ്രയോഗം നടന്നത്.

ഹെറോയ്ന്‍, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകളുടെ അമിതോപയോഗത്തെ തുടര്‍ന്നാണ് ഇരുവരും ബോധരഹിതരായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പോര്‍ട്ടോണ്‍ ഡൗണ്‍ മിലിട്ടറി റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് നൊവിഷോക് പ്രയോഗമാണെന്ന് തിരിച്ചറിഞ്ഞത്. മുന്‍ സോവിയറ്റ് യൂനിയനുമായോ ചാരപ്രവര്‍ത്തനവുമായോ ഇരുവര്‍ക്കും ബന്ധമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ഇവരുടെ പ്രവര്‍ത്തന മേഖലയും മറ്റും വിശദമായി അന്വേഷിച്ച് വരുമ്പോള്‍ ചാര പ്രവര്‍ത്തനവുമായുള്ള ബന്ധം വെളിപ്പെട്ടേക്കാം. അല്ലെങ്കില്‍ മറ്റാരെയോ ലക്ഷ്യമിട്ടായിരിക്കാം ആക്രമണം നടന്നത്.
ശീതയുദ്ധ കാലത്ത് സോവിയറ്റ് സൈന്യം വികസിപ്പിച്ച രാസായുധമാണ് നൊവിഷോക് എന്ന നര്‍വ് ഏജന്റ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്പിലാണ് ഇത് ഉപയോഗിച്ചത്. മസ്തിഷ്‌കത്തിലെ നാഡിവ്യൂഹത്തെ തകര്‍ക്കുന്നതാണ് നൊവിഷോക്. പേശിസങ്കോചത്തിന് ഇത് കാരണമാകും. പിന്നീട് വിചിത്ര സ്വഭാവത്തോടെയാകും ഇവര്‍ ആദ്യ ഘട്ടത്തില്‍ പ്രതികരിക്കുക. ഇതിന്റെ പ്രയോഗം ശ്വാസ തടസ്സം, ഹൃദയാഘാതം എന്നിവക്കും കാരണമാകും. വാതക രൂപത്തിലാണ് ഇവ സാധാരണഗതിയില്‍ പ്രയോഗിക്കുക. ദ്രവ രൂപത്തിലും പ്രയോഗിച്ചേക്കാം. നൊവിഷോക് കുറഞ്ഞ അളവില്‍ പോലും അതീവ മാരകമാണ്.

ഹോട്ടലിലോ, കളിസ്ഥലത്തോ, ലൈബ്രറിയിലോ, സിനിമാശാലയിലോ, തെരുവിലോ, വാഹനത്തിലോ എവിടെ വേണമെങ്കിലും ഈ ആയുധ പ്രയോഗം സാധ്യമാണ്. അത്രക്ക് കണിശമായിരിക്കും ആയുധ പ്രയോഗത്തിന്റെ “വിജയം”. എന്നുവെച്ചാല്‍ യുദ്ധഭൂമി, ആക്രമണം നടക്കുന്ന ഇടം, കലുഷിത മേഖല തുടങ്ങിയ പതിവു പദങ്ങള്‍ അപ്രസക്തമാകുന്നു. ജീവിതത്തിന്റെ ഏത് ഇടവും ശത്രു സംഹാരത്തിന്റെ ഭൂമിയായി മാറാം. സമാധാന കാലം , യുദ്ധ കാലം എന്ന വ്യത്യാസവുമില്ലാതാകുന്നു. മനുഷ്യന്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടുമ്പോള്‍ കൂടുതല്‍ ഹിംസാത്മകമാകുന്നുവെന്നാണ് ഇന്നും ഇത്തരം രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നതിന്റെ അര്‍ഥം. ഞങ്ങളൊന്നുമറിഞ്ഞില്ലെന്നാണ് റഷ്യ നിരന്തരം പ്രതികരിക്കുന്നത്. ശീത യുദ്ധത്തിന്റെ ഹാംഗ് ഓവറില്‍ നിന്ന് ആ രാജ്യം മോചിതമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ പുടിന്റെ റഷ്യയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. സിറിയയില്‍ സ്വന്തം ജനതക്ക് മേല്‍ സരിന്‍ വിഷവാതക പ്രയോഗം നടത്താന്‍ ബശര്‍ അല്‍ അസദിന് ഒത്താശ ചെയ്തത് റഷ്യയായിരുന്നു. ഇത്തരം വിഷ പ്രയോഗങ്ങളെ മാനവരാശിക്കെതിരായ യുദ്ധ പ്രഖ്യാപനമായി കാണേണ്ടതാണ്. ഇവിടെയാണ് യു എന്നിനെപ്പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാകുന്നത്.

---- facebook comment plugin here -----

Latest