Connect with us

National

പാസ്‌പോര്‍ട്ട് അപേക്ഷ ഇനി മൊബൈലില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികള്‍ ലഘൂകരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഏത് സ്ഥലത്തു നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും മൊബൈല്‍ ഫോണ്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചു. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മൊബൈല്‍ ഫോണ്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതില്‍ പ്രധാനമാണ്. ഇന്നലെ നടന്ന പാസ്‌പോര്‍ട്ട് സേവാ ദിനാചരണച്ചടങ്ങിലാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്ന മേല്‍വിലാസത്തിന്റെ പരിധിയിലുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ മാത്രമേ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവൂ എന്ന വ്യവസ്ഥ ഒഴിവാക്കി. ഇനി മുതല്‍ ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കാം. അപേക്ഷക്കായി ആപ്പില്‍ നല്‍കുന്ന മേല്‍വിലാസം അടിസ്ഥാനമാക്കിയാകും പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍.
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതം മാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.