Connect with us

Kerala

ട്രോളിംഗ് നിരോധനം തുടങ്ങി; തീരത്ത് വറുതിയുടെ ആശങ്ക

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍വന്നു. ഓഖി വരുത്തിയ ആഘാതങ്ങളുടെയും പട്ടിണിയുടെയും മുറിവുണങ്ങുന്നതിന് മുന്നേയാണ് മത്സ്യ തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കി ട്രോളിംഗ് നിരോധനവും വന്നിരിക്കുന്നത്.
ഓഖി ദുരന്തത്തിനുശേഷം കാലാവസ്ഥാ വ്യതിയാനംകാരണം ഇതുവരെ നിരവധി തൊഴില്‍ ദിനങ്ങളാണ് മത്സ്യമേഖലയിലുള്ളവര്‍ക്ക് നഷ്ടമായത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജാഗ്രതാ നിര്‍ദേശങ്ങളെ തുടര്‍ന്ന് ഡിസംബറിനുശേഷം അമ്പതോളം ദിവസം മത്സ്യ ബന്ധനത്തിന് പോകാനായിട്ടില്ല. ഇതോടെ വളരെ പരിതാപകരമായ അവസ്ഥയിലാണ് മത്സ്യബന്ധന തൊഴിലാളികള്‍.

ട്രോളിംഗ് നിരോധനം നേരിട്ട് ബാധിക്കുന്ന ബോട്ട് തൊഴിലാളികളോടൊപ്പം ഈ മേഖലയില്‍ പണിയെടുക്കുന്ന അനുബന്ധ മേഖലയിലെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും ട്രോളിംഗ് കാലം ദുരിതം നിറക്കും. 52 ദിവസത്തെ നിരോധനത്തിന് ശേഷം ആഗസ്റ്റ് ഒന്നിനാണ് ഇനി ബോട്ടുകള്‍ക്ക് മത്സ്യ ബന്ധനത്തിന് പോകാന്‍ കഴിയുക. ഈ വര്‍ഷം ബോട്ടുകള്‍ക്ക് കാര്യമായ ബിസിനസ് കിട്ടിയിരുന്നില്ല. കഴിഞ്ഞ മാസം വരെ കിട്ടുന്ന മീനിന് കാര്യമായ വിലയും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ മീനിന് വിലയുണ്ടെങ്കിലും മത്സ്യലഭ്യത കുറവാണ്. ഡീസല്‍ വില വര്‍ധനവാണ് ബോട്ടുകാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.
ഈയിടെ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തിനു വില കയറിയിരുന്നു. ബോട്ടുകള്‍ ഒഴിയുന്നതോടെ വള്ളത്തില്‍ പോകുന്നവരുടെ മത്സ്യമായിക്കും മാര്‍ക്കറ്റിലെത്തുക. നിരോധന കാലയളവില്‍ കടലില്‍ പോകുന്ന ഇന്‍ബോര്‍ഡ് വള്ളത്തോടൊപ്പം ഇക്കുറി ഒരു കാരിയര്‍ വള്ളം മാത്രമാണ് അനുവദിക്കുന്നത്. മറ്റ് യന്ത്രവല്‍കൃത ബോട്ടുകളെല്ലാം ഇന്നലെ രാത്രിയോടെ തന്നെ തീരം വിട്ടു.

യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഒരു ബോട്ട് വാടകക്ക് എടുത്തിട്ടുണ്ട്. അഞ്ച് കടല്‍രക്ഷാ ഗാര്‍ഡുമാരെയും നിയമിച്ചു. നിരോധന കാലയളവില്‍ മത്സ്യബന്ധന തൊഴിലാളികള്‍ ബയോ മെട്രിക് കാര്‍ഡ് കൈവശം വെക്കണം. കളര്‍ കോഡിംഗ് പൂര്‍ത്തിയാക്കാത്ത ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ട്രോളിംഗ് നിരോധനം തീരുംമുമ്പ് കളര്‍ കോഡിംഗ് പൂര്‍ത്തിയാക്കണം.
നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള സൗജന്യ റേഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ പര്യാപ്തമല്ലെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം. സൗജന്യ റേഷനായ 25 കിലോ അരി കൊണ്ടുമാത്രം ഈ കാലയളവില്‍ തൊഴിലാളികള്‍ക്ക് ജീവിക്കാനാകില്ല. സര്‍ക്കാരില്‍നിന്ന് മറ്റ് സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇക്കുറിയാണ് 52 ദിവസമാക്കി വര്‍ധിപ്പിച്ചത്. ഇതിനെതിരെ മത്സ്യ മേഖലയില്‍നിന്നുതന്നെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. ശാസ്ത്രീയമായ പഠനങ്ങള്‍ പ്രകാരം 90 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പാക്കേണ്ടതെന്ന് സ്വതന്ത്ര മത്സ്യ തൊഴിലാളി ഫോറം ഭാരവാഹികള്‍ പറഞ്ഞു. അതേസമയം ട്രോളിംഗ് നിരോധനം നീട്ടിയതിനെതിരായ ബോട്ടുടമകളുടെ ഹരജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Latest