Connect with us

National

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

Published

|

Last Updated

കൊല്‍ക്കത്ത: പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കും നേതാക്കളുടെ വാക്‌പോരുകള്‍ക്കും കോടതി ഇടപെടലുകള്‍ക്കും മധ്യേ, പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വോട്ടെടുപ്പ് ദിനത്തിലും പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സുരക്ഷക്ക് വേണ്ടി അസം, ഒഡീഷ, സിക്കിം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി 1500 പോലീസുകാര്‍ എത്തിയിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാന പോലീസിലെ 46000 പേരും കൊല്‍ക്കത്ത പോലീസിലെ 12000 പേരും എക്‌സൈസ്, ജയില്‍, വനം വകുപ്പുകളിലെ രണ്ടായിരം ഉദ്യോഗസ്ഥരെയും സുരക്ഷക്ക് നിയോഗിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കും.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ 34 ശതമാനം സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുതാര്യമായ വിധത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. റമസാന് മുമ്പ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിരവധി തവണ ശഠിച്ചിരുന്നു. വരുംദിവസങ്ങളില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. സംഘര്‍ഷം കാരണം നേരത്തെ ഒരു തവണ പത്രികാസമര്‍പ്പണം നീട്ടുകയായിരുന്നു. ഏപ്രില്‍ രണ്ട് മുതല്‍ ഒമ്പത് വരെയായിരുന്ന പത്രികാ സമര്‍പ്പണം സംഘര്‍ഷം കാരണം ഏപ്രില്‍ 23ലേക്ക് നീട്ടി. സംഘര്‍ഷത്തില്‍ 14 തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് മമതയും തങ്ങളുടെ 52 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബി ജെ പിയും അവകാശപ്പെടുന്നു.