Connect with us

National

ഇംപീച്ച്‌മെന്റ് ഹരജി ഇന്ന് ഭരണഘടനാ ബഞ്ചില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിന് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം പിമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു. ഹരജി ഇന്ന് പരിഗണനക്കെടുക്കും. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഭരണഘടനാ ബഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, അരുണ്‍ മിശ്ര, എ കെ ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍.

മുതിര്‍ന്ന അഞ്ച് ജഡ്ജിമാരെ ഒഴിവാക്കിയാണ് ജസ്റ്റിസ് സിക്രി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഹരജി പരിഗണിക്കാന്‍ രൂപവത്കരിച്ചത്. നേരത്തെ, ദീപക് മിശ്രക്കെതിരെ പരസ്യ പ്രതികരണവുമായെത്തിയ ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള ജസ്റ്റിസുമാരെയാ ണ് ഒഴിവാക്കിയത്. സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ ജസ്റ്റിസ് സിക്രി ആറാമതും ജസ്റ്റിസ് ബോബ്ഡെ ഏഴാമതും ജസ്റ്റിസ് രമണ എട്ടാമതും ജസ്റ്റിസ് അരുണ്‍ മിശ്ര ഒമ്പതാമതും ജസ്റ്റിസ് ഗോയല്‍ പത്താമതുമാണ്.

ഉപരാഷ്ട്രപതിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ അംഗങ്ങളായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹര്‍ഷാദ്‌റെ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി സമര്‍പ്പിച്ചെങ്കിലും നമ്പര്‍ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ അറിയിച്ചു. ചീഫ് ജസ്റ്റിസിന് തീരുമാനമെടുക്കാന്‍ കഴിയാത്ത ഹരജികളില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി പരിഗണിക്കലാണ് പതിവെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. 2013ലെ സുപ്രീം കോടതി ചട്ടം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും വ്യക്തമാക്കി. ആരോപണം ചീഫ് ജസ്റ്റിസിനെതിരെ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇരുവരും വിശദീകരിച്ചു. എന്നാല്‍, ചീഫ് ജസ്റ്റിസിനെ സമീപിക്കാനാണ് ജസ്റ്റിസ് ചെലമേശ്വര്‍ ആദ്യം നിര്‍ദേശം നല്‍കിയത്. 2017ല്‍ പ്രാസാദ് എജ്യുക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ കേസ് ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി. പുതിയ ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ മുന്നില്‍ നിര്‍ദേശിക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ ഉത്തരവും ചെലമേശ്വര്‍ സൂചിപ്പിച്ചു.

എന്നാല്‍, ഇത് വാക്കാലുള്ള ഉത്തരവായിരുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും കപില്‍ സിബല്‍ ഓര്‍മിപ്പിച്ചു. അഭിഭാഷകര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ ഹരജി നാളെ വീണ്ടും ഇതേ ബഞ്ചിന് മുമ്പാകെ പരിഗണിക്കാന്‍ ജസ്റ്റിസ് സഞ്ചയ് കിശോര്‍ കൗള്‍ നിര്‍ദേശിക്കുകയായിരുന്നു.

ഹരജി വിശദമായ വാദത്തിനായി ഉചിതമായ ബഞ്ചിന് മുമ്പാകെ വിടാന്‍ ചെലമേശ്വര്‍ തീരുമാനമെടുക്കണമെന്നാണ് സിബലിന്റെ ആവശ്യം. നോട്ടീസിന്റെ വസ്തുതകളിലേക്ക് കടന്ന് ഉപരാഷ്ട്രപതി ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ചു. ഇത് ഏകപക്ഷീയവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്നാണ് വാദം. കേസുകള്‍ ഏത് ബഞ്ചിന് വിടണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരമെന്ന് അടുത്തിടെ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.

 

 

Latest