Connect with us

International

സംയുക്ത പ്രമേയം പാസ്സാക്കാതെ യു എന്‍ സുരക്ഷാ കൗണ്‍സില്‍

Published

|

Last Updated

ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഫലസ്തീന്‍ യുവാവിന്റെ മയ്യിത്ത് ഖബറടക്കത്തിന് കൊണ്ടുപോകുന്നു

കുവൈത്ത് സിറ്റി: 17 ഫലസ്തീനികള്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ കുവൈത്തിന്റെ ആവശ്യപ്രകാരം യു എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. എന്നാല്‍ ഇസ്‌റാഈലിനെതിരെ സംയുക്ത പ്രമേയം പുറപ്പെടുവിക്കുന്നതില്‍ യോഗം പരാജയപ്പെട്ടു. സ്വതന്ത്ര്യവും വിശ്വാസപൂര്‍ണവുമായ അന്വേഷണം നടത്താന്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറേഴ്‌സ് ആവശ്യപ്പെട്ടു. അതോടൊപ്പം മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഇസ്‌റാഈലിനെതിരെ പ്രസ്താവനയിറക്കാന്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടതിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയിലെ കുവൈത്ത് അംബാസിഡര്‍ മന്‍സൂര്‍ അല്‍ഉതൈബി രംഗത്തെത്തി. യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ നടപടിയില്‍ ഫലസ്തീനിലെ ജനങ്ങള്‍ അസംതൃപ്തരാണ്. ഇങ്ങനെ കൂട്ടക്കൊല നടത്തുന്നവരെ പാഠം പഠിപ്പിക്കാന്‍ ഒരു നടപടിയും യു എന്‍ സുരക്ഷാ കൗണ്‍സില്‍ സ്വീകരിച്ചിട്ടില്ല. അതുപോലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ ഹാജരാക്കാനും ഈ സംഘടനക്ക് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോര്‍ദാന്‍ സര്‍ക്കാറും ഇസ്‌റാഈലിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദിത്വം ഒരു അധിനിവേശ രാജ്യമെന്ന നിലയില്‍ ഇസ്‌റാഈലിന്നാണ്. ഫലസ്തീനികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ പോലും സൈന്യത്തെ ഉപയോഗിച്ച് ഇസ്‌റാഈല്‍ അടിച്ചമര്‍ത്തുകയാണെന്ന് ജോര്‍ദാന്‍ സര്‍ക്കാറിന്റെ വക്താവ് മുഹമ്മദ് അല്‍മുഅ്മനി പറഞ്ഞു. ഇതിന് പുറമെ തുര്‍ക്കിയും ഖത്വറും ഇസ്‌റാഈലിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി.

Latest