Connect with us

International

കടലിനക്കരെ 'നിരോധിത നോട്ടുകള്‍' പ്രചാരണ ബോര്‍ഡായി

Published

|

Last Updated

ദക്ഷിണാഫ്രിക്കയില്‍ 2018 ജനുവരിയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തുന്നത് “ഇന്ത്യയില്‍ നിരോധിച്ച നോട്ടുകളും”.നോട്ടുകളെന്നു പറഞ്ഞാല്‍ അസ്സല്‍ നോട്ടുകളെന്ന് ആരും കരുതരുത്.ഏത് കാറ്റിലും മഴയിലും പൊടിഞ്ഞു പോകാത്ത, കാറ്റില്‍ നിറം മങ്ങാത്ത ഒറിജിനല്‍ ഹാര്‍ഡ് ബോര്‍ഡുകളായി രൂപാന്തരപ്പെട്ടാണ് നമ്മുടെ നോട്ടുകള്‍ കടല്‍ കടക്കുന്നത്.നോട്ടു നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആഫ്രിക്കയിലേക്ക് മാത്രം കയറ്റുമതി ചെയ്യപ്പെട്ടത് നാല് കണ്ടയ്‌നര്‍ ഹാര്‍ഡ് ബോര്‍ഡുകളാണ്. അതായത് നൂറ് ടണ്‍ ബോര്‍ഡുകള്‍ കടല്‍കടന്നുവെന്നര്‍ത്ഥം. നിരോധിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ കണ്ണൂര്‍ വളപട്ടണത്തെ വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സില്‍ എത്തിത്തുടങ്ങിയ നോട്ടുകളാണ് ഉറച്ച ബോര്‍ഡായി രൂപാന്തരപ്പെട്ട് കടല്‍ കടക്കുന്നത്. ഡര്‍ബന്‍ ലക്കി ബോര്‍ഡ്‌സ് എന്ന ഏജന്‍സി വഴിയാണ് ആഫ്രിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വളപട്ടണത്ത് നിന്ന് ഇപ്പോള്‍ ബോര്‍ഡുകളെത്തുന്നത്. ഇനി ജനുവരിയിലാണ് ബോര്‍ഡ് കയറ്റുമതി നടക്കുകയെന്ന്് വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് അധികൃതര്‍ പറഞ്ഞു. ഇന്ത്യ പിന്‍വലിച്ച 1000 രൂപയുടെയും 500 രൂപയുടെയും 700 ടണ്‍ നോട്ടുകള്‍ കൂടി ഇനി ഹാര്‍ഡ് ബോര്‍ഡുകളായി ദക്ഷിണാഫ്രിക്കയിലെത്തും.

മരത്തിന്റ പള്‍പ്പിനോടൊപ്പം നിരോധിത നോട്ടുകള്‍ പൊടിച്ച് കൂട്ടിക്കുഴച്ചാണ് ഹാര്‍ഡ്‌ബോര്‍ഡ് നിര്‍മിക്കുന്നത്.നിരോധിച്ച ഉടനെ ഇത്തരം നോട്ടുകള്‍ കത്തിച്ചുകളയാനാണ് റിസര്‍വ് ബാങ്ക് ആലോചിച്ചതെങ്കിലും പരിസ്ഥിതിപ്രശ്‌നം പരിഗണിച്ച് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അങ്ങനെയാണ് വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സില്‍ നുറുക്കിയ നോട്ടുചാക്കുകള്‍ എത്തിത്തുടങ്ങിയത്.പൂര്‍ണമായും നുറുക്കി ചെറിയ കട്ടകളുടെ രൂപത്തിലാക്കിയാണ് നോട്ടുകള്‍ പ്ലൈവുഡ് കമ്പനിക്ക് നല്‍കുക. ഇവ നന്നായി പുഴുങ്ങിയശേഷം ഡിഫൈബ്രേറ്ററില്‍ അരച്ചെടുത്ത് പള്‍പ്പാക്കി മാറ്റുന്നു. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്നു കണ്ടയ്‌നറുകളിലാണ് ഇവ എത്തിച്ചിരുന്നത്. ഹാര്‍ഡ്‌ബോര്‍ഡിന്റെ പതിവ് പള്‍പ്പില്‍ ആറ് ശതമാനം വരെയാണു നോട്ടുകള്‍ ചേര്‍ക്കുക. നേരത്തേ ന്യൂസ് പ്രിന്റ് പള്‍പ്പുകളാണ് ഉപയോഗിച്ചിരുന്നത്. ആ സ്ഥാനത്താണ് കറന്‍സി പള്‍പ്പ് ഉപയോഗിക്കുന്നത്.ഇത് ഉപയോഗിക്കുമ്പോള്‍ ഹാര്‍ഡ്‌ബോര്‍ഡിന് ഗുണനിലവാരം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹാര്‍ഡ്‌ബോര്‍ഡിന്റെ പള്‍പ്പില്‍ ആറ് ശതമാനം വരെയാണു നോട്ടുകള്‍ ചേര്‍ക്കുന്നത്. ഇതിനായി ദിവസവും രണ്ട് ടണ്‍ നോട്ടുകള്‍ ഉപയോഗിക്കുന്നു.

നോട്ടുകള്‍ ചേര്‍ത്ത ഹാര്‍ഡ് ബോര്‍ഡിനു തിളക്കവും ഉറപ്പും കൂടുതലാണെന്നും ചില വ്യാപാരികള്‍ പ്രീമിയം ബ്രാന്‍ഡ് ആയാണ് വില്‍ക്കുന്നതെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ടണ്ണിനു 128 രൂപയാണു റിസ ര്‍വ് ബാങ്ക് നിശ്ചയിച്ച വില.കയറ്റുകൂലിയും കടത്താനുള്ള ചെലവും വഹിക്കുന്നതു പ്ലൈവുഡ്‌സ് തന്നെയാണ്.

 

Latest