Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം മൂന്നിന്

Published

|

Last Updated

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആറ് മുതല്‍ പത്ത് വരെ തൃശൂരിലെ 24 വേദികളിലായി നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘം രൂപവത്കരണ യോഗവും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കും. അടുത്തടുത്ത് വേദികള്‍ ഉണ്ടെന്നത് തൃശൂരില്‍ കലോത്സവം സംഘടിപ്പിക്കുന്നതിന് കൂടുതല്‍ സൗകര്യം നല്‍കുന്നതായി ഡി ഡി ഇ. കെ സുമതി അറിയിച്ചു. പ്രധാനവേദി തേക്കിന്‍കാട് മൈതാനിയിലും ഭക്ഷണ സൗകര്യം ഒരുക്കുന്നത് അക്വാട്ടിക് കോംപ്ലക്‌സിലുമായിരിക്കും. സാധാരണ ഏഴ് ദിവസമായി നടക്കുന്ന മത്സരങ്ങള്‍ ഇത്തവണ അഞ്ചായി ചുരുക്കിയിട്ടുണ്ട്.

ആര്‍ഭാടം ഒഴിവാക്കിക്കൊണ്ടായിരിക്കും 58ാമത് കേരള സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. കലോത്സവം ലാളിത്യം കൊണ്ട് മാതൃകയായി മാറുമെന്നും എല്ലാ വേദികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ ആര്‍ഭാടത്തിന്റെ ആവശ്യമില്ല. ഘോഷയാത്ര അടക്കമുള്ള പരിപാടികള്‍ അതിനായി ഒഴിവാക്കിയിട്ടുണ്ടെന്നും സാംസ്‌കാരിക സംഗമങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേക്കിന്‍കാട് മൈതാനം മുഖ്യവേദിയാക്കി ഇരുപത്തഞ്ചോളം വേദികളാണ് കലോത്സവത്തിന് ഉദ്ദേശിച്ചിട്ടുള്ളത്. തുടര്‍ച്ചയായി രണ്ട് തവണ കലാപരിപാടികള്‍ ജഡ്ജ് ചെയ്ത വിധികര്‍ത്താക്കളെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.