Connect with us

Kerala

ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം

Published

|

Last Updated

തിരുവനന്തപുരം: ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളം ഒരുങ്ങുന്നു. 400 ഏക്കര്‍ വരുന്ന ടെക്‌നോസിറ്റിയിലെ 100 ഏക്കര്‍ സ്ഥലത്ത് ഉയരുന്ന നോളജ് സിറ്റി എന്ന ആശയം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ വമ്പിച്ച മാറ്റം കൊണ്ടുവരാന്‍ പര്യാപ്തമായ കാല്‍വെപ്പാണെന്ന് ഐ ടി സെക്രട്ടറി എം ശിവശങ്കര്‍.

മറ്റ് ഐ ടി പാര്‍ക്കുകളെ പോലെ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി വിപണന സാദ്ധ്യതയൊരുക്കുക മാത്രമല്ല ടെക്‌നോസിറ്റി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, സങ്കേതങ്ങളുടെ പഠന, ഗവേഷണ മേഖലയില്‍ ഊന്നല്‍ നല്‍കി സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സാങ്കേതികവിദ്യാ സാധ്യതകള്‍ പ്രാവര്‍ത്തികമാക്കുക കൂടിയാണ്. ഇതാണ് സര്‍ക്കാറിന്റെ ഐ ടി നയരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും ശിവശങ്കര്‍ അഭിപ്രായപ്പെട്ടു.
കോഗ്‌നിറ്റീവ് അനലറ്റിക്‌സ്, ഫിന്‍ടെക്, സ്‌പെയ്‌സ് ആപ്ലിക്കേഷന്‍സ്, സൈബര്‍ സെക്യുരിറ്റി, ഇമൊബിലിറ്റി തുടങ്ങിയ നവയുഗ സാങ്കേതിക വിദ്യകളുടെ കേന്ദ്രമായി മാറുന്ന ടെക്‌നോസിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ ഫ്യുച്ചറിസ്റ്റിക് ഐ ടി പാര്‍ക്ക് ആയി മാറ്റപ്പെടും.
നോളജ് സിറ്റിയില്‍ പുതിയ തലമുറ സ്റ്റാര്‍ട്ട്അപ് കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കുന്നതോടൊപ്പം ഗവേഷണത്തിനും വികസനത്തിനുമുള്ള സംവിധാനങ്ങളും സജ്ജമാക്കുമെന്ന് ഐ ടി പാര്‍ക്കുകളുടെ മേധാവി ഋഷികേശ് നായര്‍ പറഞ്ഞു. വന്‍കിട കമ്പനികളുമായി ബന്ധപ്പെടാനുള്ള അവസരവും അക്കാദമിക് പങ്കാളിത്വവും സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ വളര്‍ച്ചക്ക് പുതിയ ദിശ നല്‍കും.

ഐ ടി പോളിസിയുടെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയെ മൂന്ന് പ്രത്യേക നവയുഗ സാങ്കേതികവിദ്യാ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് ഋഷികേശ് നായര്‍ പറഞ്ഞു. തിരുവനന്തപുരം സൈബര്‍ സുരക്ഷയുടെയും ബ്ലോക്ക് ചെയിന്‍ പോലെയുള്ള ഫിന്‍ടെക് സാങ്കേതികവിദ്യകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കേന്ദ്രമാകുമ്പോള്‍, കൊച്ചിയില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പോലെയുള്ള സാങ്കേതിക വിദ്യകള്‍ക്ക് ഊന്നല്‍ നല്‍കും. മൊബൈല്‍ ഫോണ്‍ സാങ്കേതിക മേഖലകളിലൂന്നിയ വികസനമാണ് കോഴിക്കോട്ട് ലക്ഷ്യമിടുന്നത്.
ഈ മാസം 27 ന് വൈകുന്നേരം 3.30 നാണ് രാഷ്ട്രപതി ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ ഐ ടി കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് ടെക്‌നോസിറ്റിയെ നാടിന് സമര്‍പ്പിക്കുന്നത്. രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് ആദ്യ കെട്ടിടത്തില്‍ ഐ ടി വികസനം ഒരുങ്ങുന്നത്. സ്ഥലം നല്‍കി പങ്കാളിത്ത വികസനം സാധ്യമാക്കുകയാണ് ടെക്‌നോസിറ്റിയില്‍ പ്രാവര്‍ത്തികമാക്കുക. ടാറ്റാ കണ്‍സള്‍ട്ടന്‍സി 97 ഏക്കര്‍ ഏറ്റെടുത്തു, സണ്‍ടെക്, ഐ ഐ ഐ ടി എം കെ, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. ജലം, വൈദ്യുതി വിതരണ സംവിധാനങ്ങളും പൂര്‍ത്തിയായി.