Connect with us

Articles

മുസ്‌ലിം ജമാഅത്ത്: വലിയ ദൗത്യങ്ങള്‍ മുന്നിലുണ്ട്

Published

|

Last Updated

ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, വര്‍ത്തമാനത്തെ അഭിമുഖീകരിക്കാന്‍ സന്നദ്ധമായി, പ്രതീക്ഷാപൂര്‍വം ഭാവിയെ ഉറ്റുനോക്കിയാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തനത്തിന് നാന്ദികുറിച്ചത്. ഒരു ചരിത്രഘട്ടത്തിലും സ്തബ്ധമായി നില്‍ക്കാനോ മൂകസാക്ഷിയാകാനോ ഒരു ഇസ്‌ലാമിക നവോത്ഥാന സംരംഭത്തിന് കഴിയില്ലല്ലോ. അങ്ങനെ, ഒരാമുഖത്തിന് ആവശ്യമില്ലാത്ത വിധം കുറഞ്ഞ കാലയളവില്‍ തന്നെ സമൂഹത്തിന് സുപരിചിതമായി മാറിയ കേരള മുസ്‌ലിം ജമാഅത്ത് രണ്ടാം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച നയ സമീപന രേഖയും കര്‍മ പദ്ധതികളും ഉള്‍ക്കൊള്ളുന്നതാണ് “വിഷന്‍ 2017-18.”

സമസ്ത വിഭാവനം ചെയ്യുന്ന തത്വങ്ങളും ആദര്‍ശങ്ങളും പൂര്‍ണമായി നടപ്പാക്കുന്നതിന് സമസ്തയുടെ പ്രസ്ഥാനമായി രൂപവത്കരിക്കപ്പെട്ടതാണ് കേരള മുസ്‌ലിം ജമാഅത്ത്. രാജ്യത്ത് പൊതുവായും കേരളത്തില്‍ വിശേഷിച്ചും ഇസ്‌ലാമിക മുന്നേറ്റത്തില്‍ ഈ പ്രസ്ഥാന കുടുംബത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. പുതിയ കാലത്തെ അറിഞ്ഞും പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചും മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയും സച്ചരിതരായ പൂര്‍വികര്‍ കാണിച്ച വിശ്വാസധാരയില്‍ സമുദായത്തിന് ജീവിതദര്‍ശനം നല്‍കുന്ന വിശാലമായ പ്രവര്‍ത്തന മണ്ഡലമാണ് മുസ്‌ലിം ജമാഅത്തിനുള്ളത്. മനുഷ്യവിഭവശേഷിയിലും സംഘടനാ സംവിധാനങ്ങളിലും ശാസ്ത്രീയ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലും ഒരു പ്രസ്ഥാനത്തിന് എത്താന്‍ കഴിയുന്ന ഉന്നതികളിലേക്ക് മുസ്‌ലിം ജമാഅത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്.

സമസ്ത എന്ന പണ്ഡിത സഭയുടെ നേതൃത്വത്തിന്റെ ബലത്തില്‍ വിദ്യാര്‍ഥി സംഘടനയും യുവജന പ്രസ്ഥാനവും അധ്യാപകരും മാനേജ്‌മെന്റുകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളുമെല്ലാം ചേര്‍ന്ന് പ്രസ്ഥാന കുടുംബം സമ്പന്നമാണ്. എല്ലാറ്റിനുമപ്പുറം മാതൃകാ സംരംഭമായ മദ്‌റസാ പ്രസ്ഥാനവും അതിന് ശക്തിപകരുന്ന വിദ്യാഭ്യാസ ബോര്‍ഡും ചേരുമ്പോള്‍ പ്രസ്ഥാനത്തിന്റെ പ്രൗഢി അവര്‍ണനീയമാകുകയാണ്. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മുസ്‌ലിം ജമാഅത്തിന്റെ ആസൂത്രിത മുന്നേറ്റങ്ങളും സുസജ്ജമായ പ്രവര്‍ത്തനവും ചിലരെയെങ്കിലും അസൂയപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുസമൂഹവും ഭരണകൂടങ്ങളും വലിയ തോതില്‍ അതിനെ അംഗീകരിച്ചിട്ടുണ്ട്.

ഈ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചവര്‍ക്കും സത്യം അറിയാം. അത്തരക്കാരുടെ വിമര്‍ശനങ്ങളെ അവഗണിച്ച് പ്രവര്‍ത്തന മണ്ഡലം നിര്‍മാണാത്മകമാക്കുകയാണ് പ്രസ്ഥാനം ചെയ്തത്. സംഘടനാ കുടുംബത്തിന്റെ സ്രോതസ്സുകളെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ച് സമുദായത്തെ ശാക്തീകരിക്കുകയും ഒപ്പം മതപരമായും സാമുദായികമായും സമുദായത്തെ പ്രതിനിധാനം ചെയ്യുകയുമാണ് മുസ്‌ലിം ജമാഅത്ത്. അതിന് പര്യാപ്തമായ മാറ്റങ്ങളും ചിന്തകളും പ്രതിഫലിപ്പിക്കുന്നതാണ് “വിഷന്‍ 2017- 18”.
മുസ്‌ലിംകള്‍ മാതൃകാ സമുദായമായി നിലകൊള്ളേണ്ടവരാണല്ലോ. “ജനങ്ങളിലേക്ക് നിയുക്തരായ ഉത്തമ സമുദായമാണ് നിങ്ങള്‍. അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ഉറച്ച് നന്മയുടെ പക്ഷം ചേരുകയും തിന്മകള്‍ക്കെതിരെ പൊരുതുകയും ചെയ്യുന്നു നിങ്ങള്‍” എന്നാണ് ഖുര്‍ആന്‍ സത്യവിശ്വാസികളെ വരച്ചുകാട്ടുന്നത്. നമ്മുടെ ജീവിത പരിസരങ്ങളില്‍ സത്യവും നീതിയും ജീവിത മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ സമുദായത്തിന് വലിയ ബാധ്യതകളുണ്ട്. ഈ ദിശയില്‍ സമുദായത്തെ സംഘടിപ്പിച്ചു ശക്തിപ്പെടുത്തുമ്പോള്‍ മാത്രമേ മാതൃകാ സമുദായം എന്ന അവസ്ഥയിലേക്ക് ഉയരാന്‍ കഴിയുകയുള്ളൂ.

“ഖൈറു ഉമ്മ” എന്ന ഖുര്‍ആന്‍ വിഭാവനയെ അന്വര്‍ഥമാക്കുകയാണ് കേരള മുസ്‌ലിം ജമാഅത്ത്. നവോത്ഥാന മുന്നേറ്റത്തില്‍ സമസ്ത ആര്‍ജിച്ചെടുത്ത വഴിയില്‍ തന്നെ സമുദായത്തെ ശാക്തീകരിക്കാന്‍ കഴിയണം. സംഘര്‍ഷങ്ങളില്ലാത്ത ജീവിതാന്തരീക്ഷമാണ് പുലര്‍ന്നുവരേണ്ടത്. ലാഭേച്ഛയുള്ള ഭൗതിക താത്പര്യങ്ങളും അധികാര മോഹങ്ങളും സമൂഹത്തെ ദുഷിപ്പിക്കും. ഇവിടെയാണ് മതമൂല്യങ്ങള്‍ പ്രസക്തമാകുന്നത്. ഈ മൂല്യങ്ങളെ സ്ഥാപിക്കുന്നതിലും സംരക്ഷിക്കുന്നതിലും സമുദായത്തിന് ആര്‍ജവമുണ്ടാകണം. പണ്ഡിതരും സമുദായത്തിന്റെ പൊതുനേതൃത്വവും ഒന്നിച്ച് കൈകോര്‍ക്കുമ്പോള്‍ ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കാം.

മുസ്‌ലിംകളില്‍ മതപരമായ ഉത്തേജനമുണ്ടാക്കുക എന്നത് എല്ലാ കാലത്തും അനിവാര്യമായ ഒന്നാണ്. ദീനുല്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ വഴി പൂര്‍ണാര്‍ഥത്തില്‍ പിന്തുടരുന്ന അഹ്‌ലുസ്സുന്നയുടെ ആദര്‍ശവഴിയില്‍ തന്നെയാണ് മുസ്‌ലിംകളുടെ മതപരമായ അസ്തിത്വം ഉറപ്പ് വരുത്തേണ്ടത്. എന്നാല്‍, മുസ്‌ലിംകളുടെ സാമുദായിക അസ്തിത്വം സംരക്ഷിക്കപ്പെടണമെങ്കില്‍ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ മുന്നേറ്റങ്ങള്‍ക്ക് സാഹചര്യമൊരുങ്ങണം. ബഹുസ്വര രാജ്യത്ത് ജീവിക്കുന്ന പൗരന്മാരില്‍ തികഞ്ഞ രാഷ്ട്രീയാവബോധം വളര്‍ന്നുവരണം. ഇന്ത്യാ രാജ്യത്തിന്റെ പൈതൃകം മതേതരമാണ്. മതേതര സമൂഹത്തില്‍ മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കണമെന്ന കൃത്യമായ പാഠം ഇസ്‌ലാം നല്‍കുന്നുണ്ട്. അത് സൗഹാര്‍ദത്തിന്റെയും സന്മനോഭാവത്തിന്റെയുമാണെന്ന് പൂര്‍വികര്‍ ജീവിച്ചു കാണിച്ചിട്ടുമുണ്ട്. ഈ സമീപനം വിട്ട് അതിവൈകാരിക നിലപാടുകള്‍ സ്വീകരിക്കുന്നത് സമുദായത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കാനേ വഴിവെക്കൂ. ഇവിടെ തികഞ്ഞ രാഷ്ട്രീയാവബോധവും വളര്‍ത്തിയെടുക്കണം. ധാര്‍മിക മൂല്യങ്ങള്‍ക്കാണ് ഇവിടെ പ്രസക്തി. സമുദായത്തിന്റെ ആഭ്യന്തര കെട്ടുറപ്പും വളര്‍ച്ചയും ഇതിലൂടെ യാഥാര്‍ഥ്യമാകണം. അതാണ് യഥാര്‍ഥ ശാക്തീകരണം.

മുസ്‌ലിംകളുടെ മതപരവും സാമുദായികവുമായ ശാക്തീകരണമാണ് മുസ്‌ലിം ജമാഅത്ത് ആത്യന്തികമായി ലക്ഷ്യമിടുന്നത് എന്ന് സൂചിപ്പിച്ചല്ലോ. മുസ്‌ലിം ജീവിതവും ദീനീപ്രവര്‍ത്തനവും കേന്ദ്രീകരിക്കുന്നത് പ്രധാനമായും മഹല്ല് ജമാഅത്തുകളിലാണ്. വ്യക്തികളിലും കുടുംബങ്ങളിലും ഏറ്റവും ശക്തമായി ഇടപെടാന്‍ കഴിയുന്ന വേദി കൂടിയാണ് മഹല്ല് ജമാഅത്തുകള്‍. മുസ്‌ലിംകളുടെ ദീന്‍, വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം, സുരക്ഷ, ക്ഷേമം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കൂട്ടായ്മയിലൂടെ സാധ്യമാകണം. ഇതര ആശയക്കാരും അവരുടെ മിഷനറികളും മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കാണാതെ പോകാന്‍ കഴിയില്ല. ഒളിച്ചോട്ടവും മതം മാറ്റവും സംഘര്‍ഷവും എല്ലാം ഇതില്‍ പെടുന്നു. ഈ ദുരന്തങ്ങളില്‍ നിന്ന് മോചനത്തിനായുള്ള ഏകീകരിച്ച പ്രവര്‍ത്തനത്തിന് കഴിയുന്നതും മഹല്ല് ജമാഅത്തുകള്‍ക്കാണ്. വിഭാഗീയ താത്പര്യങ്ങളും സംഘടനാ സങ്കുചിതത്വങ്ങളും പരീക്ഷിക്കുന്ന വേദിയാകുന്നതിന് പകരം സമുദായ വളര്‍ച്ചയെ മുന്നില്‍ കണ്ട് വിശാലമായ മനസ്സും മനോഭാവവും പുലര്‍ന്നുകഴിഞ്ഞാല്‍ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ പ്രയാസമില്ല. ഈ അര്‍ഥത്തില്‍ മഹല്ല് ജമാഅത്തുകളെ ഉയര്‍ത്തുകയും സജ്ജമാക്കുകയും ചെയ്യണമെന്ന് മുസ്‌ലിം ജമാഅത്ത് നിരീക്ഷിക്കുന്നു. കോടതി തിണ്ണകളിലും പോലീസ് സ്റ്റേഷനുകളിലും കൈക്കുഞ്ഞുങ്ങളുമായി കയറിയിറങ്ങുന്ന കുടുംബിനികളും സഹോദരന്മാരും എത്രയുണ്ട്? ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതം ചുമന്ന് അവശത അനുഭവിക്കുന്ന ഈ കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ സമുദായ നേതൃത്വത്തിന്റെ കണ്ണ് തുറക്കണം. അതിനുള്ള മനോഭാവം വളരണം. ഇതിന് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മഹല്ല് ജമാഅത്തുകള്‍ സമഗ്രമാകും.

പുതിയ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് ദീനീ പ്രബോധനം സാര്‍വത്രികമാക്കുക, അഹ്‌ലുസ്സുന്നയുടെ ആദര്‍ശങ്ങള്‍ ബഹുജനങ്ങളില്‍ പ്രചരിപ്പിക്കുക, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വനിതകള്‍, വിവിധ മേഖലകളിലെ ബഹുമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി എല്ലാ തലങ്ങളും സ്പര്‍ശിക്കുന്ന പ്രബോധന പദ്ധതികള്‍ വിപുലമാക്കുക തുടങ്ങി ഒരുപാട് ദൗത്യങ്ങള്‍ മുന്നിലുണ്ട്. പ്രസ്ഥാനത്തെ അനിവാര്യമാക്കിയ ഘടകം തന്നെ ഈ പ്രബോധന ദൗത്യമാണല്ലോ. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചികതയും ധര്‍മച്യുതിയും വലിയ വെല്ലുവിളിയാണ്. ഫലപ്രദമായ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇവ പരിഹരിക്കാനാകൂ. പരിശീലനം ലഭിച്ച ദാഇകള്‍, വിവിധ ദഅ്‌വാ ഗ്രൂപ്പുകള്‍, ഖാഫിലത്തു ദഅ്‌വ, ഖത്വീബ് -ഖാസി -ഇമാം തുടങ്ങിയവര്‍ക്ക് പരിശീലനം, ആദര്‍ശ പഠനത്തിന് പണ്ഡിത മുബാഹസ തുടങ്ങിയ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന ദഅ്‌വാ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മതദര്‍ശനങ്ങളെക്കുറിച്ച് റിസര്‍ച്ച് ചെയ്യുന്നതിന് ഗവേഷണ കേന്ദ്രം, ദഅ്‌വാ പരിശീലനത്തിന് ട്രെയിനിംഗ് സ്‌കൂള്‍, മഹല്ലുകള്‍ തോറും ദഅ്‌വാ മിഷന്‍ തുടങ്ങി വിപുലമായ ദഅ്‌വാ പദ്ധതിയാണ് നടപ്പാക്കുന്നത്.

ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ദുരിതാശ്വാസത്തിനും ഏറ്റവും നല്ല പരിഗണനയാണ് പ്രസ്ഥാനം നല്‍കിവരുന്നത്. അവ കൂടുതല്‍ വ്യവസ്ഥാപിതവും വ്യാപകവുമാക്കുന്നതിന് വിഷന്‍ പ്രാധാന്യം നല്‍കുന്നു. വെള്ളം, ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ അവശത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അവരുടെ കൈകളിലെത്തിക്കാനുള്ള ഫലപ്രദമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്. ഇതിന് വേണ്ടി യൂനിറ്റ് കേന്ദ്രീകരിച്ച് പദ്ധതികള്‍ നടപ്പാക്കിവരുന്നു. ദാറുല്‍ ഖൈര്‍ ഭവനപദ്ധതിയിലൂടെ 1000 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് സൗകര്യം ഒരുക്കിവരുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 40ലേറെ വീടുകളുടെ നിര്‍മാണം നടക്കുന്നു.

ഈ പദ്ധതി വര്‍ഷം ഏറ്റവും ശ്രദ്ധേയമായത് തിരുവനന്തപുരം ആര്‍ സി സിയോട് ചേര്‍ന്ന് നിര്‍മാണം നടന്നുവരുന്ന സാന്ത്വനം കേന്ദ്രം തന്നെയാണ്. ആര്‍ സി സിയില്‍ എത്തി അവിടെ നില്‍ക്കാനും തിരിച്ചുപോകാനും കഴിയാതെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് താമസസൗകര്യവും പരിചരണവും സംരക്ഷണവും നല്‍കാന്‍ ഈ കേന്ദ്രത്തിലൂടെ സാധ്യമാകും. ഇതിന് 13 കോടി നിര്‍മാണ ചെലവ് കണക്കാക്കുന്നു. സാന്ത്വന കേന്ദ്രങ്ങള്‍, സാന്ത്വന ക്ലബുകള്‍, ആംബുലന്‍സ് സര്‍വീസ്, വളണ്ടിയര്‍ സേവനങ്ങള്‍ തുടങ്ങി സാന്ത്വന രംഗത്ത് പ്രസ്ഥാനം നടത്തിവരുന്ന എല്ലാ പദ്ധതികളും കൂടുതല്‍ വ്യവസ്ഥാപിതമാക്കി വിപുലപ്പെടുത്തുന്നതാണ് ഈ വിഷന്‍.

മതവിദ്യാഭ്യാസ രംഗത്തും ഇസ്‌ലാമിക പ്രബോധന രംഗത്തും ജീവിതം മുഴുക്കെ വിനിയോഗിച്ച മുഅല്ലിംകള്‍, മുദര്‍രിസുമാര്‍, ഖത്വീബുമാര്‍ എന്നിവരില്‍ അധികവും പെന്‍ഷന്‍ പ്രായമെത്തുന്നതോടെ ദുരിതമനുഭവിക്കുന്നവരാണ്. ഈ ഗണത്തില്‍ വരുന്ന ദീനീസേവകര്‍ കേരളത്തില്‍ ആയിരക്കണക്കിനുണ്ട്. സര്‍ക്കാറിന് പോലും ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനും കഴിയാത്ത അത്രയും ഭാഗം കൂടിയാണിത്. വളരെ സൂക്ഷ്മമായ ആസൂത്രണവും ശ്രമകരമായ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ അനിവാര്യമാണ്. ഇവര്‍ക്കായി ക്ഷേമനിധി, പെന്‍ഷന്‍ പദ്ധതികളും വിധവാ പെന്‍ഷനും നടപ്പാക്കിവരുന്നു.

കേരളത്തിലെ മിക്ക വന്‍നഗരങ്ങളോട് ചേര്‍ന്നുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും കുട്ടികള്‍ താമസിച്ചുപഠിക്കുന്നുണ്ട്. കുട്ടികളുടെ ധാര്‍മികതക്കും പഠന വളര്‍ച്ചക്കും സൗകര്യപ്രദമായ ഹോസ്റ്റലുകള്‍ സ്ഥാപിക്കണം. ബെംഗളൂരു, കോയമ്പത്തൂര്‍, മംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കുകയും സ്ഥിരം സംവിധാനമാക്കി ഉയര്‍ത്തുകയും വേണം. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, വിമന്‍സ് ഹോസ്റ്റല്‍ എന്നിവ പ്രത്യേക പദ്ധതിയില്‍ പരിഗണിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്‌കോളര്‍ഷിപ്പ് പദ്ധതിയും സഹായങ്ങളും നല്‍കുക, പ്രൊഫഷനല്‍ വിദ്യാര്‍ഥികളെ പ്രത്യേകമായി സംഘടിപ്പിക്കുക, അവരില്‍ പഠനസംവിധാനം വികസിപ്പിക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കുക, വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, ദഅ്‌വാ പദ്ധതികള്‍ തുടങ്ങിയവ നടത്തിവരുന്നു.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറുകള്‍ വളരെ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അതിന്റെ ശരിയായ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയാത്തവരും വിദ്യാഭ്യാസ പശ്ചാത്തലം ഒരുങ്ങിയിട്ടില്ലാത്തവരും വളരെ കൂടുതലാണ്. മലയോര- കുടിയേറ്റ പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍, ഒറ്റപ്പെട്ടു കഴിയുന്നവര്‍ തുടങ്ങിയവര്‍ എത്രയെങ്കിലുമുണ്ട്. അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുക, മതവിദ്യാഭ്യാസത്തിനായി പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് വിദ്യാഭ്യാസ പാക്കേജ്. പദ്ധതി കാലത്ത് 1000 പ്രാഥമിക മദ്‌റസകളാണ് ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നത്. വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കാന്‍ വിദ്യാഭ്യാസ നിധിയും രൂപപ്പെടുത്തിയിട്ടുണ്ട്.

പ്രസ്ഥാനത്തിന്റെ ഭാഗമായ വിപുലമായ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തന്നെ കേരളത്തിലുണ്ട്. സമുദായത്തിനും കാലഘട്ടത്തിനും അനിവാര്യമായ സംരംഭങ്ങള്‍ മതരംഗത്തും വിദ്യാഭ്യാസ മേഖലയിലും പൊതു രംഗത്തും ഉയര്‍ന്നുവരേണ്ടതുണ്ട്. അതിന് മതിയായ വിദ്യാഭ്യാസ നയം രൂപവത്കരിച്ചിട്ടുമുണ്ട്. നിലവിലെ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള നിയമ ഭരണ ക്രമീകരണങ്ങള്‍, വിദ്യാഭ്യാസ കരിക്കുലം, പാഠ്യപദ്ധതി, കോഴ്‌സുകള്‍ എല്ലാം ഫലപ്രദമായി ആവിഷ്‌കരിച്ചു വരികയാണ്. സ്ഥാപനങ്ങളെ പരസ്പരം ഏകോപിപ്പിക്കാനും വിപുലപ്പെടുത്തുന്നതിനും അക്കാദമിക് കൗണ്‍സില്‍ നിലവില്‍ വന്നു. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അതിവേഗ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അതാണ് ജാമിഅത്തുല്‍ ഹിന്ദ്.
സമുദായത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കി ഈ പ്രസ്ഥാന കുടുംബത്തെ ഒന്നിച്ചു നയിക്കുകയാണ് കേരള മുസ്‌ലിം ജമാഅത്ത്. മുമ്പ് പറഞ്ഞ വിഷയങ്ങളിലെല്ലാം തീരുമാനങ്ങള്‍ എടുക്കുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുകയാണ്. വെല്ലുവിളികളെ നിരന്തരമായി അഭിമുഖീകരിക്കുന്ന ഒരു ന്യൂനപക്ഷ സമുദായത്തിന്റെ നാനോന്മുഖ വികസനവും വളര്‍ച്ചയുമാണ് ലക്ഷ്യം. സമുദായത്തിലെ പൗരപ്രമുഖരും മഹല്ല് ജമാഅത്തുകളും ഉമറാക്കളും പണ്ഡിതര്‍ക്കൊപ്പമിരുന്ന് ചിന്തിക്കാന്‍ സമയമായി. നേതൃത്വം നിരന്തര ചര്‍ച്ചയിലൂടെയും പഠനത്തിലൂടെയും രൂപപ്പെടുത്തിയ വിഷന്‍ 2017-18 നടപ്പാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളെയും ബാധിക്കുന്ന അതീവ സങ്കീര്‍ണമായ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിട്ടുള്ളത്. കോടികളുടെ സാമ്പത്തിക ബജറ്റ് ഇതിന് കണക്കാക്കുന്നു. എക്കാലത്തും ശക്തിപകര്‍ന്ന പ്രവര്‍ത്തകരും സന്മനസ്‌കരായ എല്ലാവരും ഇതിനെ പിന്തുണക്കുമെന്ന വിശ്വാസമാണ് പ്രതീക്ഷ നല്‍കുന്നത്. പണ്ഡിതരും സമുദായ നേതൃത്വവും ഒന്നായി കൈകോര്‍ത്ത് ഇതിന് പ്രചോദനമേകും.

Latest