Connect with us

Kerala

വെറ്ററിനറി സര്‍വകലാശാല പ്രാദേശിക കേന്ദ്രം; ഭൂമി കൈമാറാനുളള തീരുമാനം വൈകുന്നു

Published

|

Last Updated

കൊയിലാണ്ടി: നടേരി കാവുംവട്ടം വലിയ മലയില്‍ വെറ്ററിനറി സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. നഗരസഭയുടെ കൈവശമുളള അഞ്ച് ഏക്കര്‍ സ്ഥലത്താണ് വെറ്ററിനറി സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
30 വര്‍ഷത്തേക്ക് നഗരസഭയുടെ കൈവശമുളള വലിയ മലയിലെ സ്ഥലം ലീസിന് നല്‍കണമെന്നാണ് സര്‍വകലാശാലാധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊയിലാണ്ടി നഗരസഭയില്‍ നിന്ന് സ്ഥലം കൈമാറിക്കൊണ്ടുളള അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു പറഞ്ഞു. ഇക്കാര്യം ഓര്‍മിപ്പിച്ച് ഒരാഴ്ച മുമ്പ് നഗരസഭാ സെക്രട്ടറിക്ക് വീണ്ടും കത്തയച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍വകലാശാലക്ക്് സ്ഥലം നല്‍കുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സാങ്കേതിക നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ കെ സത്യന്‍ അറിയിച്ചു.

സര്‍വകലാശാല കേന്ദ്രം വരുന്നതിന് മുന്നോടിയായി എം എല്‍ എമാരായ സി കെ ശശീന്ദ്രന്‍, കെ ദാസന്‍, നഗരസഭാ ചെയര്‍മാന്‍ കെ സത്യന്‍, രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു എന്നിവര്‍ കഴിഞ്ഞമാസം വലിയ മല സന്ദര്‍ശിച്ചിരുന്നു. സ്ഥലം കൈമാറി കിട്ടുകയാണെങ്കില്‍ ഈ മാസം തന്നെ സര്‍വകലാശാല പ്രാദേശിക കേന്ദ്രത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു.

പൗള്‍ട്രി പ്രൊഡക്ഷന്‍, ലൈവ് സ്റ്റോക്ക് പ്രോഡക്ഷന്‍, ഡയറി എന്റപ്രണര്‍ഷിപ്പ് എന്നീ ഡിപ്ലോമ കോഴ്‌സുകളാണ് വലിയ മല പ്രാദേശിക കേന്ദ്രത്തില്‍ തുടങ്ങുക. ക്ഷീര വികസന മേഖലയില്‍ ശില്‍പ്പശാല, പരിശീലന പരിപാടികള്‍ എന്നിവയും നടത്തും. ക്ഷീര കര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിവിധ യൂനിറ്റുകളും മികച്ച കന്നുകുട്ടികളെ ഉത്പാദിപ്പിക്കുന്ന യൂനിറ്റും ഇവിടെ ആരംഭിക്കുമെന്നറിയുന്നു. കേന്ദ്രം തുടങ്ങാന്‍ പത്ത് കോടി വേണ്ടി വരും. വയനാട് പൂക്കോട് ലക്കിടിയിലാണ് സര്‍വകലാശാലയുടെ ആസ്ഥാനം.
കൊയിലാണ്ടിയുടെ കാര്‍ഷിക -മൃഗ പരിപാലന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വെറ്ററിനറി സര്‍വകലാശാല പ്രാദേശിക കേന്ദ്രത്തിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവുംവട്ടം ഭാഗത്തെ വികസന മുരടിപ്പും മാറും. വലിയ മലയിലേക്കുളള റോഡ് വികസിപ്പിക്കേണ്ടി വരും. കൂടുതല്‍ ശേഷിയുളള പുതിയ വൈദ്യുതി ലൈനും കുടിവെളള പദ്ധതിയും വേണ്ടി വരും.