Connect with us

Sports

ശശാങ്ക് മനോഹര്‍ ഐ സി സി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു

Published

|

Last Updated

ദുബൈ: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശശാങ്ക് മനോഹര്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ശശാങ്ക് മനോഹര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. ഐ സി സി ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് രാജിക്കത്ത് അയച്ചത്.

ബി സി സി ഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ആ സ്ഥാനം രാജിവെച്ചാണ് എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഐ സി സി ചെയര്‍മാനായത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഐ സി സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാന്‍ കൂടിയായിരുന്നു. ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പക്ഷപാതമില്ലാതെ തീരുമാനങ്ങളെടുത്തിരുന്നുവെന്നും തന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും രാജിക്കത്തില്‍ പറയുന്നു. തന്നെ പിന്തുണച്ച എല്ലാ സ്റ്റാഫിനും മാനേജ്‌മെന്റിനും ഡയറക്ടമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് പറയുമ്പൊഴും ബോര്‍ഡ് യോഗത്തില്‍ ശാശാങ്കിന് പിന്തുണ കുറഞ്ഞു വന്നിരുന്നു. പല വിഷയങ്ങളിലും ഐ സി സിക്കതിരെ ബി സി സി ഐ രംഗത്ത് വന്നതും രാജിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ രാജി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന ആശയത്തെ ബി സി സി ഐ തുടക്കം മുതല്‍ക്കെ എതിര്‍ത്തിരുന്നു.

Latest