Connect with us

International

ട്രംപിന് കണ്ണീരില്‍ കുതിര്‍ന്ന കത്തുമായി സിറിയന്‍ അഭയാര്‍ഥി

Published

|

Last Updated

വാഷിംഗ്ടണ്‍: അഭയാര്‍ഥി, കുടിയേറ്റവിരുദ്ധ നിലപാടുകളുമായി തിരഞ്ഞെടുപ്പിനെ നേരിട്ട യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കണ്ണീരില്‍ കുതിര്‍ന്ന കത്തുമായി സിറിയന്‍ അഭയാര്‍ഥി. ആക്രമണം രൂക്ഷമായ സിറിയയില്‍ നിന്ന് തുര്‍ക്കി വഴി ഗ്രീസിലേക്ക് കുടുംബസമേതം പലായനം ചെയ്ത അബ്ദുല്‍ അസീസ് ദുഖാന്‍ എന്ന 18കാരനാണ് ട്രംപിനോട് അവസാന പ്രതീക്ഷയെന്ന നിലക്കുള്ള കത്ത് അയച്ചത്. ട്രംപിന്റെ കുടിയേറ്റവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വരികള്‍ക്കിടയിലൂടെ ഒളിയമ്പ് എയ്താണ് കത്തിന്റെ ഉള്ളടക്കം. ലോകത്തിന്റെ പിന്തുണ ലഭിക്കണമെന്ന പ്രതീക്ഷയിലും കൈകളില്‍ സ്‌നേഹപൂക്കള്‍ ലഭിക്കാനുമാണ് തങ്ങള്‍ വിപ്ലവം തുടങ്ങിയതെന്നും എന്നാല്‍ പൂക്കള്‍ തോക്കുകളായെന്നും ഇപ്പോള്‍ ബാക്കിയുള്ളത് പ്രതീക്ഷകളാണെന്നും അബ്ദുല്‍ അസീസ് പറയുന്നു.

“അഭയം തേടി നാടുവിട്ട ഞങ്ങള്‍ക്ക് മുമ്പില്‍ ജനങ്ങളും അവര്‍ക്ക് പിന്നാലെ രാജ്യങ്ങളും മതിലുകള്‍ പണിയുകയാണ്. മതിലുകള്‍ക്കുള്ളിലെ ഞങ്ങള്‍ സ്വപ്‌നം പണിയുകയാണ്. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുത്.” കത്തില്‍ പറയുന്നു. പുതിയ യു എസ് പ്രസിഡന്റിനോട് സഹായം അവശ്യപ്പെടുന്ന രീതിയിലുള്ള വരികളാണെങ്കിലും ട്രംപിന്റെ കുടിയേറ്റവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് വരികള്‍ക്കിടയിലുള്ളത്.