Connect with us

Qatar

നാലു സ്വകാര്യ ഗാരേജുകള്‍ക്കു മാത്രം വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകാരം

Published

|

Last Updated

ദോഹ: നാലു ഓട്ടോമോബൈല്‍ ഗാരേജുകളാണ് ഇതുവരെ നിബന്ധന്ധനകള്‍ പാലിച്ച് അംഗീകാരം നേടിയിട്ടുള്ളതെന്ന് വാണിജ്യ, സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.
വാഹനങ്ങളുടെ അംഗീകൃത സര്‍വീസ് സെന്ററുകളല്ലാത്ത സ്വകാര്യ വര്‍ക്‌ഷോപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ യോഗ്യതകള്‍ പാലിക്കുകയും മത്സരാധിഷ്ഠിതമായ നിരക്കു ഘടനയും അംഗീകാരിച്ച് മന്ത്രാലയത്തിന്റെ ലൈസന്‍സ് സ്വീകരിച്ചവയാണ് ഈ നാലു ഗാരേജുകള്‍. വാറന്റിയുള്ള വാഹനങ്ങളുള്‍പ്പെടെ സ്വകാര്യ ഗാരേജുകളില്‍നിന്നും റിപ്പയര്‍ നടത്താനുള്ള അനുമതിക്കൊപ്പമാണ് നിബന്ധനകള്‍ കൊണ്ടുവന്നത്. കാര്‍ ഡീലര്‍മാര്‍ നിര്‍ദേശിക്കുന്ന നിബന്ധനകള്‍ കൂടി പാലിക്കുന്നവയാണ് ഈ വര്‍ക്‌ഷോപ്പുകള്‍. വ്യത്യസ്ത കാറുകള്‍ സര്‍വീസ് ചെയ്യുന്നതിനുള്ള അംഗീകാരമാണ് ഈ ഗാരേജുകള്‍ക്കുള്ളത്.

അല്‍ ബറാഖ് ഓട്ടോമോബൈല്‍സ് (പോര്‍ഷെ), അല്‍ ഹമദ് ഓട്ടോമോബൈല്‍സ് (റ്റാറ്റ, ചെറി, ജെ എ സി), ഇ ഐ നാഇല്‍ കമ്പനി (സാന്‍ഗിയംഗ്), ഇബ്ന്‍ അജയാന്‍ ഗ്രൂപ്പ് (സ്‌കോഡ, സീറ്റ്) എന്നീ വര്‍ക്‌ഷോപ്പുകള്‍ക്കാണ് മന്ത്രാലയത്തിന്റെ അംഗീകാരം. ശേഷിക്കുന്ന കാര്‍ കമ്പനികള്‍ കൂടി ഈ ഗാരേജുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
കാര്‍ ഡീലര്‍മാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ ഗാരേജുകള്‍ പാലിക്കുന്നുവെന്ന് മന്ത്രാലയം നിരീക്ഷിക്കുകയും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. മന്ത്രാലത്തിലെ ബന്ധപ്പെട്ട വിഭാഗത്തില്‍നിന്നും അംഗീകാരം ലഭിച്ചാല്‍ പ്രാദേശിക കാര്‍ ഡീലര്‍മാര്‍ അംഗീകാരമുള്ള വര്‍ക്‌ഷോപ്പുകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണം. അംഗീകാരമുള്ള വര്‍ക്‌ഷോപ്പുകള്‍ മന്ത്രാലയം നിര്‍ദേശ പ്രകാരമുള്ള നിരക്ക് ഘടനകള്‍ പാലിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സര്‍വീസ് ചാര്‍ജ് കുറക്കുന്നതിനുകൂടി വേണ്ടിയാണ് വര്‍ക്‌ഷോപ്പ് അക്രഡിറ്റേഷന്‍ രീതി മന്ത്രാലയം കൊണ്ടു വന്നത്.

കാര്‍ ഡീലര്‍മാരുടെ നേരിട്ടുള്ള സര്‍വീസ് സെന്ററുകളില്‍ കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടി വരുന്നതും അധികച്ചലവു നല്‍കേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചാണ് പുതിയ സമ്പ്രദായം.
കാര്‍ ഉടമകള്‍ക്ക് ഇഷ്ടാനുസരണം സ്വകാര്യ വര്‍ക്‌ഷോപ്പുകളില്‍ പോയി വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. അംഗീകൃത വര്‍ക്‌ഷോപ്പുകളില്‍ വാറന്റിയുള്ള വാഹനങ്ങളും റിപ്പയര്‍ ചെയ്യാന്‍ സാധിക്കും.

Latest