Connect with us

Kozhikode

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

Published

|

Last Updated

കോഴിക്കോട്: മലാപ്പറമ്പ് എയ്ഡഡ് യുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി സ്‌കൂള്‍ സര്‍ക്കാരിന് ഏറ്റെടുത്ത് നടത്താമെന്ന് ഹൈക്കോടതി വിധി വന്ന പശ്ചാതലത്തില്‍ ഇന്നലെ സ്‌കൂളിലെത്തിയ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലാപ്പറമ്പ് എ യു പി സ്‌കൂളിനെ സര്‍ക്കാര്‍ സ്‌കൂളാക്കിയതായുള്ള പ്രഖ്യാപനം നടത്തി. സ്‌കൂളിന് പുതിയ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
മലാപറമ്പ് സ്‌കൂള്‍ പോലെ സംസ്ഥാനത്ത് അടച്ച് പൂട്ടിയ മറ്റ് മൂന്ന് സ്‌കൂളുകളും അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ടുള്ള പ്രഖ്യാപനം നടത്തും. സംസ്ഥാന സ്‌കൂള്‍ ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് മലാപ്പറമ്പ് സ്‌കൂളിലേതെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് മധുരം നല്‍കിയും അവരോട് കുശലം പറഞ്ഞും ഇന്നലെ വൈകീട്ട് നാലരയോടെ കുട്ടികളേയും അധ്യാപകരേയും കൂട്ടി മന്ത്രി സ്‌കൂളിലെത്തി. ഡിഡിഇ ഗിരീഷ് ചോലയില്‍ മാനേജറില്‍ നിന്നും ഏറ്റുവാങ്ങിയ താക്കോലുമായി സ്‌കൂളിലെത്തിയിരുന്നു. സ്‌കൂള്‍ തുറന്ന് പ്രധാനാധ്യാപിക എന്‍ എം പ്രീതിയെ മലാപ്പറമ്പ് സര്‍ക്കാര്‍ യുപി സ്‌കൂള്‍ പ്രധാനാധ്യാപികയുടെ കസേരയിലിരുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
“സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ മാനേജരുടെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. സ്‌കൂള്‍ പൂട്ടിയ ശേഷം കഴിഞ്ഞ അഞ്ചുമാസവും 15 ദിവസവുമായി കുട്ടികള്‍ കോഴിക്കോട് കലക്ടറേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു പഠിച്ചിരുന്നത്. സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തിനുള്ള നഷ്ടപരിഹാരമായ മൂന്‍കൂട്ടി തീരുമാനിച്ച തുക മാനേജര്‍ക്ക് മൂന്ന് മാസത്തിനുളളില്‍ നല്‍കാമെന്ന രേഖാമുലമുള്ള ഉറപ്പ് കലക്ടര്‍ എന്‍ പ്രശാന്ത് മാനേജര്‍ക്ക് നല്‍കി.
ഇതുപ്രകാരമാണ് സ്‌കൂളിന്റെ താക്കോല്‍ മാനേജര്‍ കൈമാറിയത്. സ്‌കൂളിനുമേല്‍ യാതൊരു വിധ ഭീഷണിയും ഇനിയില്ലെന്ന് ഡി ഡി ഇ ഗിരീഷ് ചോലയില്‍ പറഞ്ഞു. 2004 ഏപ്രില്‍ 10ന് അര്‍ധരാത്രി ജെസിബി ഉപയോഗിച്ച് മാനേജര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്തതോടെയാണ് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ സമരത്തിന് വേദിയായത്. ഒരു മാസം കൊണ്ടുതന്നെ നാട്ടുകാരുടേയും അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടേയും സഹായത്തോടെ സ്‌കൂള്‍ പുനര്‍നിര്‍മിച്ചു. എന്നാല്‍ മാനേജര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതോടെ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ് വന്നു. ഇതിനെതിരെ നാട്ടുകാര്‍ സ്‌കൂളിനു മുമ്പില്‍ സമരമിരിക്കുകയും 64 ദിവസം നീണ്ട രാപകല്‍ സമരത്തിനൊടുവില്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് പ്രഖ്യാപിക്കുകയുമായിരുന്നു. അതുപ്രകാരം സ്‌കൂള്‍ ജൂണ്‍ എട്ടിന് കോടതി ഉത്തരവ് നടപ്പാക്കാനായി പൂട്ടി. ഒരു മാസം കൊണ്ടുതന്നെ നടപടിക്രമങ്ങളെല്ലാം തീര്‍ത്ത് സ്‌കൂള്‍ പുനരാരംഭിക്കാമെന്ന എ. പ്രദീപ് കുമാര്‍ എം എല്‍ എയുടേയും ജില്ലാ കലകടറുടേയും ഉറപ്പില്‍ സ്‌കൂള്‍ താത്കാലികമായി കലക്ടറേറ്റിലെ എന്‍ജിനിയറിംഗ് കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റുകയായിരുന്നു.

---- facebook comment plugin here -----

Latest