Sports
തെലങ്കാന മന്ത്രിക്ക് മറുപടി നല്കി സിന്ധു
ന്യൂഡല്‍ഹി: ഗോപിചന്ദിനേക്കാള് മികച്ച കോച്ചിനെ പി വി സിന്ധുവിന് കണ്ടെത്തി നല്‍കുമെന്ന് പറഞ്ഞ തെലങ്കാന ഉപ മുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് പി വി സിന്ധുവിന്റെ മറുപടി. ഗോപിചന്ദ് ആണ് മികച്ച പരിശീലകന്, അദ്ദേഹത്തിന് കീഴില്‍ തുടരും – സിന്ധു പറഞ്ഞു.
റിയോയില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധുവിന് അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണം നേടുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഗോപിചന്ദിനേക്കാള് മികച്ച കോച്ചിനെ കണ്ടെത്തി നല്‍കുമെന്നും സി എന്‍ എന്‍ ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തിലാണ് അലി പറഞ്ഞത്.
ഇരുപത്തൊന്നു വയസുള്ള സിന്ധു ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമാണ്.
ചൈനയുടെ ലോക രണ്ടാം നമ്പര്‍ വാംഗ് യിഹാന്, ലോക ആറാം നമ്പര്‍ നൊസൊമി ഒകുഹാര എന്നിവരെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ലോക ഒന്നാം നമ്പര്‍ താരം കരോലിന മരിന് മുന്നിലാണ് സിന്ധു കീഴടങ്ങിയത്.