Connect with us

Business

വിദേശ നിക്ഷേപങ്ങള്‍ക്കിടയിലും ഇന്ത്യന്‍ മാര്‍ക്കറ്റ് തളര്‍ച്ചയില്‍

Published

|

Last Updated

വിദേശ നിക്ഷേപത്തിനിടയിലും ഇന്ത്യന്‍ മാര്‍ക്കറ്റിന് തളര്‍ച്ചനേരിട്ടു. പിന്നിട്ടവാരം ബി എസ് ഇ സൂചിക 75 പോയിന്റും എന്‍ എസ് ഇ സൂചിക അഞ്ച് പോയിന്റും കുറഞ്ഞു.
ആര്‍ ബി ഐ പുതിയ സാരഥിയുടെ വരവിനെ ഓഹരി വിപണി പ്രതീക്ഷളോടെ ഉറ്റ്‌നോക്കുന്നു. നാണയപ്പെരുപ്പം നിയന്ത്രണത്തില്‍ നീങ്ങിയാല്‍ അത് ഓഹരി സൂചികയുടെ മുന്നേറ്റത്തിന് അവസരം ഒരുക്കും. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഊര്‍ജിത് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് നിയുക്ത ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ഇതിനിടയില്‍ മൊത്ത വില സൂചിക 23 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയത് നിക്ഷേപകരില്‍ ആശങ്ക ഉളവാക്കി. ജൂണില്‍ 1.62 ശതമാനത്തില്‍ നീങ്ങിയ പണപ്പെരുപ്പം ജൂലൈയില്‍ 3.55 ശതമാനത്തിലാണ്.
ബോംബെ സൂചിക കഴിഞ്ഞവാരം 28,214- 27,942 റേഞ്ചില്‍ ചാഞ്ചാടി. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 28,077 പോയിന്റിലാണ്. ഈ വാരം 28,213-28,349ല്‍ തടസം നേരിടാം. വിപണിക്ക് തളര്‍ച്ച നേരിട്ടാല്‍ സൂചിക 27,941-27,805ല്‍ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്റ്റി 8696 വരെ ഉയര്‍ന്നെങ്കിലും നിര്‍ണായകമായ 8700 പോയിന്റിലെ തടസം ഭേദിച്ച് മറികടക്കാനാവാഞ്ഞത് ദുര്‍ബലാവസ്ഥയെ സൂചിപ്പിച്ചു. വാരാന്ത്യം നിഫ്റ്റി 8666 പോയിന്റിലാണ്. വ്യാഴാഴ്ച ആഗസ്റ്റ് സീരീസ് സെറ്റില്‍മെന്റാണ്.
സെന്‍സെക്‌സിന് വെയിറ്റേജ് നല്‍ക്കുന്ന മുന്‍ നിരയിലെ 30 ഓഹരികളില്‍ 16 എണ്ണത്തിന്റെ നിരക്ക് ഉയര്‍ന്നപ്പോള്‍ 14 ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു. എഫ് എം സി ജി, ടെക്‌നോളജി വിഭാഗങ്ങളില്‍ വില്‍പ്പന സമ്മര്‍ദം. സ്റ്റീല്‍, ബേങ്കിംഗ്, കാപ്പിറ്റല്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ വിഭാഗങ്ങളില്‍ നിക്ഷേപ താല്‍പര്യം ദൃശ്യമായി.
മുന്‍ നിരയില്‍ എസ് ബി ഐ, സിപ്ല ഓഹരി വിലകള്‍ ആറ് ശതമാനത്തില്‍ അധികം ഉയര്‍ന്നു. ഒ എന്‍ ജി സി, ടാറ്റാ സ്റ്റീല്‍, ഐ സി ഐ സി ഐ ബേങ്ക്, എച്ച് ഡി എഫ് സി ബേങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവയും മികവിലാണ്. ഇന്‍ഫോസീസ്, റ്റി സി എസ്, വിപ്രോ, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ആര്‍ ഐ എല്‍, എച്ച് യു എല്‍, ടാറ്റാ മോട്ടേഴ്‌സ് എന്നിവയുടെ നിരക്ക് താഴ്ന്നു.
വിനിമയ വിപണിയില്‍ രൂപക്ക് മൂല്യത്തളര്‍ച്ച. ഡോളറിന് മുന്നില്‍ 66.75 ല്‍ നീങ്ങിയ ശേഷം വാരാന്ത്യം 67.06 ലാണ്. ബി എസ് ഇ യില്‍ പിന്നിട്ടവാരം 12,796 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 80,356 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.
ക്രൂഡ് ഓയില്‍ 50 ഡോളറിന് മുകളില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. സ്വര്‍ണം ട്രോയ് ഔണ്‍സിന് 1334 ഡോളറില്‍ നിന്ന് 1341 ഡോളറായി. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളര്‍ കരുത്തു കാണിച്ചാല്‍ ഫണ്ടുകള്‍ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് നടത്താം.

Latest