Connect with us

Kerala

കാലിക്കറ്റില്‍ റാങ്ക് ലിസ്റ്റ് പുറത്തായ സംഭവം: പുതിയ അന്വേഷണ സമിതി

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്യൂണ്‍-വാച്ച്മാന്‍ റാങ്ക് ലിസ്റ്റ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രോ വൈസ്ചാന്‍സിലര്‍ ഡോ. പി മോഹന്‍ ചെയര്‍മാനായി പുതിയ സമിതി രൂപവത്കരിച്ചു. സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ സി പി ജോണ്‍ പ്രാഥമിക അന്വേഷണം നടത്തി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സമിതി രൂപവത്കരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തത്. സര്‍വകലാശാല എജ്യൂക്കേഷന്‍ വിഭാഗത്തിലെ അധ്യാപിക പ്രൊഫ. നസീമ, കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. എബ്രഹാം ജോസഫ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍ സി എല്‍ ആര്‍ ജീവനക്കാര്‍ക്ക് 30 ശതമാനം സംവരണം നല്‍കി പ്യൂണ്‍-വാച്ച്മാന്‍ തസ്തികയില്‍ സ്ഥിരം നിയമനം നല്‍കുന്നതിനായുള്ള റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥരില്‍ നിന്ന് ജോയിന്റ് രജിസ്ട്രാര്‍ മൊഴിയെടുക്കുകയും രജിസ്ട്രാര്‍ ഓഫീസിലെ സുപ്രധാന രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
രണ്ട് ദിവസത്തെ നടപടികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍വകലാശാലക്ക് പുറത്തുള്ള സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും റാങ്ക് ലിസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് പുറത്തുപോയിട്ടുണ്ടെന്നും ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് നല്‍കും മുമ്പാണ് വീണ്ടും സര്‍വകലാശാല തലത്തില്‍ അന്വേഷണം നടത്താന്‍ പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. രജിസ്ട്രാര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥരെയും സര്‍വകലാശാലയുടെ ഭരണതലത്തിലിരിക്കുന്ന പിവിസിയെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച സമിതിയുടെ അന്വേഷണത്തില്‍ അപാകമുണ്ടെന്ന് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയന്‍ ആരോപിച്ചു. സര്‍വകലാശാലക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂവെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.

Latest