Connect with us

National

ഉത്തരാഖണ്ഡ് ഉയര്‍ത്തി പ്രതിപക്ഷം; സഭ സ്തംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം ആരംഭിച്ചു. പ്രതിപക്ഷം ഉത്തരാഖണ്ഡ് വിഷയം ഉയത്തികൊണ്ടു വന്നതോടെ സഭ നേരത്തെ പിരിയേണ്ടിവന്നു. അന്തരിച്ച അംഗങ്ങള്‍ക്കും ബ്രസല്‍ ഭീകരാക്രമണം, ഇക്വഡേറിലെയും ജപ്പാനിലെയും ഭൂമി കുലുക്കം എന്നിവയില്‍ മരിച്ചവര്‍ക്കും അുശോചനമര്‍പ്പിച്ചാണ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി രാജ്യസഭയില്‍ സഭാ നടപടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പ്രതിപക്ഷകക്ഷികള്‍ ഉത്തരഖണ്ഡ് വിഷയം സഭയില്‍ ഉയര്‍ത്തുകയായിരുന്നു. ഭരണഘടനയെ പരിഹാസ്യമാക്കുന്നത് അുവദിക്കാനാകില്ലെന്ന് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെ പരാമര്‍ശിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിച്ചിരിക്കുന്ന രൂക്ഷമായ ക്ഷാമം ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ്, ബി ജെ ഡി, ജെ ഡി യു, ബി എസ് പി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള എം പിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഉത്തരാഖണ്ഡ്, ക്ഷാമം എന്നീ വിഷയങ്ങള്‍ക്കാണ് പാര്‍ട്ടി നോട്ടീസ് നല്‍കിയതെന്ന് രാവിലെ ഗുലാം നബി ആസാദ് പറഞ്ഞു. ലോക്‌സഭയിലും പ്രതിപക്ഷം ഉത്തരഖണ്ഡ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നു. അതേസമയം, ഉത്തരാഖണ്ഡിലെ പ്രതിസന്ധി കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഫലമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പ്രതികരിച്ചു. ക്ഷാമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചര്‍ച്ചയാകാമെന്നും കോടതിക്ക് കീഴിലുള്ള വിഷയമായതിനാല്‍ ഉത്തരാഖണ്ഡ് ചര്‍ച്ച ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബി ജെ പി പ്രതിപക്ഷമായ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ഈ പ്രവണത തുടരുകയാണെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ ചെയറിന്റെ അനുമതിയില്ലാതെയും നോട്ടീസ് നല്‍കാതെയും വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിഷയം തള്ളി. ഇശ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സത്യവാങ്മൂല വിവാദത്തില്‍ ചിദംബരത്തെ ആക്രമിച്ച് ബി ജെ പി രംഗത്തെത്തി.
കേരളം കടുത്ത ജലപ്രതിസന്ധിയിലാണെന്നും പല സ്ഥലങ്ങളിലും നദികള്‍ വറ്റുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊല്ലത്തെ പറവൂര്‍ വെടിക്കെട്ടപകടം റിച്ചാര്‍ഡ് ഹേ രാജ്യസഭയില്‍ ഉന്നയിച്ചു. ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തിനെതിരെ ചില എം പിമാര്‍ പ്രതിഷേധിച്ചു. പാര്‍ലിമെന്റ് അംഗങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എം പിമാരില്‍ ചിലര്‍ ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ബസ് സംവിധാനം ഉപയോഗിച്ചപ്പോള്‍ ബി ജെ പി. എം പി അനില്‍ ദവെ സൈക്കിളില്‍ പാര്‍ലമെന്റിലെത്തി. അതിനിടെ, സുരേഷ് ഗോപി, ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ബോക്‌സിംഗ് താരം മേരി കോം തുടങ്ങി പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തവര്‍ക്ക് രാഷ്ട്രപതിഭവന്‍ അംഗീകാരം നല്‍കി.
എന്‍ ഡി എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ നിര്‍ണായകമായ ചരക്കുസേവന നികുതി ബില്‍, പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തിനിടയില്‍ പാസ്സാക്കിയെടുക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.