Connect with us

Kerala

പട്ടിക തയ്യാറാക്കിയത് ജയ സാധ്യത പരിഗണിച്ച്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ മേല്‍ക്കൈ നേടി എല്‍ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം:സീറ്റ് വിഭജനത്തില്‍ ധാരണയുണ്ടാക്കിയതിന് പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തി എല്‍ ഡി എഫ്. തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരുമുഴം മുമ്പെറിയുന്ന പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏതാനും സീറ്റുകളില്‍ മാത്രമാണ് ഇനിയും ധാരണയിലെത്താനുള്ളത്. തര്‍ക്കങ്ങള്‍ പരമാവധി പരിഹരിച്ചും മറ്റുഘടകങ്ങളെല്ലാം പരിഗണിച്ചുമാണ് സ്ഥാനാര്‍ഥി നിര്‍ണയം. പ്രത്യേകിച്ച് സി പി എമ്മില്‍ പതിവില്ലാത്ത വിധം കൂടിയാലോചനകളും വിശദമായ ചര്‍ച്ചകള്‍ക്കുമൊടുവിലാണ് അന്തിമ പട്ടിക രൂപപ്പെടുത്തിയത്.

പ്രാദേശിക തലങ്ങളിലുയര്‍ന്ന പ്രതിഷേധങ്ങളെ ഒരുവിധം തണുപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു. തര്‍ക്കമണ്ഡലങ്ങളില്‍ പലതലങ്ങളില്‍ ചര്‍ച്ച നടത്തിയും നിര്‍ദേശിച്ച പേരുകള്‍ മാറ്റിയുമാണ് അവസാന തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് തീയതി നീണ്ടുപോയതിനാല്‍ ലഭിച്ച അധിക സമയം പരമാവധി ഉപയോഗപ്പെടുത്തി. രണ്ട് ടേമില്‍ കൂടുതല്‍ മത്സരിച്ചവര്‍ വേണ്ടെന്ന തീരുമാനത്തില്‍ ജയസാധ്യത പരിഗണിച്ച് പലര്‍ക്കും ഇളവ് നല്‍കി.
മുസ്‌ലിം ലീഗും ബി ജെ പിയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും മുന്നണിയെന്ന നിലയില്‍ പൂര്‍ത്തിയായിട്ടില്ല. യു ഡി എഫിലെ സീറ്റ് വിഭജനം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നതാണ് സ്ഥിതി.
പ്രത്യേകതകളേറെയുണ്ട് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി പട്ടികക്ക്. ഒന്നര പതിറ്റാണ്ടിന് ശേഷം നായകനായി പിണറായി വിജയന്‍ എത്തുന്നു എന്നതില്‍ തുടങ്ങുന്നു ഇത്. പിണറായിയും വി എസും ഒരുമിച്ച് മത്സരിക്കുന്നുവെന്ന പ്രത്യേകത വേറെയും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് സ്ഥാനാര്‍ഥികളായത് ആറു പേര്‍ മാത്രം. സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച പലരും പുറത്തായി. അവസാന നിമിഷവും പ്രതീക്ഷയുമായി നിന്ന പി കെ ഗുരുദാസനെ പോലും പരിഗണിച്ചില്ല. വര്‍ഗബഹുജന സംഘടനകളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നല്‍കുന്ന സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തുന്നു. പലയിടത്തും സ്വതന്ത്രരെയാണ് സി പി എം കളത്തിലിറക്കുന്നത്. ഇനിയും തീരുമാനമാകാത്ത മഞ്ചേരി, ഏറനാട് സീറ്റുകളിലേക്ക് സി പി ഐ പരിഗണിക്കുന്നതും സ്വതന്ത്രരെയാണ്. 16 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ജയിക്കാവുന്ന സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഇന്നസെന്റിന് ലഭിച്ച സ്വീകാര്യത ഉള്‍ക്കൊണ്ട് സിനിമാരംഗത്തുള്ളവരെയും പരിഗണിച്ചു. വടക്കാഞ്ചേരിയില്‍ നിര്‍ദേശിച്ച കെ പി എ സി ലളിത പിന്മാറിയെങ്കിലും കൊല്ലത്ത് നടന്‍ മുകേഷിനെ തന്നെ ഉറപ്പിച്ചു. പത്തനാപുരം സീറ്റില്‍ മത്സരിക്കുന്ന കെ ബി ഗണേഷ്‌കുമാറും ഈ രംഗത്ത് നിന്ന് തന്നെ. രണ്ട് മാധ്യമ പ്രവര്‍ത്തകരും പട്ടികയിലുണ്ട്. റിപ്പോര്‍ട്ട് ടി വി മാനേജിംഗ് ഡയറക്ടര്‍ എം വി നികേഷ്‌കുമാറും അതേസ്ഥാപനത്തില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക വീണാജോര്‍ജ്ജും. രണ്ടുപേര്‍ക്കെതിരെയും പ്രാദേശിക തലത്തില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് പോലും കണക്കിലെടുത്തില്ല.
യുവപ്രാതിനിധ്യം പട്ടികയില്‍ ഉറപ്പ് വരുത്തുന്നതില്‍ നേതൃത്വം വിജയിച്ചെന്ന് വേണം കരുതാന്‍. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ എസ് എഫ് ഐ പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെ നിയോഗിച്ചപ്പോള്‍ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ നേരിടുന്നത് ഡി വൈ എഫ് ഐ നേതാവ് എം സ്വരാജ്. പട്ടാമ്പിയില്‍ മത്സരിക്കാന്‍ സി പി ഐ നിയോഗിച്ചിരിക്കുന്നത് ജെ എന്‍ യുവിലെ സമരനായകന്‍ മുഹ്‌സിനെയാണ്.
സ്ഥാനാര്‍ഥി നിര്‍ണയം ആദ്യം നടത്തിയത് മുസ്‌ലിം ലീഗാണ്. രണ്ടുഘട്ടങ്ങളിലായി ഒരു സീറ്റിലൊഴികെ ലീഗിന്റെ സ്ഥാനാര്‍ഥികളെയെല്ലാം അവര്‍ പ്രഖ്യാപിച്ചു. ബി ജെ പിയും പകുതിയലധികം സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ബി ഡി ജെ എസ് സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമായി. കോണ്‍ഗ്രസ്, കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ഇനി പ്രധാനമായി വരാനുള്ളത്. സീറ്റുവിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ യു ഡി എഫിലെ മറ്റുഘടകകക്ഷികളുടെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്.
സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും നേടിയ മേല്‍ക്കൈ പ്രചാരണരംഗത്തും പ്രതിഫലിപ്പിക്കാനാണ് എല്‍ ഡി എഫ് നീക്കം. ഔപചാരിക പ്രചാരണത്തിന് തുടക്കമിടുന്ന മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്‍ നേരത്തെ മുതല്‍ കളത്തിലുണ്ടെങ്കിലും പ്രചാരണത്തിന് ഔപചാരിക സ്വഭാവം കൈവന്നിരുന്നില്ല.

Latest