Connect with us

Kasargod

സ്‌കൂളിലേക്കുള്ള വഴിയില്‍ നിക്ഷേപിച്ച കൂടോത്രം പോലീസെത്തി ഒഴിപ്പിച്ചു

Published

|

Last Updated

സ്‌കൂളിനു സമീപത്ത് കാണപ്പെട്ട മണ്‍ചട്ടി പോലീസ് പരിശോധിക്കുന്നു

കാസര്‍കോട്: സ്‌കൂളിലേക്കുള്ള വഴിയില്‍ ആരോ കൂടോത്രം വെച്ചത് ഇതില്‍ വിശ്വാസമുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി. വിവരമറിഞ്ഞ് പി ടി എ പ്രസിഡന്റ് അടക്കം നിരവധി പേര്‍ സ്ഥലത്തെത്തി തടിച്ചു കൂടിയെങ്കിലും കൂടോത്രത്തില്‍ കൈവെ്ക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. കൂടുതല്‍ പേര്‍ സ്ഥലത്തേക്ക് എത്താന്‍ തുടങ്ങിയതോടെ പൊലീസെത്തി കൂടോത്രം വെച്ച ചട്ടി എറിഞ്ഞുടച്ച് അകത്തുണ്ടായിരുന്ന തേങ്ങ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.
ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് അടുക്കത്ത്ബയല്‍ സ്‌കൂളിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം. ദേശീയപാതയില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിയില്‍ വെള്ളത്തുണിയില്‍ എന്തോ പൊതിഞ്ഞുവെച്ചത് പ്രഭാത നടത്തത്തിന് ഇറങ്ങിയവരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ പി ടി എ പ്രസിഡന്റ് സുരേന്ദ്രനെ വിവരം അറിയിച്ചു.
തുടര്‍ന്ന് അദ്ദേഹവും നാട്ടുകാരും എത്തി. വഴിയില്‍ വെച്ചിരിക്കുന്നത് കൂടോത്രമാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ കൂടുതല്‍ പേര്‍ സ്ഥലത്തെത്തി പല അഭിപ്രായ പകടനങ്ങളും നടത്താന്‍ തുടങ്ങി. കൂടോത്രം പ്രശ്‌നങ്ങള്‍ക്കി ടയാക്കിയേക്കുമെന്ന് സംശയം ഉയര്‍ന്നതോടെ എസ് ഐമാരായ രാജന്‍, അമ്പാടി എന്നിവര്‍ സ്ഥലത്തെത്തി പൊതിഞ്ഞ തുണി അഴിച്ചുമാറ്റി. അപ്പോള്‍ കണ്ടത് പുതിയ മണ്‍കലവും അതിനകത്ത് പൊതിച്ച തേങ്ങയുമാണ്. സംഗതി കൂടോത്രമാണെന്ന് വ്യക്തമായതോടെ കൂടിനിന്നവര്‍ പിന്നോട്ട് മാറി. ഇതിനിടയില്‍ പൊലീസ് ചട്ടി നിലത്തിട്ട് ഉടക്കുകയും തേങ്ങ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു. ഇതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞുപോയത്.