Connect with us

Malappuram

കോട്ടക്കലില്‍ നീര്‍ത്തട വികസന പദ്ധതിക്ക് ഭരണാനുമതി

Published

|

Last Updated

കോട്ടക്കല്‍: മണ്ഡലത്തിലെ നാല് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും എടയൂര്‍, മാറാക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓലാന്തിച്ചിറ നീര്‍ത്തട വികസന പദ്ധതിക്കുമായി 9,25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതില്‍ കോട്ടക്കല്‍ നഗരസഭയിലെ കുറ്റിപ്പുറം, കാവതിക്കളം, മാറാക്കര പഞ്ചായത്തിലെ കീഴ്മുറി, മേല്‍മുറി എന്നീ പാടശേഖരങ്ങളുടെ വികസനത്തിനായി 7.15 കോടി രൂപയാണ് നീക്കിവെച്ചത്. ഇതോടൊപ്പം കുറ്റിപ്പുറം പാടശേഖരത്തിലെ കാക്കാത്തോട് പുനരുദ്ധാരണവും വെള്ളം കെട്ടിനിര്‍ത്താന്‍ അഞ്ച് കോണ്‍ക്രീറ്റ് ചെക്ക് ഡാമുകളുടെ നിര്‍മാണവും നടക്കും. കാവതിക്കളം പാടശേഖരത്തിലെ തോട് പുനരുദ്ധാരണം, കനാല്‍ റിപ്പയറിങ്, ഡവേര്‍ഷന്‍ കനാലുകളുടെ നിര്‍മാണം, രണ്ട് കോണ്‍ക്രീറ്റ് ചെക്ക് ഡാമുകളുടെ നിര്‍മാണം എന്നിവയും പൂര്‍ത്തിയാക്കും. മാറാക്കര പഞ്ചായത്തിലെ കീഴ്മുറി പാടശേഖരത്തില്‍ ഡൈവേര്‍ഷന്‍ കനാല്‍ നിര്‍മാണം, തോടുകളുടെ സംരക്ഷണ ഭിത്തി നിര്‍മാണം, കോണ്‍ഗ്രീറ്റ് ചെക്ക് ഡാമുകളുടെ നിര്‍മാണം എന്നിവയും മേല്‍മുറി പാടശേഖരത്തില്‍ ചാലിയക്കുടം കുളം പുനരുദ്ധാരണം, തോടു സംരക്ഷണ ഭിത്തി നിര്‍മാണം, ട്രാക്ടര്‍ ബ്രിഡ്ജ് റാംപിന്റെ നിര്‍മാണം, മൂന്ന് ചെക്ക് ഡാമുകളുടെ നിര്‍മാണം എന്നിവയും പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കും. എടയൂര്‍ പഞ്ചായത്തിലെ 18,19 വാര്‍ഡുകളും മാറാക്കര പഞ്ചായത്തിലെ വാര്‍ഡുകളും ഉള്‍കൊള്ളുന്ന ഓലാന്തീച്ചിറ നീര്‍ത്തട വികസന പദ്ധതിക്ക് 2.1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി കയ്യാലകളുടെ നിര്‍മാണം, കൃഷിയിടങ്ങളില്‍ വരമ്പ് നിര്‍മാണം, തോടുകളുടെ സംരക്ഷണ ഭിത്തി നിര്‍മാണം, കുളങ്ങളുടെ പുനരുദ്ധാരണം, ചെക്ക്ഡാമുകളുടെ നിര്‍മാണം എന്നിവക്കാണ് തുക ചെലവഴിക്കുക. ജൈവകൃഷി പരിപോഷണത്തിനായി കോട്ടക്കല്‍ മണ്ഡലത്തില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ സംരഭങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി. മണ്ഡലത്തിലെ പാടങ്ങളും തോടുകളും നിലനിര്‍ത്തുന്നതിനും നവീകരിക്കുന്നതിനും ഉന്നമനത്തിനുമായി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.