Connect with us

Ongoing News

മദ്യപാനം വരുത്തിവെക്കുന്ന വിനകള്‍

Published

|

Last Updated

അവധി ദിനങ്ങള്‍ മദ്യപാനത്തിന് നീക്കിവെക്കുന്നവര്‍ സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. ഒരുഭാഗത്ത് ദേശീയദിനാഘോഷം പൊടിപൊടിക്കുമ്പോള്‍ വിദേശികളില്‍ ചിലര്‍ ലഹരി നുണഞ്ഞ് സമയം നീക്കി. തെരുവോരങ്ങളില്‍ വീണുകിടക്കുന്നവരെയും സംഘര്‍ഷം സൃഷ്ടിച്ചവരെയും കാണാനായി.
ദുബൈ ദേരയില്‍ നഖീല്‍ സെന്ററിന് സമീപം രണ്ടു പേര്‍ ഏറ്റുമുട്ടിയത് പരിസരവാസികളില്‍ ആശങ്കയുണ്ടാക്കി. ഒരു പാക്കിസ്ഥാനി യുവാവും ഇന്ത്യക്കാരനായ മധ്യവയസ്‌കനുമായിരുന്നു പോര്. പാക്കിസ്ഥാനി യുവാവ് കഞ്ചാവ് ലഹരിയിലായിരുന്നു. ഇന്ത്യക്കാരന്‍ മദ്യപിച്ചിരുന്നു.
ഇരുവരും സ്വന്തം രാജ്യത്തിന്റെ പേര് പറഞ്ഞാണ് തമ്മില്‍ തല്ലിയത്. ഇവര്‍ ലഹരിയിലാണെന്നറിയാതെ, കണ്ടുനിന്ന ചിലര്‍ പക്ഷം ചേര്‍ന്നു. അതേസമയം ആള്‍കൂട്ടത്തില്‍ വിവേകശാലികള്‍ ആയിരുന്നു ഏറെ. അതില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഉണ്ടായിരുന്നു. ലഹരിയിലായിരുന്ന രണ്ടുപേരെയും താക്കീത് ചെയ്തു പറഞ്ഞയച്ചു. രാജ്യസ്‌നേഹം പൊക്കിപ്പിടിച്ചാല്‍ എന്ത് തെമ്മാടിത്തരത്തിനും ന്യായീകരണമുണ്ടാകുമെന്ന മൂഢവിശ്വാസം ഇവിടെ ചെലവാകില്ലന്ന് തെളിഞ്ഞു.
ആള്‍കൂട്ടത്തില്‍ ഒന്നോ രണ്ടോ സമാധാന കാംക്ഷികള്‍ ഉണ്ടെങ്കില്‍ സമൂഹത്തിന് വലിയ ആശ്വാസമാണ്.
തൊഴിലാളി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ലഹരിമരുന്ന് വില്‍പനക്കാരും സാമൂഹിക വിരുദ്ധരും പ്രവര്‍ത്തിക്കുന്നത് യാഥാര്‍ഥ്യം. ചില സ്ഥലങ്ങളില്‍ അവധി ദിനങ്ങളില്‍ ഇവരുടെ വിളയാട്ടമാണ്. കാര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും മരുഭൂമിയിലെ ഒഴിഞ്ഞ കെട്ടിടങ്ങളിലും ഒളിഞ്ഞിരുന്ന് മദ്യപിക്കും. വാഗ്വാദങ്ങളും അടിപിടിയും പിന്നാലെ. പോലീസിന് ഇത് വലിയ തലവേദനയാണ്. മുമ്പ്, ഷാര്‍ജയിലെ ചില തൊഴിലാളി കേന്ദ്രങ്ങളില്‍ ഓരോ രാജ്യക്കാര്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയത് കൊലപാതകങ്ങളില്‍ കലാശിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചുവെങ്കിലും കണ്ണുവെട്ടിച്ച് ഇത്തരം സംഘങ്ങള്‍ ഇപ്പോഴും സജീവം. നാട്ടില്‍ നിന്ന് ഇവിടെയെത്തിയത് അധ്വാനിച്ച് കുടുംബത്തെയും നാടിനെയും സേവിക്കാനാണ്. മദ്യപിച്ച് പണം ധൂര്‍ത്തടിക്കാനല്ല. ഗള്‍ഫില്‍ മലയാളികള്‍ക്കിടയില്‍ വിവാഹമോചനത്തിന് പ്രധാന കാരണം ഭര്‍ത്താക്കന്മാരുടെ മദ്യപാനാസക്തിയാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നിട്ടും ഈ വിപത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇച്ഛാശക്തി വീണ്ടെടുക്കുകയാണ് ഇതിന് പരിഹാരം.

---- facebook comment plugin here -----

Latest