Connect with us

Kozhikode

കോടിയേരി അധികാരത്തിലിരുന്നപ്പോള്‍ ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷിക്കാന്‍ ശ്രമിച്ചു: മന്ത്രി

Published

|

Last Updated

കോഴിക്കോട്: അധികാരത്തിലിരുന്നപ്പോള്‍ ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷിക്കാന്‍ ശ്രമിച്ചയാളാണ് കോടിയേരി ബാലകൃഷ്ണനെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസില്‍ തെളിവുകൊണ്ടുവരാമെന്ന് ബിജു ഇപ്പോള്‍ പറയുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ എന്തിനാണ് തടയാന്‍ ശ്രമിക്കുന്നതെന്ന് ഡി സി സിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ തിരുവഞ്ചൂര്‍ ചോദിച്ചു.
കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ബിജ രാധാകൃഷ്ണനെതിരെ ഗാര്‍ഹിക പീഡന കേസെടുത്തത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടത്തിയ തുടരന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. അധികാരത്തിലിരുന്നപ്പോള്‍ ബിജുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ വീണ്ടും ബിജുവിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. തെളിവ് കൈയ്യിലുണ്ടെന്നാണ് എല്ലാവരെയും വെല്ലുവിളിച്ച് ബിജുരാധാകൃഷ്ണന്‍ പറയുന്നത്. എത്രയും പെട്ടന്ന് തെളിവ് ഹാജരാക്കാന്‍ കോടതിയും ആവശ്യപ്പെട്ടു. അപ്പോള്‍ സമയം വേണമെന്ന് ബിജു നിലപാട് മാറ്റി. ഈ അവസരത്തില്‍ കോടിയേരി നടത്തുന്ന പ്രസ്താവന അനുചിതമാണെന്ന് മനസ്സിലാക്കി തിരുത്താനാണ് ശ്രമിക്കേണ്ടത്. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ പ്രതിപക്ഷം ആയുധമാക്കുന്നത് ആരെയാണെന്ന് ആലോചിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
73 വയസ്സായ ഒരാളെക്കുറിച്ച് ശത്രുക്കള്‍ പോലും പറയാത്ത കാര്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കി എന്തിനാണ് പ്രതിപക്ഷം നാടകം കളിക്കുന്നത്. ഇത് സാംസ്‌കാരിക കേരളത്തിന് എതിരായ വെല്ലുവിളിയാണ്. പ്രതിപക്ഷം തീ കൊണ്ടാണ് കളിക്കുന്നതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.