Connect with us

Thiruvananthapuram

ദില്‍ഷാദ് വധം: എട്ട് ആര്‍ എസ് എസുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്

Published

|

Last Updated

തിരുവനന്തപുരം: ഡി വൈ എഫ് ഐ പെരിങ്ങമ്മല ജവഹര്‍ കോളനി യൂനിറ്റ് പ്രസിഡന്റും സി പി എം ജവഹര്‍ കോളനി ബ്രാഞ്ചംഗവുമായ ദില്‍ഷാദിനെ (23) വെട്ടിക്കൊലപ്പെടുത്തിയ എട്ട് ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി ഇന്ദിരയാണ് ശിക്ഷ വിധിച്ചത്. കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ കൊലപാതകമാണിതെന്ന് കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞു.
കേസിലെ ഒന്നാം പ്രതി പാങ്ങോട് ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍ 32ാം വീട്ടില്‍ ഗൗതകുമാര്‍, രണ്ടാം പ്രതി ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍ 18 സിന്ധുഭവനില്‍ ഗോപകുമാര്‍, മൂന്നാം പ്രതി ജവഹര്‍ കോളനി പിപി 13/53ല്‍ സുമേഷ്, നാലാം പ്രതി ലക്ഷംവീട് കോളനി 52ാം നമ്പര്‍ വീട്ടില്‍ കുഞ്ഞുമോന്‍ എന്ന സുനില്‍കുമാര്‍, ആറാം പ്രതി പാലോട് രജിതാ ഭവനില്‍ രഞ്ജന്റെ മകന്‍ ഗിരീഷ് കുമാര്‍, ഒമ്പതാം പ്രതി ജവഹര്‍ കോളനി പി പി 13/52ല്‍ സുധീഷ്, പത്താം പ്രതി ജവഹര്‍ കോളനി ടി ബിജി ആര്‍ ഐ ജംഗ്ഷന്‍ ബ്ലോക്ക് നമ്പര്‍ 21ല്‍ റിനീഷ് കുമാര്‍, 11-ാം പ്രതി സേനാനിപുരം ബ്ലോക്ക് നമ്പര്‍-28ല്‍ ബിജു എന്നിവര്‍ക്കാണ് ജീവപര്യന്തവും 4.95 ലക്ഷം രൂപയും ശിക്ഷ ലഭിച്ചത്.
കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍, മാരകായുധം കൈവശംവെക്കല്‍ തുടങ്ങിയ കേസുകള്‍ക്ക് വെവ്വേറെ ശിക്ഷ അനുഭവിക്കണം. ജീവപര്യന്തം കഠിന തടവും 4.95 ലക്ഷം രൂപയും കൊലപാതകക്കേസില്‍ മാത്രമാണ്. മറ്റു കേസുകളില്‍ ഒരു വര്‍ഷം തടവും കോടതി ശിക്ഷിച്ചു. 3.95 ലക്ഷം രൂപ ദില്‍ഷാദിന്റെ മാതാവിനും ഒരു ലക്ഷം രൂപ പരുക്കേറ്റ ഷിബുവിനും നല്‍കണം. തുക നല്‍കിയില്ലെങ്കില്‍ രണ്ട് വര്‍ഷംകൂടി ശിക്ഷ അനുഭവിക്കണം. 16 പ്രതികളെയാണ് കേസില്‍ പോലീസ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണക്കിടെ മരിച്ചു. ബാക്കി ഏഴുപേരെ വിവിധ കാലയളവില്‍ കേസില്‍ നിന്ന് ഒഴിവാക്കി.
പാലോട് എക്‌സ് സര്‍വീസ്‌മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 14ല്‍ പരേതനായ അബ്ദുല്‍ സമദിന്റെയും ഖദീജാ ബീവിയുടെയും മകനായ ദില്‍ഷാദിനെ 2004 ജൂലൈ 18ന് രാത്രിയാണ് ആര്‍ എസ് എസ് അക്രമിസംഘം വെട്ടിക്കൊന്നത്. ജവഹര്‍ കോളനിയില്‍ ആര്‍ എസ് എസുകാരുടെ ഗുണ്ടായിസവും അനാശാസ്യപ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകം. ആക്രമണത്തില്‍ ഡിവൈ എഫ് ഐ ജവഹര്‍ കോളനി യൂനിറ്റ് സെക്രട്ടറി ഷിബു (21)വിനും മാരകമായി പരുക്കേറ്റിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ എസ് വിജയകുമാരന്‍ നായര്‍, അഭിഭാഷകരായ കെ എസ് സുനില്‍, സൂരജ് നായര്‍, അനുരൂപ് ദേവരാജന്‍, സമ്പത്ത് വി ടോം എന്നിവര്‍ ഹാജരായി. പാലോട് സി ഐമാരായ ശ്യാമപ്രസാദ്, നന്ദനന്‍പിള്ള, റഫീഖ് എന്നിവരാണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

 

---- facebook comment plugin here -----

Latest