Connect with us

Kerala

അരുവിക്കരയില്‍ 76.31 ശതമാനം പോളിംഗ്‌

Published

|

Last Updated

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരെഞ്ഞടുപ്പിന്റെ സെമി ഫെെനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. വോട്ടിംഗ് സമയം അവസാനിച്ചപ്പോള്‍ 76.31 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ കനത്ത മഴയെ അവഗണിച്ച് പോളിംഗ് ബൂത്തുകളിലേക്ക് ജനം ഒഴുകുകയായിരുന്നു. സ്ത്രീകളാണു കൂടുതലായും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തിയത്.

ആര്യനാട് (78.90%), പൂവച്ചാല്‍ (76.28%), വെള്ളനാട് (76.73%), വിതുര (75.88%), ഉഴമലക്കല്‍ (75.54%), കുറ്റിച്ചാല്‍ (74.29%), തൊലിക്കോട് (74.12%), അരുവിക്കര (77.34%) എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള വോട്ടി്ഗ് നില.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.16 ശതമാനമായിരുന്നു പോളിംഗ്. 2011ല്‍ 70.29 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. അരുവിക്കരയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് 1987ലെ തിരഞ്ഞെടുപ്പിലാണ്. 77.3 ശതമാനമായിരുന്നു പോളിംഗ്.

എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണു വോട്ടെടുപ്പ്. കേന്ദ്ര സേനയും സംസ്ഥാന പോലീസും ഒരുക്കുന്ന കനത്ത സുരക്ഷാവലയത്തിന് നടുവിലാണ് വോട്ടെടുപ്പ് നടന്നത്. ഒറ്റപ്പെട്ട നേരിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു പോളിംഗ്. അരുവിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ടര്‍മാരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡിവൈ എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. വെള്ളനാടിന് സമീപം ചാങ്ങ ഗവ. എല്‍ പി സ്‌കൂളിലെ ബൂത്തില്‍ കറണ്ട് പോയതിനെ തുടര്‍ന്ന് പോളിംഗ് അല്‍പ്പസമയം നിര്‍ത്തിവെക്കേണ്ടിവന്നു.

മുപ്പതിനാണ് വോട്ടെണ്ണല്‍. ഇരുമുന്നണികള്‍ക്കും ജീവന്‍മരണപ്പോരാട്ടമാണെന്നത് കൊണ്ടുതന്നെ ശക്തമായ പിരിമുറക്കത്തിലാണ് നേതാക്കള്‍. സ്വതന്ത്രര്‍ ഉള്‍പ്പെടെ പതിനാറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.  വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിപ്പിച്ച് സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്.

എസ് ശബരീനാഥനും എം വിജയകുമാറും തമ്മിലാണ് പ്രധാന മത്സരം. അക്കൗണ്ട് തുറക്കാന്‍ ഒ രാജഗോപാലിനെ കളത്തിലിറക്കിയ ബി ജെ പിയും തികഞ്ഞ പ്രതീക്ഷയിലാണ്. പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയായി കെ ദാസും പി ഡി പിയുടെ പൂന്തുറ സിറാജും രംഗത്തുണ്ട്.

---- facebook comment plugin here -----

Latest