Connect with us

Kerala

പാഠപുസ്തക അച്ചടി: സമഗ്രാന്വേഷണം വേണമെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: പാഠപുസ്തകത്തിന്റെ അച്ചടി സ്വകാര്യപ്രസിന് നല്‍കിയതുമായി ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുട്ടികള്‍ക്ക് പാഠപുസ്തകം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
60 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് മൂന്ന് സര്‍ക്കാര്‍ പ്രസുകളെ നേരത്തെ ഏല്‍പ്പിച്ചത്. എന്നാല്‍ അച്ചടിക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചില്ല. സ്വകാര്യപ്രസുകള്‍ക്ക് ടെന്‍ഡര്‍ നല്‍കുന്നതിനായി അച്ചടി നിര്‍ത്തിവെപ്പിക്കുന്ന സ്ഥിതിയും ഉണ്ടായി. എന്നിട്ടും 11 ലക്ഷം പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസുകളില്‍ നിന്ന് അച്ചടിക്കുകയുണ്ടായി.
സംസ്ഥാനത്ത് പാഠപുസ്തക അച്ചടി ഏറ്റെടുത്തിരുന്ന കെ ബി പി എസില്‍ അച്ചടിക്കാന്‍ ചെലവാകുന്നതിനേക്കാള്‍ ആറിരട്ടി ഉയര്‍ന്ന തുകക്കാണ് കര്‍ണ്ണാടകത്തിലെ മണിപ്പാല്‍ പ്രസിന് കരാര്‍ നല്‍കിയത്. നേരത്തെ നല്‍കിയ കരാര്‍ പ്രകാരം ഒരു പുസ്തകം അച്ചടിക്കാന്‍ രണ്ടര രൂപ മുതല്‍ മൂന്ന് രൂപവരെയാണ് കെ ബി പി എസിന് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നിരക്ക് പ്രകാരം 9.50 രൂപ മുതല്‍ 17.50 രൂപവരെയാണ് സ്വകാര്യപ്രസിന് നല്‍കേണ്ടി വരുന്നത്. ഇതിലൂടെ നാലര കോടി രൂപ അധികമായി ചെലവിടണം.
സ്വകാര്യപ്രസുകള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികളും സുതാര്യതമല്ലെന്ന ആരോപണവുമുണ്ട്. അതിന്റെ ഫലമായി ഈ ടെന്‍ഡറില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയിട്ടും തഴയപ്പെട്ട അച്ചടി സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അഴിമതി കാണിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ പാഠപുസ്തകങ്ങളുടെ അച്ചടി നടക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. നേരത്തെ പ്ലസ് വണ്‍, പ്ലസ്ടു പാഠപുസ്തക അച്ചടി 20 കോടി രൂപക്ക് നല്‍കിയതിലും അഴിമതി ഉണ്ടെന്ന ആക്ഷേപമുണ്ട്.
പാഠപുസ്തകമില്ലാതെ വിദ്യാര്‍ഥികള്‍ പാഠങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട അവസ്ഥയാണ്. എസ് എസ് എല്‍ സി പരീക്ഷാഫലം അട്ടിമറിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിന് സാഹചര്യം സൃഷ്ടിച്ച സര്‍ക്കാര്‍ പാഠപുസ്തക കാര്യത്തിലും ഇത് ആവര്‍ത്തിക്കുകയാണെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

Latest