Connect with us

National

എ സി ബിയിലെ നിയമനം: ജംഗിനെതിരെ പുതിയ പോര്‍മുഖം തുറന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായി പുതിയ തര്‍ക്കത്തിന് വഴിതുറന്ന് ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അഴിമതിവിരുദ്ധ വിഭാഗത്തില്‍ ബീഹാറില്‍ നിന്നുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
മൂന്ന് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് ആന്റി കറപ്ഷന്‍ ബ്രാഞ്ചിലേക്ക് (എ സി ബി) ബീഹാറില്‍ നിന്ന് ഉള്‍പ്പെടുത്തിയത്. എ സി ബിയിലെ കടുത്ത ആള്‍ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍, ഇത്തരം നിയമനങ്ങള്‍ക്കുള്ള അധികാരം തനിക്കാണെന്ന ലഫ്. ഗവര്‍ണറുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ “കടമെടുക്ക”ലിന് പ്രാധാന്യമേറെയാണ്.
നിയമനങ്ങളിലും നിര്‍ണായക തീരുമാനങ്ങളിലും സര്‍ക്കാറും ലഫ്. ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറുടെ പക്ഷം ചേര്‍ന്നതോടെ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ഇതര മുഖ്യമന്ത്രിമാരെ കെജ്‌രിവാള്‍ സമീപിച്ചിരുന്നു. അഴുമതിവിരുദ്ധ ബ്യൂറോയുടെ അധികാര പരിധി സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാറിന് അനുകൂലമായി സുപ്രീം കോടതി ഉത്തരവിട്ടത് കെജ്‌രിവാളിന് കൂടുതല്‍ ഊര്‍ജം പകരുകയും ചെയ്തു. ഈ വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.
ലഫ്. ഗവര്‍ണറുടെ അധികാരം ശരിവെക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഫെഡറല്‍ സംവിധാനത്തിനെതിരായ കടന്നുകയറ്റമാണെന്ന് കാണിച്ച് ബീഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ക്ക് കെജ്‌രിവാള്‍ കത്തയച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായതിനാല്‍ എ സി ബിയെ സമാന്തര സേനയായി മാറ്റുകയാണ് ഡല്‍ഹി സര്‍ക്കാര്‍. എ സി ബിയിലേക്ക് ബീഹാറില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ എടുത്തത് വഴി ഡല്‍ഹി പോലീസ് വിഭാഗത്തെ ആശ്രയിക്കുന്നത് കുറക്കുകയാണ് ലക്ഷ്യം.
അതേസമയം, 24 ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം 600 പുതിയ ഉദ്യോഗസ്ഥരെ വിട്ടുതരണമെന്നാണ് എ സി ബി, ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നതര്‍ പ്രതികളായ നിരവധി കേസുകള്‍ എ സി ബി അന്വഷിക്കുന്നുണ്ട്. കെജ്‌രിവാള്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഈ വിഭാഗത്തിന് കൂടുതല്‍ സ്വാതന്ത്ര്യം കൈവന്നത്.

---- facebook comment plugin here -----

Latest