Connect with us

Gulf

വേഗം നിരീക്ഷിക്കാന്‍ സാലിക് ഗേറ്റ് ഉപയോഗപ്പെടുത്താന്‍ നീക്കം

Published

|

Last Updated

അബുദാബി: കടന്നുപോകുന്ന വാഹനങ്ങളുടെ വേഗം നിരീക്ഷിക്കാന്‍ കൂടി സാലിക് ഗേറ്റ് സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നു. അബുദാബി-ദുബൈ അതിര്‍ത്തിയിലെയും ജബല്‍ അലിയിലെയും സാലിക് ഗേറ്റുകളിലാവും സംവിധാനം ആദ്യം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുക. ദുബൈയിലെ താമസക്കാരനായ പോള്‍ ഹില്ലാണ് ഇതിനുള്ള ശുപാര്‍ശ അധികൃതര്‍ക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്.

2007ല്‍ ആര്‍ ടി എയാണ് ദുബൈയില്‍ സാലിക് ഒരു സംവിധാനത്തിന് തുടക്കമിട്ടത്. ടോള്‍ നല്‍കാന്‍ വാഹനങ്ങള്‍ വരിനില്‍ക്കുന്നത് ഗതാഗതക്കുരുക്കിനും സമയനഷ്ടത്തിനും ഇടയാക്കുന്നത് പരിഗണിച്ചായിരുന്നു ടോള്‍ ശേഖരിക്കാന്‍ ഗേറ്റുകള്‍ സ്ഥാപിച്ചത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സ്മാര്‍ട് സംവിധാനം വഴി കടന്നുപോകുന്ന ഓരോ വാഹനത്തിന്റെയും ചുങ്കം ഈടാക്കാന്‍ സാധിക്കും. വാഹനങ്ങളില്‍ ഒട്ടിക്കുന്ന പ്രത്യേക ടാഗില്‍ നിന്നാണ് തുക വസൂലാക്കുക. പ്രീപെയ്ഡായി പണം അടച്ച് റീ ചാര്‍ജ് ചെയ്യാവുന്ന സംവിധാനമായതിനാല്‍ സര്‍ക്കാറിന് ഒപ്പം ഉപഭോക്താക്കള്‍ക്കും സംവിധാനം ഏറെ സൗകര്യപ്രദമാണ്. ഈ ഗേറ്റുകളിലൂടെയും വാഹനങ്ങള്‍ കടന്നുപോകുന്ന സമയവും മൊത്തം ദൂരവും കണക്ക് കൂട്ടി റോഡില്‍ ശരാശരി എത്രവേഗത്തിലാണ് വാഹനം ഓടിയതെന്നും ഇത് റോഡില്‍ അനുവദിച്ചതിലും അധികമാണോയെന്നും അറിയാന്‍ സംവിധാനം പ്രാവര്‍ത്തികമാവുന്നതോടെ സാധിക്കും. ഇത്തരത്തില്‍ അനുവദനീയമായ വേഗത്തിലും കൂടിയ രീതിയില്‍ ഓടിയ വാഹനത്തിന് പിഴ ചുമത്താനും അധികാരികള്‍ക്ക് കഴിയും. കടന്നുവരുന്ന സാലിക് ഗേറ്റിലും കടന്നുപോവുന്ന സാലിക് ഗേറ്റിലും വാഹനം തിരിച്ചറിയുന്നതിലൂടെയാണ് ഇത് സാധ്യമാവുക.
സാലിക് എന്ന അറബി വാക്കിന് തടസം നീക്കുക എന്നാണ് അര്‍ഥം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും സാലിക് ഗേറ്റുകളില്‍ റെക്കാര്‍ഡ് ചെയ്യപ്പെടുന്നതിനാല്‍ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ് ഇതെന്നും ഗില്‍ വ്യക്തമാക്കി. മുഖ്യ റോഡുകളില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ആര്‍ ടി എ ദുബൈയില്‍ സാലിക് സംവിധാനം ഏര്‍പെടുത്തിയത്.

Latest