Connect with us

Gulf

യു എ ഇയില്‍ വിദേശികള്‍ക്ക് പൂര്‍ണമായി ഉടമസ്ഥാവകാശം അനുവദിക്കും

Published

|

Last Updated

ദുബൈ: വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യു എ ഇ യില്‍ വിദേശികള്‍ക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിക്കുന്ന നിയമം നടപ്പിലാക്കുമെന്ന് യു എ ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി വ്യക്തമാക്കി. ദുബൈയില്‍ അഞ്ചാമത് രാജ്യാന്തര നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പൂര്‍ണമായി വിദേശികള്‍ക്ക്് ഉടമസ്ഥാവകാശം ലഭിക്കുന്നത് ഫ്രീസോണിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്. മറ്റിടങ്ങളില്‍ സ്വദേശി പൗരന്‍മാരുടെ പങ്കാളിത്തത്തോടെ മാത്രമാണ് വിദേശികള്‍ക്ക് നിക്ഷേപം നടത്താന്‍ അനുവദിക്കുന്നത്. വിദേശികള്‍ക്ക് ഏറെ സഹായകമായ ഈ നിയമം എപ്പോള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ നിയമത്തിന് നീതിന്യായ മന്ത്രാലയം അംഗീകാരം നല്‍കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലായിരിക്കും ഇത്തരം നിക്ഷേപം കൂടുതല്‍ അനുവദിക്കുക. വിദേശ നിക്ഷേപത്തിന് ഏറെ സഹായം ചെയ്യുന്ന പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു എ ഇ യില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ വിദേശ നിക്ഷേപത്തില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന 10 പ്രമുഖ രാജ്യങ്ങളില്‍ യു എ ഇയും സ്ഥാനം പിടിച്ചിട്ടുണ്ട്.