Connect with us

National

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്: ഹസാരെ സമരം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ വിവാദ വിഷയമായ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ, അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവ് അന്ന ഹസാരെ ജന്തര്‍ മന്ദറില്‍ രണ്ട് ദിവസത്തെ പ്രതിഷേധ സത്യഗ്രഹമാരംഭിച്ചു. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വരുത്തിയ കര്‍ഷകവിരുദ്ധ ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹസാരെയുടെ പ്രതിഷേധം. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ അസം സര്‍ക്കാറും ശക്തിയായി എതിര്‍ക്കുന്നുണ്ട്. ഹസാരെയുടെ പ്രതിഷേധ സമരത്തിന് അസം സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രവാളുമായി ഭൂമി ഏറ്റെടുക്കല്‍ നിയമം സംബന്ധിച്ച് ഹസാരെ ചര്‍ച്ച നടത്തി. സമരത്തെ എ എ പി പിന്തുണക്കും. ജെ ഡി യു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമം കര്‍ഷകവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. “ഇത് അന്ന ഹസാരെയുടെ മാത്രം പ്രസ്ഥാനമല്ല. എല്ലാവരും ഈ പ്രസ്ഥാനത്തിന് പിന്തുണ നല്‍കുന്നുണ്ട്. രാജ്യത്തെ കര്‍ഷകരുടെ നില മെച്ചപ്പെടുത്താന്‍ തങ്ങള്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് ബി ജെ പിയുടെ പിന്തുണയുമുണ്ടായിരുന്നു” – അയ്യര്‍ പറഞ്ഞു.
ഓര്‍ഡിനന്‍സിലെ കര്‍ഷക ദ്രോഹ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ സമരമാരംഭിക്കുമെന്ന് ഹസാരെ മുന്നറിയിപ്പ് നല്‍കി. ഓര്‍ഡിനന്‍സിലെ കര്‍ഷക ദ്രോഹ വ്യവസ്ഥകള്‍ നാല് മാസത്തിനകം മാറ്റിയില്ലെങ്കില്‍ ജയില്‍ നിറക്കല്‍ പ്രക്ഷോഭവുമായി തങ്ങള്‍ വീണ്ടും രാം ലീല മൈതാനിയില്‍ സംഗമിക്കുമെന്ന് ഹസാരെ പറഞ്ഞു.
വ്യവസായത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമി അതിന് ഉപയോഗിക്കുന്നില്ലെങ്കില്‍ ഉടമക്ക് തന്നെ തിരിച്ചുനല്‍കണം. ബ്രിട്ടീഷുകാര്‍ ഭൂ നിയമം കൊണ്ടുവന്നത് നമ്മുടെ കര്‍ഷകരെ കൊള്ളയടിക്കാനാണ്. ഏറ്റെടുക്കുന്ന ഭൂമിയിലെ 70 ശതമാനം ജനങ്ങള്‍ ഭൂമി വിട്ടുകൊടുക്കുന്നതിന് എതിരാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് ഭൂ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതാണ് മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഹസാരെ ആഹ്വാനം ചെയ്തു.

---- facebook comment plugin here -----

Latest