Connect with us

Ongoing News

മുഖ്യമന്ത്രി വീണ്ടും ജനസമ്പര്‍ക്ക പരിപാടിക്കൊരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ജനസമ്പര്‍ക്ക പരിപാടിക്കൊരുങ്ങുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനായി നടത്തിയ രണ്ട് പരിപാടികളും വിജയകരമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
ഏത് സമയത്താണ് പരിപാടി നടത്തേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ പത്ത് ജില്ലകളില്‍ നൂറ്ശതമാനം തുടര്‍ നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രണ്ട് ജില്ലകളില്‍ 97 ശതമാനം പൂര്‍ത്തിയായി. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയുടെ ഫലം വിലയിരുത്താന്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതായും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ 2011 ല്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച 73,517 അപേക്ഷകളില്‍ 69,333 എണ്ണത്തിന് സഹായധനം അനുവദിച്ചു. 2013 ല്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രിക്ക് ലഭിച്ച 3,21,019 പരാതികളില്‍ 3,12,997 എണ്ണവും തീര്‍പ്പാക്കുകയുണ്ടായി.
മേല്‍വിലാസത്തിലെ അവ്യക്തത, ആവശ്യമായ രേഖകളുടെ അഭാവം, സാങ്കേതിക കാരണങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ചില ജില്ലകളില്‍ നൂറ് ശതമാനം പ്രശ്‌നപരിഹാരം സാധ്യമാകാത്തത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇവയില്‍ തീരുമാനം ഉണ്ടാകും. ഈ മാസം അഞ്ച് വരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്കുകള്‍.

Latest