Connect with us

Gulf

യു എ ഇ ചരിത്രം അവതരിപ്പിക്കും

Published

|

Last Updated

അബുദാബി: ഇത്തവണത്തെ ഖസ്ര്‍ അല്‍ ഹുസ്ന്‍ മേളയില്‍ യു എ ഇ ചരിത്രത്തിന്റെ സമഗ്രചിത്രം അവതരിപ്പിക്കപ്പെടും. സദസ്യരുടെ ഓര്‍മകളും അനുഭവങ്ങളും ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണ് ഉദ്ദേശിക്കുന്നതെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അറിയിച്ചു. അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയുടെ (എ ഡി ടി സി) സാംസ്‌കാരിക പൈതൃകോത്സവമായ ഖസ്ര്‍ അല്‍ ഹുസ്ന്‍ ആഘോഷം 11 മുതല്‍ 21 വരെ യാണ് നടക്കുക.
അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തിലാണ് മേള. പത്തു ദിനരാത്രങ്ങളിലായി രാജ്യത്തിന്റെ കലാ-സാംസ്‌കാരിക തനിമയുടെ കേളികൊട്ടും അറേബ്യന്‍ സംസ്‌കൃതിയുടെ പരമ്പരാഗത വിളംബരവും അരങ്ങേറും. അബുദാബിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ കേന്ദ്ര സ്ഥാനമാണ് ഖസ്ര്‍ അല്‍ ഹുസ്ന്‍. ഇമാറാത്തി ചരിത്രത്തിന്റെ സമ്പന്നമായ ഭൂതകാലത്തിന്റെ പ്രതീകവുമാണത്.
രാജ്യത്തിന്റെ പാരമ്പര്യവും മഹിമയും തലമുറകളിലേക്ക് പകരുന്ന അവസരമായാണ് മേളയെ കാണുന്നതെന്ന് എ ഡി ടി സി എ ചെയര്‍മാനും മേളയുടെ മുഖ്യ സംഘാടകനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ പറഞ്ഞു.

Latest