Connect with us

Ongoing News

ടര്‍ഫില്‍ തെന്നി കേരള ഹോക്കി

Published

|

Last Updated

കൊല്ലം: നിരന്തരവും കാര്യക്ഷമവുമായ പരിശീലനം നല്‍കി ഹോക്കി മത്സരത്തിന് കേരള ടീമിനെ സജ്ജമാക്കുന്നതില്‍ അധികൃതര്‍ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ച. മതിയായ പരിശീലനത്തിന്റെ അഭാവം കാരണം പുരുഷ- വനിതാ ടീമുകള്‍ക്ക് ഹോക്കി മത്സരത്തില്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് ദയനീയമായ പരാജയം. കൊല്ലം ആശ്രാമത്തെ ആസ്‌ട്രോ ടര്‍ഫ് സ്റ്റേഡിയത്തിലാണ് ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള ഹോക്കി മത്സരങ്ങള്‍ നടന്നുവരുന്നത്. ടര്‍ഫ് വിരിച്ച മൈതാനിയില്‍ ഹോക്കി കളിച്ച മുന്‍പരിചയം ഇല്ലാത്ത കേരള താരങ്ങള്‍ക്ക് എതിരാളികളുടെ ഗോള്‍വല ചലിപ്പിക്കാന്‍ ലഭിച്ച പല സുവര്‍ണാവസരങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. കളിയുടെ മിക്ക സമയങ്ങളിലും കേരളത്തിന്റെ താരങ്ങള്‍ കാല്‍വഴുതി വീഴുന്ന കാഴ്ചയാണ് കണ്ടത്.
ദേശീയ ഗെയിംസിന്റെ ആദ്യദിവസം നടന്ന പുരുഷ വിഭാഗം ഹോക്കി മത്സരത്തില്‍ ഝാര്‍ഖണ്ഡ് 10 ഗോളുകള്‍ക്കാണ് കേരളത്തെ മലര്‍ത്തിയടിച്ചത്. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ, കേരള ടീമിന്റെ ക്യാപ്ടന്‍ കേരള പോലീസിലെ ജി എല്‍ പ്രവീണ്‍കുമാറാണ് ഒരു ഗോള്‍ നേടി കേരളത്തിന്റെ മാനം കാത്തത്. വനിതാ വിഭാഗം മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം ഒഡീഷയുടെ മുന്നില്‍ കീഴടങ്ങിയത്.
ഹോക്കിക്ക് നിരന്തരമായ പരിശീലനം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന അഭിപ്രായമാണ് കേരളത്തിന്റെ ക്യാപ്ടന്‍ പ്രവീണ്‍കുമാറിനുള്ളത്. കൃത്രിമ ടര്‍ഫില്‍ കളിച്ചു പരിചയമില്ലാത്തവരാണ് തങ്ങളെന്ന് പ്രവീണ്‍ പറയുന്നു. സാധാരണ ഗതിയില്‍ ഒരു മാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി സ്റ്റേഡിയങ്ങള്‍ കളിക്കാര്‍ക്ക് പരിശീലനത്തിന് കൈമാറുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ മാത്രമേ ടര്‍ഫ് വിരിച്ച സ്റ്റേഡിയത്തില്‍ കളിച്ച് പരിചയം ലഭിക്കുകയുള്ളൂ-പ്രവീണ്‍കുമാര്‍ പറയുന്നു. കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചത് ഉദ്ഘാടനച്ചടങ്ങിന്റെ തലേദിവസം മാത്രമാണ്. 20 ദിവസം തിരുനെല്‍വേലിയില്‍ കൃത്രിമ ടര്‍ഫില്‍ ടീം പരിശീലനം നടത്തിയിരുന്നു. അവിടെയുള്ള ടര്‍ഫ് തീരെ മോശമാണ്. ഇന്ത്യയിലെ തന്നെ മികച്ച അഞ്ച് കൃത്രിമ ടര്‍ഫ് മൈതാനങ്ങളെടുത്താല്‍ അതിലൊന്നാണ് കൊല്ലം ആശ്രാമത്തെ ഹോക്കി സ്റ്റേഡിയം. എന്നാല്‍, ഇത് സെറ്റായി വരുന്നതേയുള്ളൂ. അതിന് 15 മത്സരങ്ങളെങ്കിലും കളിക്കണം.
കേരളത്തിന്റെ ഹോക്കി ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ വസ്തുതയില്ലെന്ന് ടീം ക്യാപ്ടന്‍ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓപ്പണ്‍ ട്രയല്‍സ് നടത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ഹോക്കിയെ സ്‌നേഹിക്കുന്നെങ്കില്‍ ടീമിന്റെ മനോ ധൈര്യം കെടുത്താതെ പ്രോത്സാഹനം നല്‍കാനാണ് തയ്യാറാകേണ്ടത്. എന്നാല്‍ കഴിഞ്ഞ കളിയില്‍ കാണികളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ലെന്നാണ് കളിക്കാരുടെ പരാതി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സുരക്ഷാ ടീമിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍കുമാര്‍. പി എസ് സി പരീക്ഷയെഴുതിയാണ് പോലീസില്‍ ജോലി കിട്ടിയത്. കേരള പോലീസിന് ഇപ്പോഴും സ്വന്തമായി ഹോക്കി ടീമില്ല. അന്യ സംസ്ഥാനങ്ങളിലെ പോലീസ് സേനക്ക് സ്വന്തമായി ഹോക്കി ടീം ഉണ്ടെന്നിരിക്കെ കേരളാ പോലീസിന് ഇതുവരെയും സ്വന്തമായ ഹോക്കി ടീം ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ശക്തമായ ഹോക്കി ടീം ഉള്ളത് പഞ്ചാബ് പോലീസിനാണ്. ഇന്ന് രാവിലെ 9.30ന് നടക്കുന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഉത്തര്‍പ്രദേശിനെയാണ് കേരളം നേരിടുന്നത്.

Latest