Connect with us

Kozhikode

നാദാപുരം ഡി വൈ എസ് പി ഓഫീസ് ഉദ്ഘാടനം രണ്ടാമതും മുടങ്ങി

Published

|

Last Updated

നാദാപുരം: നാദാപുരം ഡി വൈ എസ് പി ഓഫീസിന്റെ ഉദ്ഘാടനം വീണ്ടും മുടങ്ങി. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഇതുവരെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നില്ല. രണ്ട് മാസം മുമ്പ് ഉദ്ഘാടനം നടത്താന്‍ തീരുമാനിക്കുകയും സ്വാഗത സംഘം രൂപവത്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വാഗത സംഘത്തില്‍ കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാഞ്ഞത് വിവാദമായതിനെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെച്ചു.
വീണ്ടും ഉദ്ഘാടനം നീളുന്നതിനിടയില്‍ കഴിഞ്ഞ ദിവസം എടച്ചേരി സ്റ്റേഷനില്‍ ലൈബ്രറി ഉദ്ഘാടനത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയപ്പോള്‍ നാദാപുരത്തെ ഡി വൈ എസ് പി ഓഫീസ്, ജനമൈത്രീ റിസോഴ്‌സ് സെന്റര്‍, ഡോര്‍മിറ്ററി എന്നിവ ഉദ്ഘാടനം ചെയ്യാത്ത കാര്യം ഇ കെ വിജയന്‍ എം എല്‍ എയും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ഉടന്‍ മന്ത്രി തന്നെയാണ് 21 ന് ഉദ്ഘാടനം ചെയ്യാമെന്നറിയിച്ചത്.
കമാനം, സ്റ്റേജ് ഉള്‍പ്പെടെ മുഴുവന്‍ പൂര്‍ത്തിയാക്കിയതിനിടയിലാണ് ഇന്നലെ വൈകീട്ട് ചെന്നിത്തലയുടെ പരിപാടി ഫിബ്രവരി ആറിലേക്ക് മാറ്റിയതായി സന്ദേശമെത്തിയത്.
സന്ദേശമെത്തുമ്പോഴും നാദാപുരം സ്റ്റേഷന്‍ പരിസരത്ത് വേദിയുടെയും പന്തലിന്റെയും അവസാന മിനുക്ക് പണി നടക്കുകയായിരുന്നു. പോലീസുകാര്‍ക്കും സംഘാടകര്‍ക്കും ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാനുള്ള ഒരുക്കം സജീവമായി തുടരുകയായിരുന്നു. ചടങ്ങ് മുടങ്ങിയത് ഏറെ സാമ്പത്തിക നഷ്ടത്തിനും കാരണമായി.

---- facebook comment plugin here -----

Latest